സാംബ താളം തെറ്റുന്നോ?; തിരിച്ചടികളിൽ മഞ്ഞപ്പട

ബ്രസീലിന്റെ സുവർണചരിത്രം നമുക്ക് മുന്നിൽ തല ഉയർത്തി നിൽപ്പുണ്ട്
സാംബ താളം തെറ്റുന്നോ?; തിരിച്ചടികളിൽ മഞ്ഞപ്പട

കാൽപ്പന്തുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചവരാണ് ബ്രസീൽ. എതിരാളികൾ ഏവരും ഭയത്തോടെ മാത്രം കണ്ട സംഘം. പ്രതിഭകളുടെ അക്ഷയഖനി. അഞ്ച് ലോകകിരീടങ്ങൾ സ്വന്തമായുള്ളവർ. പക്ഷേ കഴിഞ്ഞ കുറേ നാളുകളായി ബ്രസീലിന് നിരാശയാണ്. പ്രകടനങ്ങൾ പിന്നോട്ടാണ്. എന്താണ് ബ്രസീൽ ഫുട്ബോളിൽ സംഭവിക്കുന്നത്.

ലോകഫുട്ബോളിന്റെ സിംഹാസനത്തിൽ കയറി ഇരുന്നവർ. അനിഷേധ്യ ശക്തിയായി വിഹരിച്ചവർ. കാൽപ്പന്തിൽ സാംബാ താളം കലർത്തിയവർ. അവർ പന്ത് തട്ടുമ്പോൾ, ആ നീക്കങ്ങൾക്ക് കരുത്തുള്ളൊരു സൗന്ദര്യം കാണാം. ടൂർണമെന്റ് ഏതായാലും കാനേറികൾ ടൈറ്റിൽ ഫേവറൈറ്റുകളാകും. ആരാധകരിൽ ബ്രസീൽ എന്ന പേര് കടലിരമ്പം തീർത്ത കാലം. പുകൾപെറ്റ മഞ്ഞക്കുപ്പായത്തിൽ അവർ അഭിമാനംകൊണ്ടു.

ബ്രസീലിന്റെ സുവർണചരിത്രം നമുക്ക് മുന്നിൽ തല ഉയർത്തി നിൽപ്പുണ്ട്. ആ പ്രതാപം ഓർമകളിലുണ്ട്. പക്ഷേ ഇപ്പോൾ നിരാശയുടെ കാലമാണ്. വിജയികളുടെ ശരീരഭാഷയും ആത്മവിശ്വാസവും നിശ്ചയദാർഢ്യവും നഷ്ടപ്പെട്ടൊരു സംഘം. പ്രതിഭകൾക്ക് അന്നും ഇന്നും പഞ്ഞമില്ല. പക്ഷേ ഒരു ടീമായി വളരാൻ കനേറികൾക്ക് കഴിയുന്നില്ല. ഒരു സുപ്രഭാതത്തിൽ ഉണ്ടായ താളപ്പിഴയല്ല. ഹൃദയംകൊണ്ട് പന്ത് തട്ടാൻ മറന്നുപോയതിന്റെ ഫലം.

