സ്വന്തം ശക്തിയെന്തെന്ന് സിറാജ് തിരിച്ചറിയണം; അതു മറക്കരുതെന്ന് ആശിഷ് നെഹ്റ
''സിറാജ് തന്റെ ശക്തിയെന്താണെന്ന് ഒരിക്കലും മറക്കരുത്. മികച്ച പേസും ഔട്ട്സ്വിങ്ങറുകളും സിറാജിന്റെ ബൗളിങ്ങില്‍ കണ്ടു. ഔട്ട്സ്വിങ്ങറുകളാണ് അവന്റെ ശക്തി. എന്നാല്‍ കൂടുതല്‍ ഔട്ട്സ്വിങ്ങറുകള്‍ പ്രയോഗിക്കാന്‍ സിറാജ് ശ്രമിച്ചില്ല. പക്ഷേ ലഭിച്ച അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ അവനായി''
12 Sep 2021 7:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തിന് അപ്രതീക്ഷിത ക്ലൈമാക്സാണ് ഉണ്ടായത്. കോവിഡ് ഭീതിയെത്തുടര്‍ന്ന് പരമ്പര പാതിവഴിയില്‍ നിര്‍ത്തിവച്ചതോടെ 2007-നു ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഒരു പരമ്പര ജയം എന്ന ടീം ഇന്ത്യയുടെ സ്വപ്നം മാത്രം ബാക്കിയായി. എന്നാല്‍ ഇംഗ്ലണ്ടില്‍ ഇക്കുറി മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ചവച്ചത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും പേസ് ബൗളിങ് നിരയും മിന്നുന്ന പ്രകടനങ്ങളിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പേസ് നിരയില്‍ എല്ലാവരും തന്നെ ഉജ്ജ്വല ഫോമില്‍ ആയിരുന്നു. ജ്സ്പ്രീത് ബുംറ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍ തുടങ്ങിയവര്‍ മികച്ച പിന്തുണയുമായി ഒപ്പം നിന്നു. ഈ പേസ് പടയെ അഭിനന്ദനം കൊണ്ടു മൂടുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ടീം ഇന്ത്യയുടെ ബൗളിങ് നിരയെ വാതോരാതെ പ്രശംസിച്ച നെഹ്റ യുവതാരം മുഹമ്മദ് സിറാജിന് വ്യക്തമായ ഒരു ഉപദേശം നല്‍കാനും മറന്നില്ല. സിറാജ് തന്റെ ശക്തിയെന്താണെന്നു കൃത്യമായി മനസിലാക്കണമെന്നും അതിനനുസരിച്ചു പ്രവര്‍ത്തിക്കണമെന്നുമാണ് നെഹ്റ പറഞ്ഞത്.
'സിറാജ് തന്റെ ശക്തിയെന്താണെന്ന് ഒരിക്കലും മറക്കരുത്. മികച്ച പേസും ഔട്ട്സ്വിങ്ങറുകളും സിറാജിന്റെ ബൗളിങ്ങില്‍ കണ്ടു. ഔട്ട്സ്വിങ്ങറുകളാണ് അവന്റെ ശക്തി. എന്നാല്‍ കൂടുതല്‍ ഔട്ട്സ്വിങ്ങറുകള്‍ പ്രയോഗിക്കാന്‍ സിറാജ് ശ്രമിച്ചില്ല. പക്ഷേ ലഭിച്ച അവസരങ്ങള്‍ നന്നായി ഉപയോഗിക്കാന്‍ അവനായി''- നെഹ്റ പറഞ്ഞു. ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ സിറാജിന്റെ പ്രകടനം അനുപമമായിരുന്നുവെന്നും കൂടുതല്‍ പരിചയസമ്പത്ത് ലഭിച്ചാല്‍ സിറാജ് ലോകോത്തര ബൗളറായിത്തീരുമെന്നും നെഹ്റ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫിറ്റ്നെസ് കാര്യമായി ശ്രദ്ധിക്കണമെന്നും നെഹ്റ ഉപദേശിച്ചു.
''ദീര്‍ഘനേരം പന്തെറിയാന്‍ സിറാജിനു സാധിക്കും. അവന് തുടങ്ങിയപ്പോഴുള്ള പ്രകടനവും ഇപ്പോള്‍ നടത്തുന്ന പ്രകടനവും ശ്രദ്ധിക്കൂ. 100 ശതമാനം മത്സരത്തിനായി നല്കുന്ന താരമാണവന്‍. ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ ഭാവി അവനെപ്പോലുള്ളവരുടെ കൈകളിലാണ്. അതിനാല്‍ കൃത്യമായി വിശ്രമവും ഇടവേളകളും നല്‍കണം. ഫിറ്റ്നെസ് പ്രധാനമാണ്''- നെഹ്റ കൂട്ടിച്ചേര്‍ത്തു.