
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിലെ വിജയത്തിൽ പ്രതികരണവുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. മത്സരത്തിനിടെ ട്വന്റി 20 ലോകകപ്പ് ഓർമ്മയിൽ വന്നു. അത് ശക്തമായ പോരാട്ടത്തിന് പ്രോത്സാഹനമായി. സ്റ്റേഡിയത്തിൽ മഞ്ഞുവീഴ്ച ഇല്ലാതിരുന്നത് വിജയത്തിൽ നിർണായകമായെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
ശ്രീലങ്കൻ ടീമിന്റെ മികച്ച പ്രകടനത്തെയും സൂര്യകുമാർ യാദവ് അഭിനന്ദിച്ചു. ആദ്യ പന്ത് മുതൽ ലങ്കൻ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. ലങ്കൻ ടീമിന് സ്ഥിരതയാർന്ന പ്രകടനവുമായി മുന്നേറാൻ സാധിച്ചിരുന്നു. ആദ്യം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ തന്നെ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്ന് മനസിലായതാണെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. സൂര്യകുമാർ യാദവ് 58ഉം റിഷഭ് പന്ത് 49ഉം റൺസ് നേടി. ശ്രീലങ്കയുടെ മറുപടി 19.2 ഓവറിൽ 170 റൺസിൽ അവസാാനിച്ചു. ഒരു ഘട്ടത്തിൽ ഒരു വിക്കറ്റിന് 140 എന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. എന്നാൽ 30 റൺസിനിടെ ലങ്ക അവസാന ഒമ്പത് വിക്കറ്റുകൾ നഷ്ടമാക്കി.