
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ചേതേശ്വര്‍ പുജാരയെ ഒഴിവാക്കാന്‍ സഹതാരം ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. പുജാരയുടെ ഭാര്യ പൂജ പബാരി 'ദി ഡയറി ഓഫ് എ ക്രിക്കറ്റര്‍സ് വൈഫ്' (The Dairy of a Cricketer's wife) എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2018-2019 ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെയാണ് സംഭവം നടന്നത്.
'ഓസ്‌ട്രേലിയയ്‌ക്കെതിരെ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പുജാര രണ്ട് ഇന്നിങ്‌സിലുമായി 28 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. ഈ മത്സരത്തിന് പിന്നാലെ പുജാരയ്ക്ക് ചെറിയ പരിക്കും ഉണ്ടായിരുന്നു. നാട്ടിലെ ആശുപത്രിയില്‍ പുജാരയുടെ പിതാവ് ചികിത്സയിലുമായിരുന്നു. രണ്ടാം ടെസ്റ്റിന് ശേഷമുള്ള മൂന്ന് ദിവസത്തെ ഇടവേള അവൻ റൂമില്‍ തന്നെയായിരുന്നു. ഈ സമയത്ത് പരിക്കിനുള്ള ചികിത്സയും താരം തേടിയിരുന്നു. ഇടയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ ആരോ ഫോണില്‍ സംസാരിക്കുന്നത് പുജാര കേട്ടിരുന്നു. പുജാര പരിക്കിന്റെ പിടിയിലാണെന്നും അടുത്ത മത്സരത്തില്‍ തന്റെ ഭര്‍ത്താവ് ടീമില്‍ വേണ്ടെന്നും അയാള്‍ ഫോണിൽ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സംഭാഷണം കേട്ടതിന്റെ യാതൊരു ലക്ഷണവും പുജാര പുറത്തുകാണിച്ചില്ല. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവൻ ആരോടും സംസാരിച്ചില്ല.' പൂജ തന്റെ പുസ്തകത്തില്‍ ഇപ്രകാരം എഴുതി.
'ഓസീസ് പരമ്പര കഴിഞ്ഞ് പുജാരയുടെ അടുത്ത ജന്മദിനത്തിലാണ് ഈ സംഭവം ഞാന്‍ അറിഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ ലഭിച്ച ജന്മദിനാശംസകള്‍ ഞാന്‍ പുജാരയെ വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. എത്ര മനോഹരമായ ജന്മദിനാശംസകൾ എന്ന് ഞാൻ പറയുന്നുണ്ടായിരുന്നു. പക്ഷേ അവൻ ഒന്നും മിണ്ടിയില്ല. നോക്കിയപ്പോള്‍ പുജാരയുടെ മുഖത്ത് വ്യത്യസ്തമായ ഒരു ഭാവമായിരുന്നു. എന്താണ് പ്രശ്‌നമെന്നറിയാന്‍ എനിക്ക് പുജാരയെ ഒരുപാട് നിര്‍ബന്ധിക്കേണ്ടി വന്നു.'
'ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച രഹസ്യങ്ങള്‍ പലപ്പോഴും ഞാന്‍ അറിയുന്നത് പുജാരയില്‍ നിന്നല്ല. മറ്റ് കളിക്കാരുടെ ഭാര്യമാരില്‍ നിന്നുമാണ്. പരിശീലനം, ടീം മീറ്റിങ്, റൂമിലേക്ക് തിരികെ മടങ്ങി… ഈ മൂന്ന് കാര്യങ്ങൾ മാത്രമാണ് പുജാര വര്‍ഷങ്ങളോളം എന്നോട് സംസാരിച്ചിരുന്നത്. എല്ലാ കാര്യങ്ങളും പുജാര എന്നോട് സംസാരിക്കുമായിരുന്നു. എന്നാല്‍ തൊഴിലിനെക്കുറിച്ച് ഒന്നും പറയില്ല. ചുറ്റുമുള്ള ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് പുജാര അറിയുന്നുണ്ടോ? ഞാന്‍ പലപ്പോഴും ഇങ്ങനെ സംശയിച്ചിട്ടുണ്ട്.' പുജ തന്റെ പുസ്തകത്തില്‍ ഇപ്രകാരം എഴുതി.
'ഇത്തവണ ഒഴിഞ്ഞുമാറാന്‍ ഞാന്‍ പുജാരയെ അനുവദിച്ചില്ല. എന്താണ് കാര്യമെന്ന് ഞാൻ ചോദിച്ചു. എനിക്ക് ജന്മദിനാശംസകള്‍ നല്‍കിയെന്ന പേരില്‍ നീ പ്രശംസിച്ച ഈ വ്യക്തി, അയാൾ ഇന്ത്യൻ ടീമിൽ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നു. പുജാര വെളിപ്പെടുത്തി. എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞില്ല. എന്തിനാണ് എല്ലാം ഒറ്റയ്ക്ക് സഹിക്കുന്നത്. ഞാന്‍ പുജാരയോട് ചോദിച്ചു. ഇങ്ങനെ ഒക്കെ സംഭവിക്കും. എല്ലാത്തിനും പ്രതികരിക്കേണ്ടതില്ല. ഓസ്ട്രേലിയയിൽ ഞാന്‍ നന്നായി കളിച്ചിരുന്നു. അതാണ് പ്രധാനം. മോശം സംഭവങ്ങൾ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും സമൂഹ മാധ്യമങ്ങളിലെ എല്ലാ കാര്യങ്ങളും വിശ്വസിക്കേണ്ടതില്ല. ഈ പാഠം വലുതാണ്. ഇതായിരുന്നു പുജാരയുടെ മറുപടി.' പൂജ തന്റെ പുസ്തകത്തില്‍ വിശദീകരിച്ചു.
Content Highlights: Cheteshwar Pujara wanted to be dropped, Wife Makes Revelation