Top

കന്നഡ സിനിമകളെ മാറ്റി നിർത്തേണ്ട; മലയാളി പ്രേക്ഷകർ കണ്ടിരിക്കേണ്ട മികച്ച കന്നഡ സിനിമകൾ

മാസ് രംഗങ്ങൾ കൊണ്ടും മികച്ച കഥകൾ കൊണ്ടും കന്നഡ സിനിമ മേഖലയെ തന്നെ വേറെ ലെവലിൽ എത്തിച്ച സിനിമകൾ ഇതാ

22 Feb 2022 3:42 PM GMT
അമൃത രാജ്

കന്നഡ സിനിമകളെ മാറ്റി നിർത്തേണ്ട; മലയാളി പ്രേക്ഷകർ കണ്ടിരിക്കേണ്ട മികച്ച കന്നഡ  സിനിമകൾ
X

മലയാള സിനിമ പ്രേമികൾക്കിടയിൽ തമിഴ് തെലുങ്ക്‌ സിനിമകൾക്ക് വൻ സ്വീകാര്യത തന്നെയുണ്ട്. മലയാളവുമായുള്ള സമാനതകളും, ഭാഷ രീതിയിലെ സാമ്യവും തമിഴ് സിനിമയോട് അടുപ്പിച്ചു. അതുപോലെ തന്നെ യുവാക്കൾക്കിടയിൽ അല്ലു അർജുന്റെ ആര്യ മുതൽ ശ്രദ്ധേയമാകാൻ തുടങ്ങിയതോടെ തെലുങ്കും മലയാളികൾ ഏറ്റെടുത്തു തുടങ്ങി. എന്നാൽ കന്നഡ സിനിമകൾക്ക് അത്ര പ്രാധാന്യം മലയാള സിനിമ പ്രേക്ഷകർ ഈ അടുത്ത കാലത്ത് വരെ നൽകിയിട്ടില്ലായിരുന്നു. പക്ഷെ അങ്ങനെ തള്ളിക്കളയാൻ കഴിയുന്നതല്ല കന്നഡ ഭാഷ ചിത്രങ്ങൾ. മികച്ച സിനിമകളും കന്നഡയിലുണ്ട് എന്നതിനുദാഹരണമായിരുന്നു, യഷിന്റെ കെജിഎഫ്. അത്തരത്തിൽ മാസ് രംഗങ്ങൾ കൊണ്ടും മികച്ച കഥകൾ കൊണ്ടും കന്നഡ സിനിമ മേഖലയെ തന്നെ വേറെ ലെവലിൽ എത്തിച്ച സിനിമകൾ ഇതാ.

ബീർബൽ 2019


2019ൽ പുറത്തിറങ്ങിയ കന്നഡയിലെ ഒരു ഗംഭീര സിനിമയാണ് 'ബീർബൽ'. ഒരു ക്രൈം കുറ്റാന്വേഷണ കഥയാണ് ബീർബലിലൂടെ പറയുന്നത്. മഹേഷ് ദാസ് എന്ന അഭിഭാഷകൻ ഒരു കമ്പനിയിൽ ചേരുന്നു. കേസ് നടത്താൻ പണമില്ലാതെ വരുന്ന സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് സൗജന്യമായി കേസ് നടത്തിക്കൊടുക്കുന്ന ഒരു സ്ഥാപനത്തിലാണ് മഹേഷ് ദാസ് എത്തുന്നത്. അവിടെ മഹേഷിനു കിട്ടുന്ന ആദ്യത്തെ കേസ്, വിഷ്ണു എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റേതാണ്.

വിഷ്ണു ചെയ്ത ഒരു കൊലപാതകത്തിൽ എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്നു. തുടർന്നുള്ള നടപടി ക്രമങ്ങൾക്ക് വേണ്ടിയാണ് ഇയാൾ ഈ അഭിഭാഷകനെ സമീപിക്കുന്നത്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ വഴിത്തിരിവ്. മികച്ച പ്രതികണം ലഭിച്ച ഈ ചിത്രത്തിന്റെ സംവിധാനാവും തിരക്കഥയും നായകനായ എം ജി ശ്രീനിവാസ് ആണ്. അനാവശ്യ ഫൈറ്റ് സീക്വെൻസുകളോ ഡയലോഗുകളോ ഒന്നും തന്നെയില്ലാതെ അഭിനയിച്ച ഓരോ കഥാപാത്രത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമ കന്നഡ ഭാഷയിൽ കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്.

