Top

ലോകകപ്പ്: ടിക്കറ്റും ഹയ്യാകാര്‍ഡും ഇല്ലാത്തവര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാനാവില്ല

മത്സരങ്ങള്‍ ഉള്ള ദിവസങ്ങളിലെ സൗജന്യ പൊതുഗതാഗതം അടക്കമുള്ള സേവനങ്ങള്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്

5 April 2022 11:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ്: ടിക്കറ്റും ഹയ്യാകാര്‍ഡും ഇല്ലാത്തവര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാനാവില്ല
X

ദോഹ: നവംബറില്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നതോടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുമെന്ന് ഖത്തര്‍ ടൂറിസം വക്താവ് അറിയിച്ചു. ലോകകപ്പിനെത്തുന്ന കാണികള്‍ക്കായി ഒരുക്കുന്ന താമസസൗകര്യങ്ങള്‍ അര്‍ഹര്‍ക്ക് ലഭ്യമാവുന്നുണ്ട് എന്നുറപ്പാക്കാനാണ് നടപടി. 2022 നവംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 23 വരെയാണ് നിയന്ത്രണങ്ങള്‍.

ഈ കാലയളവില്‍ ലോകകപ്പ് ടിക്കറ്റും ഹയ്യാ കാര്‍ഡ് എന്ന ഫാന്‍ കാര്‍ഡും കൈവശമുള്ള ആളുകള്‍ക്ക് മാത്രമാണ് വിസ അനുവദിക്കുക. മത്സരങ്ങള്‍ ഉള്ള ദിവസങ്ങളിലെ സൗജന്യ പൊതുഗതാഗതം അടക്കമുള്ള സേവനങ്ങള്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന യൂറോ കപ്പ് ഫൈനലിന് ടിക്കറ്റില്ലാത്ത കാണികള്‍ സംഘടിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് അധികൃതര്‍ ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്.

നിര്‍ണായക പ്രഖ്യാപനം; ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവര്‍ മുഴുവന്‍ ദിവസത്തേക്കും ഹോട്ടല്‍ ബുക്ക് ചെയ്യണം

ദോഹ: ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതേ നിയമം ബാധകമാണ്.

'ഡിസ്‌കവര്‍ ഖത്തര്‍' വെബ്‌സൈറ്റിലൂടെയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്. എത്ര ദിവസമാണോ വിസയുടെ കാലാവധി അത്രയും ദിവസത്തെ ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമായും നടത്തിയിരിക്കണം. കുറഞ്ഞത് രണ്ട് ദിവസവും, പരമാവധി അറുപത് ദിവസവുമാണ് ഇത്തരത്തില്‍ റൂം ബുക്ക് ചെയ്യാന്‍ കഴിയുക. ഖത്തറില്‍ ഉള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ ആണെങ്കിലും, ഹോട്ടല്‍ ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 14 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്നവരുടെ ചെലവ് പതിന്മടങ്ങ് വര്‍ധിക്കുമെന്നതിനാല്‍, ഏറെ ആശങ്കയോടെയാണ് ഖത്തര്‍ പ്രവാസികള്‍ പുതിയ നിയമത്തെ നോക്കിക്കാണുന്നത്.

STORY HIGHLIGHTS: World Cup: Those without tickets and Hayya cards will not be able to enter Qatar

Next Story