
പാരിസ്: പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന വേദിയിൽ ദീപശിഖ തെളിയിക്കാൻ ഇത്തവണ പറക്കും ബലൂണാണ് തയ്യാറാക്കിയത്. മുൻ ഒളിംപിക്സുകളിൽ നിന്ന് ഏറെ വ്യത്യസ്ത നിറഞ്ഞതാണ് ഈ ബലൂണിന്റെ നിർമ്മാണം. ഉദ്ഘാടന വേദിയിലെ ദീപശിഖ തെളിയിച്ചതിന് പിന്നാലെ ഇതിന്റെ പിന്നിലെ രഹസ്യവും ലോകത്തിനായി വെളിപ്പെടുത്തി.
ഇത്തവണ പാരിസ് ഒളിംപിക്സിന് ദീപശിഖ തെളിയിക്കാനായി നിർമ്മിക്കപ്പെട്ടത് മോണ്ട്ഗോൾഫിയർ സഹോദരന്മാരുടെ ഹോട്ട് എയർ ബലൂണിന്റെ മാതൃകയാണ്. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പറക്കുക എന്ന മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ആദ്യം ചിറക് നല്‍കിയവരാണ് മോണ്ട്ഗോൾഫിയർ സഹോദരന്മാർ. 1783ൽ ഇരുവരുടെയും കണ്ടുപിടുത്തമായ ഹോട്ട് എയർ ബലൂൺ പാരിസിൽ നിന്ന് പറന്നുയർന്നു. ഏകദേശം 241 വർഷങ്ങൾക്ക് ശേഷം ഇരുവരുടെയും കണ്ടുപിടുത്തതിന്റെ ആകൃതിയിലുള്ള ബലൂൺ അതേ വേദിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഫ്രഞ്ച് ഡിസൈനറായ മാത്യു ലെഹന്നൂർ ആണ് ഇത്തരമൊരു ദീപശിഖ രൂപകൽപ്പന ചെയ്തത്.
വേറെയും ഏറെ പ്രത്യേകതകൾ ഇത്തവണത്തെ ദീപശിഖയ്ക്കുണ്ട്. മുൻ ഒളിംപിക്സുകളിൽ ജൈവ ഇന്ധങ്ങളാണ് ഒളിംപിക്സ് ദീപശിഖ ജ്വലിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണ 100% വൈദ്യുതിയിലൂടെയാണ് ദീപശിഖ തെളിയിച്ചതെന്നതും പ്രത്യേകതയാണ്. പരിസ്ഥിതി അനുകൂല സന്ദേശം നൽകുകയായിരുന്നു വൈദ്യുതിവത്ക്കരണത്തിന്റെ ലക്ഷ്യം.
പകലും രാത്രിയിലും വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് ബലൂണിന്റെ സ്ഥാനത്തിൽ മാറ്റം വരുത്താൻ കഴിയും. പാരിസിലെ ട്യൂലറീസ് ഉദ്യാനത്തിലാണ് പകൽ സമയം ബലൂൺ ഉണ്ടാകുക. 30 മുതൽ 60 മീറ്റർ ഉയരത്തിലാണ് ബലൂൺ സ്ഥിതിചെയ്യുക. രാത്രിയിൽ പൊതുജനങ്ങൾക്ക് വെളിച്ചമാകാനും ഒളിംപിക്സ് ബലൂണിനെ ഉപയോഗപ്പെടുത്തുന്നു.
മുമ്പ് ഒളിംപിക്സിനായി നിർമ്മിക്കപ്പെട്ടിരുന്ന ദീപസ്തംഭങ്ങൾ ഒരു വേദിയിലോ സ്റ്റേഡിയത്തിലോ ആയിരിക്കും സ്ഥിതി ചെയ്യുക. എന്നാൽ പാരിസ് ഒളിംപികിസിന്റെ ദീപശിഖ പൊതുജനങ്ങളിലേക്ക് എത്തുന്നുവെന്നതും പ്രത്യേകതയാണ്. സെപ്റ്റംബർ എട്ട് വരെ പൊതുജനങ്ങൾക്ക് ഒളിംപികസ് ദീപശിഖ കാണാനും അധികൃതർ അവസരം ഒരുക്കുന്നുണ്ട്.