Top

നോട്ടീസിലും ജി സുധാകരന് വെട്ട്, എംഎല്‍എ ഓഫിസില്‍ നിന്നുള്ള നോട്ടീസില്‍ ഫോട്ടോഷോപ്പ്; അടിത്തട്ടിലെ അമ്പലപ്പുഴ വിഭാഗീയത

10 Nov 2021 4:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോട്ടീസിലും ജി സുധാകരന് വെട്ട്, എംഎല്‍എ ഓഫിസില്‍ നിന്നുള്ള നോട്ടീസില്‍ ഫോട്ടോഷോപ്പ്; അടിത്തട്ടിലെ അമ്പലപ്പുഴ വിഭാഗീയത
X

അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വിവാദത്തിന് പിന്നാലെ ജില്ലയിലെ സിപിഐഎമ്മിനകത്ത് അസ്വാരസ്യങ്ങള്‍ തുടരുന്നു. പുന്നപ്രയിലെ ഗവ ജെ ബി സ്‌കൂള്‍ ഉത്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസുകളില്‍ നിന്ന് ജി സുധാകരന്റെ പേര് ഫോട്ടോഷോപ് ചെയ്ത് നീക്കിയ സംഭവമാണ് അതിലേറ്റവും പുതിയത്. എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂളിന്റെ ഉദ്ഘാടന നോട്ടീസിലെ സ്‌കൂളിന്റെ ചിത്രത്തിലാണ് ഫോട്ടോഷോപ് നടന്നത്.

സ്‌കൂളിന്റെ മുന്‍മതിലിലെ ജി സുധാകരന്റെ വലിയ അക്ഷരങ്ങളിലുള്ള ചുവരെഴുത്ത് മായ്ച്ചുകളഞ്ഞായിരുന്നു നോട്ടീസില്‍ പതിച്ചത്. എച്ച് സലാം എംഎല്‍എയുടെ ഓഫീസില്‍ നിന്ന് എത്തിച്ച നോട്ടീസിലാണ് എഡിറ്റുചെയ്ത ചിത്രമുണ്ടായിരുന്നത്. ഉദ്ഘാടകനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേരുള്ള നോട്ടീസില്‍ അധ്യക്ഷന്റെ സ്ഥാനത്ത് എംഎല്‍എയുടെയും അതിഥിയായി എ എം ആരിഫ് എംപിയുടെയും പേരുകളാണുണ്ടായിരുന്നത്.

ജി സുധാകരന്റെ പേര് വെട്ടിയ നോട്ടീസ് വിതരണത്തിനെത്തിയതോടെ വിവാദമായെന്നും ഇതോടെ എംഎല്‍എ ഓഫീസില്‍ നിന്നെത്തിയവര്‍ നോട്ടീസ് തിരികെ കൊണ്ടുപോകുകയും ചെയ്തതായി സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് പ്രശാന്ത് പറയുന്നു. നോട്ടീസില്‍ പ്രിന്‍സിപ്പലിന്റെ പേരിലടക്കം അക്ഷരതെറ്റുണ്ടെന്ന വിശദീകരണമാണ് ഇവര്‍ നല്‍കിയതെന്നും പ്രശാന്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പിന്നീട് പുതിയ നോട്ടീസ് അച്ചടിച്ച് എത്തിക്കുകയും ചെയ്തു. പുതിയ നോട്ടീസിലെ സ്‌കൂളിന്റെ ചിത്രത്തില്‍ ഇത്തവണ ജി സുധാകരന്റെ പേര് വ്യക്തമായുണ്ടായിരുന്നു.

പുതിയ നോട്ടീസ്


നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച എച്ച് സലാമിന്റെ പരാതിയില്‍ മുന്‍ മന്ത്രി ജി സുധാകരന് പരസ്യശാസനയായിരുന്നു സിപിഐഎം നടപടി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശുപാര്‍ശ ചെയ്യപ്പെട്ട നടപടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗീകരിക്കപ്പെടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്ന അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി.

ജില്ലയിലെ വിവിധ തട്ടിലുള്ള നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും എളമരം കരീമും കെ ജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുധാകരന്റെ നിഷേധ സ്വഭാവം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു, എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തെ പ്രതിരോധിച്ചില്ല, സ്ഥാനാര്‍ത്ഥിത്വം കിട്ടാതായപ്പോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല തുടങ്ങിയ കാര്യങ്ങളായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

തെളിവെടുപ്പ് ഘട്ടത്തില്‍ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സിറ്റിംഗില്‍ ജി സുധാകരനെതിരെ കടുത്ത ആരോപണങ്ങള്‍ എച്ച് സലാമിന്റെയും എ എം ആരിഫ് എംപിയുടെയും ഭാഗത്ത് നിന്നുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അതേസമയം, സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിനെതിരായും ചില പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ പിന്നീടുണ്ടായെന്നും വിവരമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നുമായിരുന്നു പരാമര്‍ശങ്ങള്‍. പൊതുവില്‍ നേതാക്കള്‍ തമ്മിലെ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന നിരീക്ഷണമുണ്ടായി.

Next Story

Popular Stories