Top

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയങ്കരമായിരുന്നു..

വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വേട്ടക്കാരനെങ്കില്‍ ഡേവിഡ് വാര്‍ണറിനെ അക്ഷരം തെറ്റാതെ അങ്ങനെ വിളിക്കാം.

15 Nov 2021 7:12 AM GMT
ശ്യാം ശശീന്ദ്രന്‍

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയങ്കരമായിരുന്നു..
X

ഒരുമാസം മുമ്പ് ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ ഒരു ചിത്രമുണ്ടായിരുന്നു... യു.എ.ഇയിലെ ഒരു ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഇരുന്നു ടീമിന്റെ പതാക വീശുന്ന ഡേവിഡ് വാര്‍ണറിന്റെ ചിത്രം... പിന്നില്‍ നിന്നു ചതിക്കപ്പെട്ടു രാജ്യവും കിരീടവും നഷ്ടമായ രാജാവിന്റെ ദൈന്യതയായിരുന്നു അന്ന് ആ മുഖത്ത്. നിരാശയോടെയിരുന്ന അതേ മണ്ണില്‍നിന്ന് ഒരു മാസത്തിനിപ്പുറം വാര്‍ണര്‍ മറ്റൊരു ചിത്രം സമ്മാനിച്ചു. വീഴ്ച ആഗ്രഹിച്ചവരുടെയും വിമര്‍ശകരുടെയും വായടപ്പിച്ച പ്രകടനത്തിനൊടുവില്‍ വിജയഭേരി മുഴക്കുന്ന തികഞ്ഞ യോദ്ധാവിന്റെ ചിത്രം...

വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ വേട്ടക്കാരനെങ്കില്‍ ഡേവിഡ് വാര്‍ണറിനെ അക്ഷരം തെറ്റാതെ അങ്ങനെ വിളിക്കാം. കാരണം ടി 20 ലോകകപ്പിന് എത്തുമ്പോള്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ തലവേദനയായിരുന്നു അദ്ദേഹത്തിന്റെ മോശം ഫോം.

ലോകകപ്പിനു തൊട്ടു മുമ്പ് നടന്ന ഐ.പി.എല്ലില്‍ റണ്‍സ് കണ്ടെത്താനാകാതെ വിഷമിച്ച വാര്‍ണര്‍ ഉടന്‍ കളി നിര്‍ത്തുമെന്നു വരെ അഭ്യൂഹങ്ങള്‍ ഉയരുന്നു. മോശം ഫോമും പ്രായക്കൂടുതലും ചൂണ്ടിക്കാട്ടി ഒരിക്കല്‍ നായകനായിരുന്ന താരത്തെ ഐ.പി.എല്‍. ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായക സ്ഥാനത്തുനിന്നും ഒടുവില്‍ ടീം ഇലവനില്‍ നിന്നും ചവുട്ടി പുറത്താക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ടീം മാനേജ്‌മെന്റിന്റെയും ഒഫീഷ്യലുകളുടെയും പിന്തുണ ലഭിക്കാതെ പോയ നിരാശയില്‍ സ്‌റ്റേഡിയത്തിലേക്കു പോലും വരാതെ ഹോട്ടല്‍ മുറിയില്‍ അടിച്ചിരുന്ന ദിനങ്ങള്‍. എത്ര വലിയ പ്രൊഫഷണല്‍ താരമായാലും മനസ് ഇടിഞ്ഞു പോകുന്ന നിമിഷങ്ങള്‍.

പക്ഷേ വാര്‍ണറിലെ പോരാളിയെ ഉണര്‍ത്തുകയാണ് ഈ വെല്ലുവിളികള്‍ ചെയ്തത്. പ്രചോദനവുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍ അടക്കമുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങള്‍ വാര്‍ണര്‍ക്ക് ഒപ്പം നിന്നപ്പോള്‍ അറേബ്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയയുടെ തേരാളിയായി മാറുകയായിരുന്നു അദ്ദേഹം.

ഐ.പി.എല്ലിലെ മോശം ഫോമിനെത്തുടര്‍ന്ന് വാര്‍ണറിനെ ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ ഓസീസിനു വേണ്ടി മികച്ച പ്രകടനം നടത്തിയ റെക്കോഡുള്ള വാര്‍ണറിനെ കൈയൊഴിയാന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനും സഹതാരം മാക്‌സ്‌വെല്ലിനും ആകുമായിരുന്നില്ല.

ഇരുവരും ശക്തിയായി വാദിച്ച് ഒപ്പം നിന്നപ്പോള്‍ ആരാധകര്‍ക്ക് കണ്ടു ശീലമുള്ള 'ആ പഴയ' വാര്‍ണര്‍ പുനര്‍ജനിക്കുന്ന കാഴ്ചയ്ക്കാണ് യു.എ.ഇ. സാക്ഷ്യം വഹിച്ചത്. അധിക്ഷേപങ്ങളെ മുന്നോട്ടു കുതിക്കാനുള്ള ഇന്ധനമാക്കി മാറ്റിയ ആ പോരാളി ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ കിട്ടാക്കനിയായ ടി 20 ലോകകപ്പ് കിരീടവുമായാണ് ഓസീസ് നാട്ടിലേക്കു മടങ്ങുന്നത്.