ആ കരാള രാത്രി 2018


മികച്ച കഥയും അതിലും മികച്ച ക്ളൈമാക്‌സോടുകൂടിയ ചിത്രം എന്നാണ് ഈ സിനിമയെ അറിയപ്പെടുന്നത്. പേരുപോലെ തന്നെ ഒരു പേടിപ്പെടുത്തുന്ന രാത്രിയെ കുറിച്ചാണ് പറയുന്നത്. വളരെ ശാന്തമായ എന്നാൽ വിജനമായ ഒരു ഗ്രാമപ്രദേശമാണ് ചിത്രത്തിൽ കാണിക്കുന്നത്. അവിടെ ഒരു കുടിലിൽ ഒരു അച്ഛനും അമ്മയും മകളും. വളരെ ദരിദ്ര്യപൂർണമായ ഒരു ജീവിതം നയിക്കുന്ന അവരുടെ ഇടയിലേക്ക് ഒരു നാടോടി വന്ന് പ്രവചനം നടത്തുകയാണ്. 'ഇന്ന് രാത്രിയോട് കൂടി ഈ വീട്ടിൽ ഒരു അത്ഭുതം നടക്കാൻ പോകുന്നു' എന്നാണ് അയാൾ പറയുന്നത്. അന്ന് നടക്കുന്ന ഒരു സംഭവവും ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത വമ്പൻ ട്വിസ്റ്റോടുകൂടിയ അവസാനാവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദയാൽ പദ്മനാഭൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ ഗൗഡ, കാർത്തിക് ജയറാം, വീണ സുന്ദർ, രംഗയാന രഘു, എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ലൂസിയ 2013

2013ൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ പ്രശസ്ത സംവിധായകൻ പവൻ കുമാർ ഒരുക്കിയ ചിത്രമാണ് ലൂസിയ. ഏകദേശം 110 ആളുകളാണ് ഇതിന്റെ നിർമ്മാതാക്കൾ. നിക്കി എന്ന കഥാപാത്രത്തിന്റെ ഒരു സ്വപനയാത്രയാണ് കഥ. സിനിമ തിയേറ്ററിൽ, കാണികൾക്ക് സീറ്റ് കാണിച്ചുകൊടുക്കുന്ന ജോലിയാണ് നിക്കിയുടേത്.


നിക്കിക്ക് രാത്രികാലങ്ങളിൽ ഉറക്കം വരാത്തത് കൊണ്ട് തന്നെ പ്രത്യേക മരുന്ന് കഴിക്കുകയും ചെയ്യുന്ന പതിവുണ്ട്. തുടർന്ന് കിട്ടുന്ന ഉറക്കത്തിൽ നിക്കി സ്വപനം കാണുകയും ഇത് അടുത്ത ദിവസം വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നു. നിക്കി കാണുന്ന സ്വപ്നവും യഥാർത്ഥ ജീവിതവുമാണ് സിനിമയിലൂടെ കാണിക്കുന്നത്, തുടർന്ന് ഈ സ്വപനവും നിക്കിയുടെ യഥാർത്ഥ ജീവിതവും കൂട്ടിമുട്ടുന്നിടത്താണ് കഥ മാറുന്നത്. വെറും 50 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രമാണ് ഇതെങ്കിലും സിനിമയുടെ നിർമ്മാണത്തിലും ചിത്രീകരണത്തിലും എഡിറ്റിംഗിലുമൊന്നും ഒരു സാധാരണ ചിത്രം കാണുന്ന അനുഭവമല്ല 'ലൂസിയ' നൽകുന്നത്.

