Top

വ്യത്യസ്ത ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളുടെ വന്‍ ശേഖരം; ഖത്തറിലെ വിപണന മേളയ്ക്ക് നാളെ അവസാനം

ഖലാസ്, ഖനീസി, ഷിഷി, ബര്‍ഹി ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളാണ് കൂടുതലും പ്രദര്‍ശിപ്പിക്കുന്നത്

9 Aug 2022 2:25 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വ്യത്യസ്ത ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളുടെ വന്‍ ശേഖരം; ഖത്തറിലെ വിപണന മേളയ്ക്ക് നാളെ അവസാനം
X

ദോഹ: ഖത്തര്‍ സൂഖ് വാഖിഫിലെ പ്രാദേശിക ഈന്തപ്പഴ വിപണന മേളയ്ക്ക് ജനപ്രീതിയേറുന്നു. സൂഖ് വാഖിഫ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ നഗരസഭ മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പാണ് ഈന്തപ്പഴ മേള സംഘടിപ്പിച്ചത്. കഴിഞ്ഞമാസം 27ന് ആരംഭിച്ച മേള നാളെ അവസാനിക്കും.

വ്യത്യസ്ത ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളുടെ വന്‍ ശേഖരമാണ് മേളയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഖലാസ്, ഖനീസി, ഷിഷി, ബര്‍ഹി ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങളാണ് കൂടുതലും പ്രദര്‍ശിപ്പിക്കുന്നത്. ഇനമനുസരിച്ച് ഈന്തപ്പഴത്തിന്റെ നിരക്ക് വ്യത്യാസപ്പെടും. ഈന്തപ്പഴങ്ങള്‍ക്ക് പുറമേ കേക്ക്,മില്‍ക്ക് ഷേക്ക്, ജാമുകള്‍, ഐസ്‌ക്രീം, അച്ചാറുകള്‍ എന്നിവയും മേളയില്‍ ലഭിക്കും. സൗദി അറേബ്യ, കുവൈത്ത് തുടങ്ങി മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരും മേളയിലെത്തുന്നുണ്ട്. പ്രാദേശിക ഈന്തപ്പഴ കര്‍ഷകര്‍ക്കും കമ്പനികള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി നടത്തുന്ന മേളയില്‍ 80 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്.

ഈന്തപ്പഴം ഉള്‍പ്പെടെയുള്ള ദേശീയ ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള നടക്കുന്നത്. രാജ്യത്തുടനീളമുള്ള ഈന്തപ്പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന താല്‍പര്യവുമുണ്ട്. കാര്‍ഷിക മേഖല വികസിപ്പിക്കുന്നതിനും ഈന്തപ്പഴ കൃഷിയില്‍ താല്‍പ്പര്യമുള്ളവരെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നു.

STORY HIGHLIGHTS: Local Dates Festival in Qatar Ends Tommorrow

Next Story