കോപ്പയിൽ യുറുഗ്വായോട് തോറ്റ് പുറത്താകുമ്പോൾ നിരാശയല്ല, ഒരുതരം നിർവികാരത. കളിച്ച നാല് മത്സരങ്ങളിൽ ഒരേയൊരു വിജയവുമായി അവർ മടങ്ങി. വലിയ പേരുകൾക്ക് പഞ്ഞമുണ്ടായിരുന്നില്ല. ഏതാണ്ട് എല്ലായിടത്തും യൂറോപ്യൻ ക്ലബ്ബുകളിൽ പന്ത് തട്ടുന്നവർ തന്നെ. ക്ലബ്ബുകൾക്ക് അതിഗംഭീരമായി കളിക്കുന്നവർ. റയലിന്റെ തേരോട്ടത്തിന് കടിഞ്ഞാൺ പിടിക്കുന്ന വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും. ബാഴ്സയുടെ സ്വന്തം റഫീഞ്ഞ. ബ്രൂണോ ഗുയ്മറസ്, ലൂക്കാസ് പക്വേറ്റ തുടങ്ങിയവർ മധ്യനിരയിൽ. ഡാനിയൊലൊയും മർക്കിഞ്ഞോസും അണിനിരക്കുന്ന പ്രതിരോധം. ഗോൾ വലയ്ക്ക് മുന്നി അലിസൺ ബെക്കർ. ലോകോത്തരമായ ബെഞ്ച് സ്ട്രെംഗ്ത്തും. അതിവേഗ നീക്കങ്ങളിലൂടെ ആക്രമണ ഫുട്ബോൾ കാണാൻ കാത്തിരുന്നവർ നിരാശരായി. ലോകോത്തരം എന്ന് പറഞ്ഞവർ നനഞ്ഞ പടക്കങ്ങളായി.

സാംബ താളം തെറ്റുന്നോ?; തിരിച്ചടികളിൽ മഞ്ഞപ്പട
രണ്ട് രാജ്യങ്ങളെ നെഞ്ചോട് ചേർക്കുന്ന താരം; ഹൃദയഭേദകമായ ഷഖിറിയുടെ ഫുട്ബോൾ ജീവിതം

ലക്ഷണമൊത്ത സ്ട്രൈക്കർമാരെ കണ്ടില്ല. മധ്യനിരയിൽ കളി വിരിഞ്ഞില്ല. പ്രതിരോധക്കാർ നെഞ്ചുംവിരിച്ച് നിന്നില്ല. അവർ ഓരോരുത്തരായിരുന്നു. ഒന്നായില്ല. ഒരു മനസായില്ല. ലോകകപ്പിന് ശേഷം ബ്രസീലിന് ഇത് മൂന്നാമത്തെ പരിശീലകനാണ്. ഡൊരിവൽ ജൂനിയർ. ബ്രസീലിൽ ജനിച്ച്, ബ്രസീലിൽ കളിച്ച്, ബ്രസീലിൽ കളി പഠിപ്പിച്ച പരിശീലകൻ. കാൽപന്തിൽ സൗന്ദര്യം വിരിയുന്നത് കാത്തവർക്ക് ഡൊരിവലും നിരാശ തിരിച്ച് നൽകി. പല യൂറോപ്യൻ പരിശീലകരും കാനറിക്കരുത്തിനെ സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ അവരുടെ ഫുട്ബോൾ പൈതൃകം മറുനാട്ടുകാർക്ക് അടിയറവെക്കാൻ ബ്രസീലുകാർ തയ്യാറല്ല. ഡൊരിവലിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. സമയം വേണമെന്ന് പറയുന്നു പരിശീലകൻ. നല്ലകാലം കാത്തിരിക്കുന്നു. നല്ലൊരു മാറ്റത്തിനായി മാറ്റമില്ലാതെ തുടരട്ടെ ഡൊരിവൽ എന്ന് പറയുന്നു ആരാധകർ. ഫുട്ബോൾ സാമ്രാജ്യം തിരിച്ചുപിടിക്കണം. ബ്രസീലിന്റെ പതാകയിൽ തന്നെ ഫുട്ബോളുണ്ട്. അവരുടെ രക്തത്തിൽ കാൽപന്തുണ്ട്. ചിന്തകളിലും സ്വപ്നങ്ങളിലും ഫുട്ബോളാണ്. അതുകൊണ്ട് തന്നെയാണ് ആ ഫുട്ബോൾ രാജ്യത്തെ ആരാധകർ ഹൃദയത്തോട് ചേർക്കുന്നത്. ഇനി ഉയിർപ്പിനുള്ള കാത്തിരിപ്പാണ്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കാം. ആഗ്രഹിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com