ഒണ്ടു മൊട്ടയ കാതെ 2017


അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത 'തമാശ' എന്ന മലയാളം ചത്രത്തിന്റെ യഥാർത്ഥ പതിപ്പാണ് ഈ കഥ. മലയാള സിനിമ പ്രേക്ഷകർ വിജയിപ്പിച്ച 'തമാശ'യുടെ കഥ വളരെയേറെ ശ്രദ്ധേയമായിരുന്നു.സൗന്ദര്യം എന്നതിനെ ഇപ്പോഴും പുറമെ നിന്ന് നോക്കികാണുന്നവർക്ക് ഒരു പാഠവും സമൂഹത്തിനു മുൻപിൽ കളിയാക്കൽ നേരിടുന്നനവർക്ക് ഒരു പ്രചോദനവും പിന്തുണയുമാണ് ചിത്രം. 'ഒണ്ടു മൊട്ടയ കാതെ' എന്ന നിരവധി ചലച്ചിത്രമേളകളിലും ഇടം നേടിയിട്ടുണ്ട്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് 'ഗരുഡ ഗമന വൃഷഭ വാഹന' എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനും നടനുമായ രാജ് ബി ഷെട്ടിയാണ്.

ഉലിടവരു കണ്ടന്തെ 2014


'ഉലിടവരു കണ്ടന്തെ' എന്നാൽ ഒരു സംഭവം നടക്കുന്നു അതിൽ ബാക്കിയുള്ളവർക്ക് എന്താണ് പറയാനുള്ളത് എന്നാണ്. മംഗലാപുരം, മാൽപെ, ഉഡുപ്പി എന്നെ സ്ഥലങ്ങളിൽ നടക്കുന്ന സംഭവമാണ് കഥ. ചിത്രത്തിൽ മാധ്യമപ്രവർത്തകയായ നായിക ഒരു സംഭവത്തെ കുറിച്ച് ഫീച്ചർ സ്റ്റോറി തയാറാക്കുന്നതിന് വേണ്ടി, സംഭവം നടന്നത് കണ്ട ആളുകളുമായി സംസാരിച്ചു അവർക്കെന്താണ് പറയുണുള്ളത് എന്ന് കണ്ടെത്തി എഴുതുന്നു. ചിത്രത്തിൽ ഗുണ്ടയായി എത്തുന്നത് റിച്ചി എന്ന കഥാപത്രമാണ്. ഈ കഥ തന്നെയാണ് തമിഴിൽ 'റിച്ചി' എന്ന പേരിൽ എത്തിയത്. സിനിയമയുടെ സംവിധാനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. പല സീനുകളും പ്രത്യേകം കാണിച്ചിട്ടുണ്ട്. മറ്റൊന്ന് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്. തമിഴിൽ ഇറങ്ങിയ നിവിൻ പൊളി ചിത്രം വിജയം നേടാൻ സാധിച്ചില്ലെങ്കിലും കന്നഡ ചിത്രം അതിൽ നിന്നും ഏറെ വ്യത്യസ്തമാണ്. സിനിമയിൽ നായകനായി എത്തുന്നത് സംവിധായകനായ രക്ഷിത് ഷെട്ടി തന്നെയാണ്.

കാവലുദാരി 2019


കന്നഡ സിനിമയിലെ മറ്റൊരു ക്രൈം ത്രില്ലർ ചിത്രമാണ് 2019ൽ ഹേമന്ത് റാവു സംവിധാനം ചെയ്ത കാവലുദാരി. ഈ ചിത്രം ആമസോൺ പ്രൈമിൽ ലഭ്യമാണ്. കണ്ടിരിക്കേണ്ട ഒരു മികച്ച ക്രൈം ചിത്രം തന്നെയാണ് 'കാവലുദാരി' എന്നതിൽ സംശയമില്ല. 1970ൽ സംഭവിക്കുന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് കഥ മുന്നോട്ടു പോകുന്നത്. അന്ന് തെളിവുകൾ ഒന്നും ലഭിക്കാതെ പോകുന്ന ആ കേസ് 49 വർഷങ്ങൾക്ക് ശേഷം വീണ്ടും അന്വേഷിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. സിനിമ പറയുന്ന രീതിയും ചിത്രീകരണത്തിലെ വ്യത്യസ്തതയും തന്നെയാണ് മികച്ചതാക്കുന്നത്. ചിത്രത്തിൽ ഋഷിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ അനന്ത് നാഗ്, അച്യുത് കുമാർ, സിദ്ധാർഥ് മദ്യമിക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

