
രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറുമായി ബിഹാർ. ഹരിയാനയ്ക്കെതിരായ മത്സരത്തിൽ ബിഹാർ സംഘം ആദ്യ ഇന്നിംഗ്സിൽ വെറും 78 റൺസിൽ ഓൾ ഔട്ടായി. 2018ൽ ഉത്തരാഖണ്ഡ് സ്കോർ ചെയ്ത 60 റൺസാണ് രഞ്ജി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ. പത്താമനായി ക്രീസിലെത്തി 29 റൺസെടുത്ത അനുജ് രാജാണ് ബിഹാർ നിരയിലെ ടോപ് സ്കോറർ.
മത്സരത്തിന്റെ ആദ്യ ദിവസത്തിലെ ഒന്നാം സെഷനിൽ തന്നെ ബിഹാർ സംഘം ഓൾ ഔട്ടായി. 28.3 ഓവർ മാത്രമാണ് ബിഹാറിന് ബാറ്റ് ചെയ്യാൻ സാധിച്ചത്. ഹരിയാനയ്ക്കായി അമൻ കുമാർ മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്സ് മറുപടി പറയുന്ന ഹരിയാനയും ബാറ്റിങ് തകർച്ച നേരിടുകയാണ്. 26 ഓവർ ബാറ്റ് ചെയ്ത ഹരിയാന സംഘം നാല് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്.
രഞ്ജി ട്രോഫിയിൽ മറ്റൊരു മത്സരത്തിൽ കേരളം പഞ്ചാബിനെ നേരിടുകയാണ്. ആദ്യ ദിനം മഴമൂലം മത്സരം തടസപ്പെട്ടപ്പോൾ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ്. കേരളത്തിനായി ആദിത്യ സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 28 റൺസെടുത്ത് പുറത്തായ അൻമോൾ പ്രീത് സിങ്ങും 28 റൺസുമായി ക്രീസിൽ തുടരുന്ന രമൺദീപ് സിങ്ങുമാണ് ടോപ് സ്കോറർമാർ.
Content Highlights: Bihar recorded second lowest total in Ranji Trophy history