Top

'നിങ്ങളെന്തിനാണ് ഇയാള്‍ടെ പടം സര്‍ട്ടിഫിക്കറ്റില്‍ കൊണ്ടുനടക്കുന്നത്?'; ബൂസ്റ്റര്‍ എടുക്കാന്‍ ചെന്നപ്പോള്‍ നഴ്‌സ് ചോദിച്ചത് പങ്കുവച്ച് യുകെ മലയാളി

'നിങ്ങളുടെ പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞതില്‍ ക്ഷമിക്കണം'

21 Dec 2021 4:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിങ്ങളെന്തിനാണ് ഇയാള്‍ടെ പടം സര്‍ട്ടിഫിക്കറ്റില്‍ കൊണ്ടുനടക്കുന്നത്?; ബൂസ്റ്റര്‍ എടുക്കാന്‍ ചെന്നപ്പോള്‍ നഴ്‌സ് ചോദിച്ചത് പങ്കുവച്ച് യുകെ മലയാളി
X

പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ച് യുകെ മലയാളിയായ അശ്വതി അശോക്. 'ഇന്ത്യന്‍ പ്രധാനമന്ത്രി ഏകാധിപതിയാണ്. വര്‍ഗീയവാദരാഷ്ട്രീയത്തിന്റെ വക്തവാണ്' തുടങ്ങിയ പരാമര്‍ശങ്ങളാണ് ബള്‍ഗേറിയ സ്വദേശിയായ നഴ്‌സ് മോദിയെക്കുറിച്ച് പറഞ്ഞതെന്ന് അശ്വതി പറഞ്ഞു. ഇത്രയും സജീവമായി രാഷ്ട്രീയം സംസാരിക്കുന്ന, അന്താരാഷ്ട്ര വിഷയങ്ങളില്‍ താല്പര്യം കാണിക്കുന്ന ആരെയും താനിതുവരെ കണ്ടിട്ടില്ലെന്നും അശ്വതി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞതില്‍ നഴ്‌സ് ക്ഷമ ചോദിച്ചെന്നും അശ്വതി പറഞ്ഞു.

അശ്വതി അശോക് പറഞ്ഞത്: രണ്ടു ദിവസം മുമ്പാണ് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഇവിടുത്തെ വാക്‌സിനേഷന്‍ സെന്ററില്‍ പോയത്. ബൂസ്റ്റര്‍ ഡോസ് എടുക്കണമെങ്കില്‍ സെക്കന്റ് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഇന്ത്യന്‍ ഗവണ്‍മെന്റ് തന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തു കൊടുത്തു. ആ സര്‍ട്ടിഫിക്കറ്റ് കൈയില്‍ വാങ്ങിയതും ചെറുപ്പക്കാരനായ നഴ്‌സ് പെട്ടെന്ന് രോഷാകുലനായി.

'നിങ്ങളെന്തിനാണ് ഇയാള്‍ടെ പടം സര്‍ട്ടിഫിക്കറ്റില്‍ കൊണ്ടുനടക്കുന്നത്?'

'ഞാന്‍ വെച്ചതല്ല. ഇങ്ങനെയാണ് ഞങ്ങള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തരുന്നത്'. ഞാന്‍ ജാള്യതയോടെ പറഞ്ഞു.

'ഇയാളൊരു ഫാസിസ്റ്റല്ലേ. നിങ്ങള്‍ക്കിയാളെ ഇഷ്ടമാണെങ്കില്‍ ക്ഷമിക്കണം.'

'എനിക്കിഷ്ടമല്ല. ഇയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ എതിര്‍ക്കുന്നയാളാണ് ഞാന്‍.' എന്റെ മറുപടി പെട്ടെന്നായിരുന്നു.

സമയം നന്നായി വൈകിയിരുന്നു. നഴ്‌സുമാരുടെ ജോലിസമയം കഴിഞ്ഞിരുന്നു. എനിക്കു പുറകില്‍ വാക്‌സിന്‍ എടുക്കാന്‍ വന്നവരുടെ ഒരു നീണ്ട നിര ഇനിയും ബാക്കിയുണ്ടായിരുന്നു. ഇതൊന്നും കാര്യമാക്കാതെ ഞങ്ങളുടെ സംഭാഷണം കൗതുകപൂര്‍വം കേട്ടുകൊണ്ടിരുന്ന ഇംഗ്ലീഷുകാരിയായ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററോട് ആ നഴ്‌സ് വീണ്ടും വിശദീകരിച്ചു.

'ഇത് ഇവരുടെ പ്രധാനമന്ത്രിയാണ്. പുള്ളി ഒരു ഏകാധിപതിയും, വര്‍ഗീയവാദരാഷ്ട്രീയത്തിന്റെ വക്താവുമാണ്. ഇവരുടെ രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാരിനെതിരെ ഒരു വലിയ സമരം നടത്തുകയായിരുന്നു. അവരുടെ വിളകള്‍ക്ക് ആവശ്യത്തിനു വില കിട്ടാനും, അവരുടെ കൃഷിയിടങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈയടക്കാതിരിക്കാനും. ഒരുപാട് പേര്‍ ആ സമരത്തില്‍ മരിച്ചു.'

എനിക്ക് ജിജ്ഞാസയായി. ഇത്രയും സജീവമായി രാഷ്ട്രീയം സംസാരിക്കുന്ന, അതും അന്താരാഷ്ട്ര വിഷയങ്ങളില്‍ താല്പര്യം കാണിക്കുന്ന ആരെയും ഞാനിതുവരെ ഇവിടെ നേരില്‍ കണ്ടിട്ടില്ലായിരുന്നു.

'നിങ്ങളെവിടുന്നാണ്?' ഞാന്‍ ചോദിച്ചു.

'ബള്‍ഗേറിയ'

എന്റെ മനസില്‍ ലഡു പൊട്ടി. ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യമാണല്ലോ. ഇനി അവിടുത്തെ കമ്യൂണിസ്റ്റുകാരനെങ്ങാനുമാണെങ്കിലോ?

'നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകനോ, അനുഭാവിയോ ആണോ?' ഞാന്‍ എടുത്തു ചോദിച്ചു.

'അല്ല. എന്താ അങ്ങനെ ചോദിച്ചത്?'

'ഇത്ര ആഴത്തില്‍ ഒരു ഏഷ്യന്‍ രാജ്യത്തെ രാഷ്ട്രീയമൊക്കെ പിന്തുടരുന്നത് കണ്ട് ചോദിച്ചതാ. അങ്ങനെയധികമാരേം ഇവിടെ ഞാന്‍ കണ്ടിട്ടില്ല.'

'അത് പ്രിവിലേജിന്റെ പ്രശ്‌നമാണ്. ഇവിടെയുള്ളവര്‍ക്ക് ഇതിനെപ്പറ്റിയൊന്നും ചിന്തിക്കണ്ട കാര്യമില്ല. അവര്‍ക്ക് അത്യാവശ്യം സുരക്ഷിതത്വങ്ങളുണ്ട്. അതുകൊണ്ട് ഇവിടുത്തെ വിഷയങ്ങള്‍ പോലും അവര്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ഒരു കുടിയേറ്റക്കാരനാണ്. യു.കെ.യിലെ നിയമങ്ങളിലുണ്ടാക്കുന്ന ഓരോ മാറ്റവും എന്നെ ബാധിക്കും. അതുകൊണ്ടുതന്നെ ഞാന്‍ രാഷ്ട്രീയകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കും. ഇവിടുത്തെ മാത്രമല്ല, എല്ലായിടത്തെയും.'

വളരെ വ്യക്തമായിരുന്നു മറുപടി. ശരിയാണെന്ന മട്ടില്‍ ഇംഗ്ലീഷുകാരിയായ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററും തലകുലുക്കി. 'ഇങ്ങനെയൊക്കെ ഇന്ത്യയില്‍ സംഭവിച്ചല്ലേ. ക്ഷമിക്കണം. ഞാന്‍ ഇത്തരം കാര്യങ്ങളൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല.' കുറ്റബോധത്തോടെയാണവരത് പറഞ്ഞത്.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ബള്‍ഗേറിയന്‍ നഴ്‌സ് വീണ്ടും പറഞ്ഞു. 'നിങ്ങളുടെ പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞതില്‍ ക്ഷമിക്കണം'.

'എനിക്കു നന്ദി മാത്രമേയുള്ളൂ. പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരെ കാണുന്നതു തന്നെ എനിക്കു സന്തോഷമാണ്. നന്ദി.'

പുറത്തിറങ്ങിയപ്പോള്‍ ജര്‍മന്‍കാരനായ ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അവനോട് നഴ്‌സുമായി നടന്ന സംഭാഷണം വിവരിച്ചു. പ്രധാനമന്ത്രിയുടെ പടമുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നു കേട്ടപ്പോള്‍ അത് കാണണമെന്നായി. ഞാന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊടുത്തു.

'ഇത് ഞങ്ങളുടെ നാട്ടില്‍ പണ്ട് ഹിറ്റ്‌ലര്‍ ചെയ്‌തോണ്ടിരുന്ന പരിപാടിയല്ലേ. എല്ലായിടത്തും പുള്ളിയുടെ തല പ്രതിഷ്ഠിക്കുന്ന ഏര്‍പ്പാട്.'

ഞാന്‍ ചിരിച്ചു. അല്ലാതെന്തു ചെയ്യാന്‍.

തിരിച്ചുനടക്കുന്ന വഴിക്ക് കര്‍ഷകസമരം വിജയിച്ചപ്പോള്‍ ഇംഗ്ലണ്ടുകാരായ രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞതോര്‍ത്തു. 'നിങ്ങളുടെ രാജ്യത്തെ കൃഷിക്കാരെ സമ്മതിക്കണം. ഒരു വര്‍ഷം അവര് എല്ലാം സഹിച്ച് പ്രതിഷേധിച്ചില്ലേ. എന്നിട്ട് അവര് വിജയം നേടിയെടുത്തില്ലേ. ഇവിടുത്തെ സമരങ്ങളെന്നൊക്കെ പറഞ്ഞാല്‍ പ്രഹസനമാണ്. വെറുതെ പ്ലക്കാര്‍ഡും പിടിച്ച് അഞ്ചാറു പേര്‍ കൂടി നില്‍ക്കും. എന്നിട്ടവര് പിരിഞ്ഞുപോകും. ഒന്നും നടക്കില്ല'. മാനേജ്‌മെന്റ് വിഷയത്തില്‍ പി.എച്ച്.ഡി. ചെയ്യുന്നവരാണ്. രാഷ്ട്രീയകാര്യങ്ങളില്‍ എന്തെങ്കിലും താല്പര്യമുണ്ടെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ലാത്തവരാണ്. ഇന്ത്യയിലെ കര്‍ഷകസമരത്തെ അവര്‍ പിന്തുടര്‍ന്നിരുന്നു എന്നുള്ളത് എനിക്കന്ന് അദ്ഭുതമായിരുന്നു.

'എന്റെ നാട്ടിലെ കൃഷിക്കാര്‍ക്ക് അതൊരു ജീവന്മരണ പോരാട്ടമായിരുന്നു. അവരതില്‍ വിജയിക്കുകയും ചെയ്തു. അതൊരു ചരിത്രസമരമായിരുന്നു;' അത്രയും നാള്‍ ഇന്ത്യയിലെ മലിനീകരണത്തെയും, കാലാവസ്ഥയെയും, ട്രാഫിക്ക്‌നിയമലംഘനങ്ങളെയുമൊക്കെ പുച്ഛിച്ചുകൊണ്ടിരുന്ന അവരുടെ മുമ്പില്‍ ഇന്ത്യക്കാരിയെന്ന അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചാണ് ഞാനതു പറഞ്ഞത്.

അപ്പോള്‍ പറഞ്ഞുവന്നത് ഇത്രയേയുള്ളൂ. ഇങ്ങനെയൊക്കെയാണ് എന്റെ നാട്ടിലെ കര്‍ഷകര്‍ ഇന്ത്യയെ അഭിമാനത്തോടെ ലോകത്തിനു മുമ്പില്‍ അടയാളപ്പെടുത്തുന്നത്. അവരുടെ വിജയം സംഘടിത പോരാട്ടങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസം ലോകജനതയ്ക്ക് പകരുന്നത്. അവരെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. ഇങ്ങനെയാണ് എന്റെ രാജ്യത്തെ പ്രധാനമന്ത്രിയും, പുള്ളിയുടെ രീതികളും, രാഷ്ട്രീയവും മറ്റു രാജ്യക്കാരുടെ മുന്നില്‍ ഇന്ത്യയെ അപഹാസ്യമാക്കുന്നത്.


Next Story