അവനെ ശ്രീമൻനാരായണ 2019


കന്നഡ സിനിമയ്ക്ക് ഇപ്പോഴും ലഭിക്കാത്ത മികച്ച കഥകളിൽ ഒന്നാണ് ഈ സിനിമ. ഒരു ഫാന്റസി ചിത്രം കൂടിയായ സിനിമ, അതിനു വേണ്ട എല്ലാ ചേരുവകളും ഒത്തുചേർത്ത് കൊണ്ടുവന്ന ഒരു മാസ്സ് ത്രില്ലറാണ് 'അവനെ ശ്രീമൻനാരായണ'. 2019ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ രവിയാണ്. വളരെ രസകരമായി കഥപറയുന്ന ഈ സിനിമ തുടക്കം മുതൽ ഒടുക്കം വരെ ഒരേപോലെ ആകാംക്ഷ നിറക്കുന്നുണ്ട്. സിനിമയുടെ എഡിറ്റിംഗ്, വിഎഫ്എക്സ് തന്നെയാണ് മറ്റൊരു പ്രത്യേകത. ഒപ്പം പശ്ചാത്തല സംഗീതം കൂടി കഥയ്ക്ക് ചേരുംവിധം ഒരുക്കിയിരിക്കുന്നു. അമരാവതി എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥ. ഒരു നാടക സംഘം നടത്തുന്ന മോഷണം കണ്ടെത്താൻ ശ്രമിക്കുന്ന ഭരണാധികാരിക്ക് പക്ഷെ ആ നിധി ലഭിക്കുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം ഭരണാധികാരിയുടെ രണ്ടുമക്കളും ആ നിധി കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇവർക്കിടയിലേക്കാണ് നാരായണ എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഓരോ കാഴ്ചക്കാരനെയും ആസ്വദിപ്പിക്കുന്നതാണ്. ചിത്രത്തിൽ രക്ഷിത് ഷെട്ടി, ഷാൻവി ശ്രീവാസ്‌തവ, ബാലാജി മനോഹർ, പ്രമോദ് ഷെട്ടി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

ഗരുഡ ഗമന വൃഷഭ വാഹന 2021


പതിവു കന്നഡ ഗ്യാങ്സ്റ്റർ സിനിമകളിൽ നിന്ന് വളരെ വ്യത്യസ്ത തീർത്ത സിനിമയിയാണ് 'ഗരുഡ ഗമന വൃഷഭ വാഹന'. രാജ് ബി.ഷെട്ടിയുടെ ശിവ അവതാരം എന്ന് വിശേഷിപ്പിക്കാൻതക്ക ശക്തിയുള്ള സിനിമ. 'ഒണ്ടു മൊട്ടേയ കത' എന്ന ആദ്യ സിനിമയിലൂടെ വരവറിയിച്ച സംവിധായകനാണ് രാജ്ഷെട്ടി. ഒരു ത്രിമൂർത്തി സങ്കൽപമാണ് ഈ ചിത്രം. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളായ ബ്രഹ്മവിഷ്ണുമഹേശ്വര സങ്കൽപത്തിൽ ചുവടുറപ്പിച്ചൊരു കഥ. വളരെ പരിമിതമായി സ്ത്രീകഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന സിനിമ അതിന്റെ അവസാനം വരെ ഓരോ കാണികളെയും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ഹരിയും ശിവയും ബ്രഹ്മയ്യ എന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. ഹരി ഗാങ് ലീഡർ ആകാൻ കാരണമാകുന്നത് ശിവയാണ്. ഹരിയുടെ നിഴലായി ശിവയും. ഇവർക്ക് നേരെയാണ് ബ്രഹ്മയ്യ വരുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രം കന്നഡ സിനിമയിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണ് എന്ന് വിശേഷിപ്പിക്കാം.

story Highlights: Do not ignore Kannada movies; list of Malayalee audiences must watch kannada movies

Next Story