ജിമ്മി ജീന്‍ ലൂയി അഥവാ ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി; ചില്ലറക്കാരനല്ല 'നജീബിന്റെ രക്ഷകൻ'

ഇബ്രാഹിമിനെ പോലെ, തന്റെ നാടിന്റെ അതിജീവനത്തിനായി എല്ലാം മറന്ന് നിലകൊള്ളുന്ന മനുഷ്യ സ്‌നേഹിയായ കൂടിയാണ്
ജിമ്മി ജീന്‍ ലൂയി അഥവാ ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി; ചില്ലറക്കാരനല്ല 'നജീബിന്റെ രക്ഷകൻ'

ജിമ്മി ജീന്‍ ലൂയി, ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി. നജീബിന് അയാള്‍ സ്വര്‍ഗത്തില്‍ നിന്നെത്തിയ പ്രവാചകനാണ്, ഹക്കീമിന് അയാള്‍ സുഹൃത്തും രക്ഷകനും. ഹക്കീമിന്റെ മസറയില്‍ പണിക്കു വന്ന നല്ല നീളവും അതിനൊത്ത തടിയുമുള്ള കരുത്തന്‍. മരുഭൂമിയിൽ കുരുത്തുറ്റ ഒരു വടവൃക്ഷത്തെ പോലെയുള്ള ഇബ്രാഹിം ഖാദിരി. ഒറ്റ നോട്ടത്തില്‍ മൂസാ നബിയുടെ കാലത്തു നിന്ന് ഇറങ്ങി വന്ന പ്രവാചകനെ പോലെയെന്നാണ് ഇബ്രാഹിം ഖാദിരിക്ക് ബെന്യാമിന്‍ നല്‍കിയ വിശേഷണം.

2014-ല്‍ പ്രസിഡന്റ് മൈക്കല്‍ മാര്‍ട്ടെല്ലി ഹെയ്റ്റിയുടെ അംബാസിഡറായി പ്രഖ്യാപിച്ച ജിമ്മി നോളിവുഡിനെ ലോക സിനിമയ്ക്കു മിന്നിലെത്തിച്ച താരങ്ങളില്‍ ഒരുവനാണ്. എന്‍ബിസി ടെലിവിഷന്‍ സീരീസായ 'ഹീറോസി'ലെ ഹേഷ്യന്‍ കഥാപാത്രമായാണ് ജിമ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആഫ്രിക്കന്‍ സിനിമകളില്‍ നിറസാന്നിധ്യമായ ജിമ്മി ആഫ്രിക്കന്‍ സിനിമ ഇന്‍ഡ്ട്രിയുടെ ഭാഗ്യ നായകനായി മാറി. 2006-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി സിനിമ ഫാറ്റ് ഗേള്‍സിലെ നൈജീരിയന്‍ ഡോക്ടറായി എത്തിയ ജിമ്മി, തന്നെ ഹോളിവുഡിന് പരിചയപ്പെടുത്തുമ്പോള്‍ ഹെയ്റ്റിയുടെ നായകനായി മാത്രമല്ല ആഫ്രിക്കന്‍ സിനിമയുടെ ഭാഗമാണ് എന്ന് പറഞ്ഞാണ് തുടങ്ങിയത്.

വളരെ ചെറുപ്പത്തിൽ തന്നെ പാരീസിലേക്ക് ചേക്കേറിയ താരത്തിന്റെ സ്വപ്നം മോഡലിങ്ങായിരുന്നു. തുടര്‍ന്ന് നിരന്തരമായ പ്രയത്‌നത്തിലൂടെ കൊക്കൊകോളയുടെ അടക്കം നിരവിധി ബ്രാന്‍ഡുകളുടെ പരസ്യ മോഡലായി സ്‌പെയ്‌നിലും ഇറ്റലിയിലും സൗത്ത് ആഫ്രിക്കയിലും ന്യൂയോര്‍ക്കിലും ലണ്ടനിലും പാരീസിലും തിളങ്ങി. ശേഷം ഹോളിവുഡിലേക്ക്. തന്റെ ഉള്ളിലെ കലാകാരനെ, അഭിനേതാവിനെ തിരിച്ചറിഞ്ഞത് പാരീസില്‍ വന്നതിന് ശേഷമായിരുന്നു എന്ന് ജിമ്മി ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

