
ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ മുന്നോട്ടുവെച്ച 273 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റുവീശുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. മത്സരത്തിൽ അഫ്ഗാന്റെ നാല് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയാണ്. ഇപ്പോൾ ബുമ്രയുടെ ആദ്യ വിക്കറ്റ് സെലിബ്രേഷനാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
Jasprit bumrah hits the Marcus Rashford celebration after getting wicket.#INDvsAFG pic.twitter.com/PIPWc7BOGV
— ° (@imGurjar_) October 11, 2023
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർകസ് റാഷ്ഫോർഡിന്റെ ഗോളാഘോഷത്തെ ഓർമ്മിപ്പിക്കുന്ന പോലെയായിരുന്നു ബുമ്ര തന്റെ ആദ്യ വിക്കറ്റ് ആഘോഷിച്ചത്. ആറാം ഓവറിൽ ഇബ്രാഹിം സദ്രാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോളാണ് ബുമ്ര റാഷ്ഫോർഡിനെ അനുകരിച്ചത്. വലത്തേ കൈയുടെ ചൂണ്ടുവിരൽ നെറ്റിയിലേക്ക് ചൂണ്ടി തലകുനിച്ച് നിന്ന് ചിരിക്കുകയാണ് ബുമ്ര ചെയ്തത്. നിരവധി പേരാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തുന്നത്.
മത്സരത്തിൽ നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. എന്നാൽ നാലാം വിക്കറ്റിൽ ഒരുമിച്ച ഹഷ്മത്തുള്ള ഷഹീദി- അസ്മത്തുള്ള ഒമർസായി സഖ്യം നടത്തിയ രക്ഷാപ്രവർത്തനം പൊരുതാനുള്ള ടോട്ടൽ സമ്മാനിച്ചു. 88 പന്തിൽ നിന്ന് 80 റൺസെടുത്ത ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. 69 പന്തുകളിൽ നിന്ന് ഒമർസായ് 62 റൺസും അടിച്ചു. ഒരു ഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിച്ച അഫ്ഗാനെ പക്ഷേ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു.