Top

സൗദിയിൽ പൊടിക്കാറ്റ് വെള്ളിയാഴ്ച വരെ തുടരും; ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

വാഹനമോടിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്ന് സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി

15 March 2022 10:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ പൊടിക്കാറ്റ് വെള്ളിയാഴ്ച വരെ തുടരും; ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
X

സൗദി: സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിൽ ശക്തി പ്രാപിച്ച പൊടിക്കാറ്റ് വെള്ളിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ എല്ലാവരും ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുന്നവരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്ന് സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി.

അൽഖസീം, റിയാദ്, ഹാഇൽ, അൽജൗഫ്, രാജ്യത്തെ കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖല, അസീർ, നജ്‌റാൻ, മക്ക, മദീന, ജീസാൻ, അൽ ബഹ എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് തുടരുന്നത്. പൊടിക്കാറ്റിന്റെ ശല്യം വർധിക്കുന്നതിനൊപ്പം പല പ്രദേശങ്ങളിലും കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ബഹ, അസീർ എന്നീ സ്ഥലങ്ങളിലെ ഉയർന്ന മേഖലകളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടും. വരും ദിവസങ്ങളിൽ സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറഞ്ഞേക്കും.

തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല, ഹാഇൽ മേഖല എന്നിവിടങ്ങളിലെ താപനില ഒന്ന് മുതൽ ആറ് വരെ ഡിഗ്രി സെൽഷ്യസിനിടയിൽ എത്തും. അതേസമയം ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗത വർദ്ധിക്കുമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് ന‍ൽകുന്നത്. വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 60 വരെ കിലോമീറ്ററും തെക്ക് ഭാഗങ്ങളിൽ മണിക്കൂറിൽ 20 മുതൽ 30 വരെ കിലോമീറ്ററുമായിരിക്കും.

Story highlights: The dust storm that intensified in Saudi Arabia is expected to continue until Friday, the Meteorological Agency said.

Next Story