
ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിൽ ഡൽഹി ക്യാപ്റ്റനായ അക്‌സർ പട്ടേലിനും കൊൽക്കത്ത ക്യാപ്റ്റനായ അജിങ്ക്യാ രഹാനെക്കും പരിക്കേറ്റിരുന്നു. ഇരുവരും മത്സരത്തിനിടയിൽ ഗ്രൗണ്ടിൽ നിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും അടുത്ത മത്സരത്തിൽ കളിക്കാമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.
10 മത്സരങ്ങളിൽ നിന്ന് 297 റൺസുമായി ഈ സീസണിൽ കെകെആറിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ രഹാനെയ്ക്ക് ഫീൽഡ് ചെയ്യുന്നതിനിടെയാണ് കൈക്ക് പരിക്കേറ്റത്. തുടർന്ന് താരം ഗ്രൗണ്ടിൽ നിന്ന് കയറിപോകുകയും ചെയ്തു. ശേഷം സുനിൽ നരെയ്ൻ താൽക്കാലിക ക്യാപ്റ്റനായി റോൾ നിർവഹിക്കുകയും ചെയ്തു.
ഫീൽഡിങിനിടെയാണ് ഡൽഹി ക്യാപ്റ്റൻ അക്‌സർ പട്ടേലിനും പരിക്കേറ്റത്. അടുത്ത മത്സരത്തിന് ഇനിയും നാല് ദിവസം ബാക്കിയുണ്ടെന്നും അത് കൊണ്ട് തന്നെ സുഖം പ്രാപിക്കുമെന്നാണ് കരുത്തുന്നതെന്നും വാർത്താ സമ്മേളനത്തിൽ അക്‌സർ പറഞ്ഞു.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 14 റൺസിന് തോൽപ്പിച്ചു. ഇതോടെ പ്ളേ ഓഫ് സാധ്യത കൊൽക്കത്ത നിലനിർത്തി. മത്സരത്തിൽ കൊൽക്കത്ത നേടിയ 204 റൺസിന്റെ ടോട്ടൽ പിന്തുടർന്ന ഡൽഹിയുടെ മറുപടി 190 റൺസിൽ അവസാനിക്കുകയായിരുന്നു.
ഡൽഹിക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 62 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ 43 റൺസും നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച് വിപ്രജ് നിഗവും പ്രതീക്ഷ നൽകിയെങ്കിലും 38 റൺസ് നേടി പുറത്തായി. മറ്റാർക്കും തിളങ്ങാനായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ടും വിക്കറ്റുകൾ നേടി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി രഘുവൻഷി 32 പന്തിൽ 44 റൺസും റിങ്കു സിങ് 36 റൺസും നേടി. റഹ്‌മാനുള്ള ഗുർബാസ് 26 റൺസും സുനിൽ നരെയ്ൻ 27 റൺസും അജിങ്ക്യാ രഹാനെ 26 റൺസും നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്നും അക്‌സർ പട്ടേലും വിപ്രജ് നിഗവും രണ്ട് വിക്കറ്റ് വീതവും നൽകി.
Content Highlights: injury updates; kolkata knight riders and delhi capitals captians axar patel and ajinkya rahane