2010-ല്‍ ഹെയ്റ്റിയെ പിടിച്ചു കുലുക്കിയ ഭൂകമ്പമുണ്ടാകുന്നു. മൂന്ന് ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ദുരന്തമായിരുന്നു അത്. സ്വന്തം നാടിനുണ്ടായ ദുരന്തത്തില്‍ പങ്കുചേരുക മാത്രമല്ല ജമ്മി ചെയ്തത്. ആ നാടിന്‍രെ അതിജീവന ശ്രമങ്ങളെ മുന്നില്‍ നിന്ന് നയിച്ചു. ജിമ്മിയുടെ ഇടപെടല്‍ വാര്‍ത്തകളായി. ദുരന്തത്തില്‍ ആ നാടിനുണ്ടായ യഥാര്‍ത്ഥ നഷ്ടം ലോകമറിയുന്നത് ജിമ്മിയുടെ കൂടി ഇടപെടലിലാണ്. സ്വന്തം വീടും ബന്ധുക്കളും അപ്പോഴേക്കും ആ ദുരന്തത്തിലൂടെ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ഹോളിവുഡ് യൂണിറ്റ്‌സ് ഫോര്‍ ഹെയ്റ്റി എന്ന തന്റെ ജീവകരുണ്യ സംഘടനയിലൂടെ ദ്വീപിലെ നിരാലംബരായ യുവാക്കള്‍ക്ക് കായിക സാംസ്‌കാരിക വിദ്യാഭ്യാസം നല്‍കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. മാത്രമല്ല ഭൂകമ്പത്തില്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി ജിമ്മിയോടൊപ്പം ഒരു വലിയ കൂട്ടം തന്നെ ക്യാംപെയ്‌നുകള്‍ നടത്തി. അതിലൊന്നായിരുന്നു 2010ല്‍ കാനഡയില്‍ വെച്ചു നടന്ന ഒളിംപിക്‌സ് ഗെയിംസില്‍ മൈക്കിള്‍ ജാക്‌സന്റെ പ്രശസ്ത ഗാനം 'വി ആര്‍ ദ വേള്‍ഡ്' ഹെയ്റ്റിക്കു വേണ്ട് റീമേക്ക് ചെയ്ത് പാടിയ ക്യാംപെയ്ന്‍.

ഹെയ്ഷ്യന്‍ കുട്ടികള്‍ക്കായുള്ള പാന്‍ അമേരിക്കന്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ അംബാസഡറായ ജിമ്മി ജീന്‍ 2010-ല്‍ അവര്‍ക്കുവേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസില്‍ സംസാരിച്ചു. തുടര്‍ന്ന് 2014-ലാണ് ഹെയ്റ്റി എന്ന ചെറിയ വലിയ തന്റെ നാടിന്റെ അംബാസിഡറായി ജിമ്മി ജീന്‍ മാറിയത്. മികച്ച നടനായി അഫ്രിക്കന്‍ മൂവ് അക്കാദമി പുരസ്‌കാരം ഒന്നിലധികം തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ജോയ്, ആഫ്രിക്കന്‍ മൂവ് അക്കാദമി പുരസ്‌കാരം ലഭിച്ച റാറ്റല്‍ലസ്‌നേക്ക്, ദ കേഴ്‌സ്ഡ് വണ്‍, ക്ലവ്‌സ് എന്നിങ്ങിനെ നീളുന്നു ജിമ്മി ജീന്‍ ലൂയിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

അഭിനേതാവെന്ന നിലയില്‍ നോളിവുഡിനെയും മനുഷ്യ സ്‌നേഹി എന്ന നിലയില്‍ സ്വന്തം രാജ്യത്തെയും വംശത്തെയും ലോക ശ്രദ്ധയിലേക്കെത്തിച്ച ജിമ്മി ആടുജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ അത് മലയാളം സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും അഭിമാന നിമിഷമാണ്. ഹക്കിമും നജീബും ജീവനോടെ മരുഭൂമി താണ്ടി ജീവിതത്തിലേക്ക് കടക്കുക എന്നത് ഇബ്രാഹിമിന്റെ കൂടി ഉത്തരവാദിത്തമായിരുന്നു. ഹക്കീമിനെ രക്ഷിക്കാന്‍ കഴിയാഞ്ഞതിന്റെ നിരാശയും വേദനയും തന്നെ തളര്‍ത്തിയെങ്കിലും നജീബിനെ മരണത്തിന്റെ മരുക്കയത്തില്‍ വിട്ടുകൊടുക്കാതെ, അന്ത്യത്തോടടുക്കുന്ന ജീവനെ തോളിലേന്തി ഇബ്രാഹിം നടന്നു.

ഒരുപക്ഷേ ആദ്യമായാകും ഒരു നോളിവുഡ് നടന്റെ പെര്‍ഫോമന്‍സില്‍ സാധാരണക്കാരായ മലയാള പ്രേക്ഷകരില്‍ നിന്ന് തിയേറ്ററില്‍ കൈയ്യടികളുയരുന്നത്. ആ പൊന്‍ തൂവല്‍ നജീബിന്റെ പ്രവാചകനായ, മലയാള സിനിമയുടെ ഇബ്രാഹിമായ, ഹെയ്റ്റിയുടെ അഭിമാനമായ ജിമ്മി ജീന്‍ ലൂയിക്കിരക്കട്ടെ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com