Top

'പാര്‍ട്ടിയില്‍നിന്ന് തന്നെ പറഞ്ഞ് വിടാന്‍ ചിലര്‍ക്ക് താല്‍പര്യം'; തുറന്നടിച്ച് എസ് രാജേന്ദ്രന്‍; ഇടുക്കി സിപിഐഎമ്മില്‍ പുതിയ പ്രതിസന്ധി

15 Aug 2021 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടിയില്‍നിന്ന് തന്നെ പറഞ്ഞ് വിടാന്‍ ചിലര്‍ക്ക് താല്‍പര്യം; തുറന്നടിച്ച് എസ് രാജേന്ദ്രന്‍; ഇടുക്കി സിപിഐഎമ്മില്‍ പുതിയ പ്രതിസന്ധി
X

ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിവാദങ്ങളില്‍ മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ സിപിഐഎം അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുമ്പോള്‍ പാര്‍ട്ടിയിലെ ഭിന്നത കുടുതല്‍ പുറത്ത് വരുന്നു. പാര്‍ട്ടിയില്‍നിന്ന് തന്നെ പറഞ്ഞ് വിടാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. സിപിഐയിലേയ്ക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി നടത്തിയ പ്രതികരണത്തിലായിരുന്നു എസ് രാജേന്ദ്രന്റെ ഒളിയമ്പ്.

ദേവികുളം എംഎല്‍എ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണകമ്മിഷന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയിലായിരുന്നു മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഐയിലേയ്ക്ക് പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. സിപിഐയിലേയ്ക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പ്രവര്‍ത്തനായി തുടരും. പാര്‍ട്ടി പുറത്താക്കിയാലും അവസാനകാലം വരെ ഒപ്പം നില്‍ക്കാമല്ലോ. മറ്റൊരു പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കുന്നില്ല, അതെല്ലാം ചിലരുടെ ആഗ്രഹങ്ങളാണ്. പാര്‍ട്ടിയില്‍നിന്ന് തന്നെ പറഞ്ഞ് വിടാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ട്. സിപിഐലേയ്ക്ക് പോകുമെന്ന വാര്‍ത്ത അതിന്റെ ഭാഗമാണ് എന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ജൂലായിലാണ് സിപിഐഎം എസ് രാജേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് പരാതിയില്‍ രണ്ടംഗ അന്വേഷണകമ്മിഷനെ നിയോഗിച്ചത്. അന്വേഷണ കമ്മീഷന്‍ അടിമാലി മേഖലയില്‍ തെളിവെടുപ്പ് നടത്തി. മൂന്നാര്‍, മറയൂര്‍ മേഖലകളില്‍ തെളിവെടുപ്പ് വരുംദിവസങ്ങളില്‍ നടക്കാനിരിക്കെയുമാണ് പുതിയ വിവാദം.

അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്തംഗവും 15 വര്‍ഷം എംഎല്‍എയുമായിരുന്നു എസ് രാജേന്ദ്രന്. ഇടുക്കിയിലെ തോട്ടംമേഖല ഉള്‍പ്പെടുന്ന മണ്ഡലത്തിലെ പള്ളര്‍ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയുമാണ് അദ്ദേഹം. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് സിപിഐഎം സീറ്റ് നല്‍കിയിരുന്നില്ല. പിന്നാലെയാണ് മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരെ അമ്പലപ്പുഴയില്‍ നിന്ന് ഉയര്‍ന്ന സമാനമായ ആരോപണം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെയും ഉയര്‍ന്നത്.

ദേവികുളത്ത് മത്സരിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായ എ രാജയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താാന്‍ ശ്രമിച്ചെന്ന ആരോപണമാണ് ഉയര്‍ന്നത്. സ്ഥാനാര്‍ഥിയാകാന്‍ എ രാജയ്ക്ക് എതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. ഇതുകൂടാതെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പ് ഉണ്ടാക്കാന്‍ ശ്രമം നടത്തുകയും ചെയ്തുവെന്നുമാണ് പ്രധാന ആക്ഷേപം. സിപിഐഎമ്മിന്റെ പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് രണ്ട് മുതിര്‍ന്ന പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ രാജേന്ദ്രനെ സിപിഐയിലെത്തിക്കാനുള്ള നീക്കം നടത്തുന്നത് എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഭാഗമായി പഴയമൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ കൂടിക്കാഴ്ച നടന്നു എന്നുമായിരുന്നു വാര്‍ത്തകള്‍.

Next Story

Popular Stories