ഏഴു മത്സരങ്ങളില്‍ നിന്ന് 48.16 ശരാശരിയില്‍ 289 റണ്‍സ്... ഈയൊരു കണക്കുകള്‍ക്ക് അപ്പുറത്താണ് വാര്‍ണര്‍ എന്ന ഓപ്പണര്‍ ഓസ്‌ട്രേലിയന്‍ ടീമിനു നല്‍കിയ കെട്ടുറപ്പ്. കാരണം ലോകക്രിക്കറ്റില്‍ താരതമ്യേന കുഞ്ഞന്മാരായ ബംഗ്ലാദേശിനോടു ചരിത്രത്തിലാദ്യമായി പരമ്പര തോറ്റ് പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായി എത്തിയ അവര്‍ക്ക് ഉണര്‍ത്തുപാട്ടായത് വാര്‍ണറുടെ ദൃഡനിശ്ചയമാണ്.

ടൂര്‍ണമെന്റില്‍ സെമിഫൈനലിലും ഫൈനലിലുമടക്കം പല മത്സരങ്ങളിലും വിജയശില്‍പികള്‍ മറ്റുള്ളവരായിരുന്നെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തന്നെയാണ് ഓസീസിനെ വിജയങ്ങളിലേക്കു നയിച്ചത്. അതില്‍ അവസാന രണ്ടു വലില മത്സരങ്ങളില്‍ ചേസ് ചെയ്തു ജയിക്കാന്‍ ഓസീസിന് ധൈര്യം ലഭിച്ചത് മുന്‍നിരയില്‍ വാര്‍ണര്‍ നടത്തിയ കടന്നാക്രമണങ്ങള്‍ തന്നെയാണ്.

അതിനാല്‍ത്തന്നെയാകും തങ്ങളുടെ കന്നി ടി 20 കിരീടത്തില്‍ ഓസീസ് മുത്തമിട്ടപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി വാര്‍ണറിനെ തെരഞ്ഞെടുത്തത് കാവ്യനീതിയായി ക്രിക്കറ്റ് ആരാധകര്‍ വിലയിരുത്തുന്നത്. 303 റണ്‍സുമായി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ടോപ്‌സ്‌കോറര്‍ ആയെന്നത് ശരിയാണ്. എന്നാല്‍ സെമിയില്‍ അമ്പയറിങ് പിഴവില്‍ പുറത്തായിരുന്നില്ലെങ്കില്‍ ടോപ് സ്‌കോറര്‍ പദവിയും വാര്‍ണര്‍ക്കൊപ്പം നിന്നേനെ എന്നു വിശ്വസിക്കുന്നവരാണ് ആരാധകരില്‍ ഏറെയും.

ഈ ടൂര്‍ണമെന്റിനൊരു താരം ഉണ്ടെങ്കില്‍ അത് വാര്‍ണര്‍ തന്നെയാണെന്ന് ഉറപ്പിച്ചു പറയാം. കാരണം ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങിയ എതിരാളികള്‍ക്കെല്ലാം ഒരു കാര്യം ഉറപ്പായിരുന്നു. ആദ്യ അഞ്ച് ഓവറുകള്‍ക്കുള്ളില്‍ വാര്‍ണറെ മടക്കിയാല്‍ ഓസീസിനെ പ്രതിരോധത്തിലാഴ്ത്താം എന്നത്. പക്ഷെ പൂച്ചക്ക് മണി കെട്ടാന്‍ ആര്‍ക്കും കഴിഞ്ഞില്ല; അല്ലെങ്കില്‍ മണികെട്ടാന്‍ പൂച്ച പിടിനല്‍കിയില്ല. ആസൂത്രണം നടത്തിയവരാകട്ടെ പൂച്ചയുടെ ഇരകളായി മാറുകയും ചെയ്തു. ഇവിടെയാണ് വാര്‍ണറുടെ മിടുക്ക്.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ച് 12 വര്‍ഷങ്ങള്‍ക്കകം ഓസ്‌ട്രേലിയ ആ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ട്വന്റി 20 ലോകകപ്പില്‍ അത് ആവര്‍ത്തിക്കാനാകാതെ അവര്‍ വലയുകയായിരുന്നു. ഒടുവില്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടാക്കനിയായ ആ കിരീടം നേടിക്കൊടുത്തവന് ഓസീസ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇനിയുള്ള സ്ഥാനം ഉയര്‍ന്ന പടിയിലായിരിക്കും തീര്‍ച്ച.

Next Story

Popular Stories