12 വയസിന് താഴെയുളള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറിലെ സ്കൂളുകളിൽ കൂടുതൽ ഇളവുകൾ
കിന്റർഗാർഡനുകളിലും ഇളവ് ബാധകമാണ്
17 March 2022 8:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദോഹ: കൊവിഡ് വ്യാപന തോത് കുറഞ്ഞതോടെ സ്കൂളുകളിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. 12 വയസിനും അതിന് താഴെയുള്ള വിദ്യാർഥികൾക്കും ഞായറാഴ്ച മുതൽ സ്കൂളിൽ മാസ്ക് ധരിക്കേണ്ടതില്ല. മാർച്ച് 20 ഞായറാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം അറിയിച്ചു. കിന്റർഗാർഡനുകളിലും ഇളവ് ബാധകമാണ്.
പൊതു, സ്വകാര്യ സ്കൂളുകളിലും കിന്റർ ഗാർഡനുകളിലും 12 വയസും അതിന് താഴെയുമുള്ള കുട്ടികൾക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മാസ്ക് ധരിക്കുവാൻ താൽപ്പര്യമുളള വിദ്യാർഥികൾക്ക് ഇത് തുടരുന്നതിൽ തടസ്സമുണ്ടാവില്ല. എന്നാൽ വാക്സിനെടുക്കാത്ത കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ വീടുകളിൽ വെച്ച് നടത്തുന്ന ആന്റിജൻ പരിശോധന തുടരണം. ഹോം കിറ്റ് ഉപയോഗിച്ചാണ് പരിശോധനകൾ.
ഒരിക്കൽ കൊവിഡ് വന്ന് ഭേദമായ കുട്ടികൾക്ക് ഈ പരിശോധന ആവശ്യമില്ല. കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിർദേശങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഖത്തറിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 982 കൊവിഡ് രോഗികളാണ് ഖത്തറിലുള്ളത്. 24 മണിക്കൂറിനിടെ 68 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് 66 പേർക്ക് ബാധിച്ചത്.
Story highlights: Students in Qatar will no longer have to wear a mask to school from Sunday