Top

'പരാതിയില്ല, പറഞ്ഞ ജോലി ചെയ്യും'; കെപിസിസി പട്ടികയില്‍ പ്രതികരണവുമായി പത്മജ വേണുഗോപാല്‍

വരാനിരിക്കുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെയും പത്മജ വേണുഗോപാല്‍ സ്വാഗതം ചെയ്തു

21 Oct 2021 4:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരാതിയില്ല, പറഞ്ഞ ജോലി ചെയ്യും; കെപിസിസി പട്ടികയില്‍ പ്രതികരണവുമായി പത്മജ വേണുഗോപാല്‍
X

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പത്മജ വേണുഗോപാല്‍. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരാതിയോ പ്രതിഷേധമോ ഇല്ല. പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. ഒരിക്കലും ഏതെങ്കിലും സ്ഥാനം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ചെയ്യും. നിര്‍വ്വാഹക സമിതിയിലേക്ക് തഴഞ്ഞതാണെന്ന് തോന്നുന്നില്ലെന്നും പാര്‍ട്ടിക്ക് എതിരായ പ്രതികരിക്കാനില്ലെന്നും പത്മജ വേണുഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

സംഘടനതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റിക്ക് വലിയ ഉത്തരവാദിത്വമാണുള്ളതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സംഘടന തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.

അതേസമയം, ഒരു വനിത നേതാവെന്ന നിലയില്‍ പട്ടികയില്‍ കൂടുതല്‍ വനിത പ്രാതിനിധ്യം വേണമെന്നാണ് അഭിപ്രായമെന്നും കെപിസിസി സെക്രട്ടറിമാരുടെ പട്ടിക പുറത്തുവരുമ്പോള്‍ ഈ പരാതി പരിഹരിക്കപ്പെടുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉറപ്പുനല്‍കിയിരിക്കുന്നതെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. പട്ടിക സംബന്ധിച്ച് പുറത്തുവന്ന അഭ്യൂഹങ്ങളോട് പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പരസ്യമായി പറയുന്ന ആളല്ല താനെന്നും എന്തെല്ലാം ചര്‍ച്ചകള്‍ നടന്നെന്ന് വെളിപ്പെടുത്താനില്ലെന്നുമായിരുന്നു നേതാവിന്റെ പ്രതികരണം.

പ്രഖ്യാപന പ്രകാരം എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരാണ് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ട്രഷററായി അഡ്വ. പ്രതാപചന്ദ്രനെ തെരഞ്ഞെടുത്തു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്ന് വനിതകളെയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പത്മജ വേണുഗോപാലിനെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കോ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിലെ സൂചനയെങ്കിലും നിര്‍വ്വാഹക സമിതി അംഗമായാണ് ചുമതല നല്‍കിയത്.

Next Story

Popular Stories