'അത്ര നീറ്റായില്ല'; വിവാദങ്ങളില്‍ ഇടംപിടിച്ച് നീറ്റ് പരീക്ഷ

നിരവധി പിഴവുകളാല്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇത്തവണത്തെ നീറ്റ് പരീക്ഷ
'അത്ര നീറ്റായില്ല'; വിവാദങ്ങളില്‍ ഇടംപിടിച്ച് നീറ്റ് പരീക്ഷ

ഇത്തവണത്തെ നീറ്റ് പരീക്ഷ, അത്ര നീറ്റായിട്ടല്ല നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അസാധാരണമായ റിസള്‍ട്ടുകള്‍, അധികൃതരുടെ വിചിത്രമായ മറുപടികള്‍, പരീക്ഷയ്ക്ക് മുമ്പ് തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണങ്ങള്‍, അസാധാരണ വിജയം നേടിയവരില്‍ ഭൂരിപക്ഷവും ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നവരാണെന്ന ആരോപണങ്ങള്‍, ഇത്തരത്തില്‍ നിരവധി പിഴവുകളാല്‍ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇത്തവണത്തെ നീറ്റ് പരീക്ഷ.

നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വമായി മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍മാര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പതിവില്ലാതെ 67 പേരാണ് ഇത്തവണ ഫുള്‍മാര്‍ക്കോടുകൂടി ഒന്നാം റാങ്ക് നേടിയത്. ഇത് നിരവധി സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്.

രാജ്യത്തെ ചില ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചു വന്നിരിക്കുന്നത് എന്നതും ഗുരുതരമായ ഒരു ആരോപണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മാധ്യമ ശ്രദ്ധ കിട്ടാത്ത വിധത്തില്‍ നീറ്റ് പരീക്ഷാ ഫലം ഒളിച്ചുകടത്തിയെന്ന ആരോപണവുമുണ്ട്. നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ തന്നെ സംഭവിക്കാത്ത പല കാര്യങ്ങളും ഇത്തവണ സംഭവിച്ചിട്ടുണ്ടെന്നാണ് വിവാദങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

ഒരു ചോദ്യത്തിന് 4 മാര്‍ക്ക് എന്ന രീതിയില്‍ നീറ്റ് പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 720 ആണ്. ഒരു ചോദ്യം ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കു കൂടി കുറച്ച് 715 മാര്‍ക്കാണ് കിട്ടുക. അതായത് ഫുള്‍മാര്‍ക്ക് ലഭിക്കാത്ത ഒരു വിദ്യാര്‍ത്ഥിക്ക്, തൊട്ടടുത്തതായി ലഭിക്കേണ്ട മാര്‍ക്ക് 716 അല്ലെങ്കില്‍ 715 ആണ്. ഇതിനിടയില്‍ മറ്റൊരു ഓപ്ഷന്‍ ഇല്ല. എന്നാല്‍ ഇത്തവണ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചതായി കാണാം. ഇതും വിചിത്രമാണ്. ഗ്രേസ് മാര്‍ക്ക് നല്‍കിയതാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇങ്ങനെയൊരു ഗ്രേസ് മാര്‍ക്ക് ശീലം നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല.

എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് നീറ്റ് പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി, അഥവാ എന്‍ടിഎയുടെ ആദ്യ വിശദീകരണം. പരീക്ഷ വൈകി തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിന് പകരം കൊടുത്തതാണെന്ന് രണ്ടാമത്തെ വിശദീകരണം. 15 മിനിറ്റാണ് പലയിടത്തും പരീക്ഷ വൈകിത്തുടങ്ങിയത്. ഒരു ചോദ്യത്തിന് ഉത്തരമെഴുതാന്‍ കുട്ടിക്ക് ഒരു മിനിറ്റ് ശരാശരി സമയം കണക്കാക്കി, ഒരു ചോദ്യത്തിന് നാല് മാര്‍ക്ക് വീതം, 15 മിനിറ്റിന് കൊടുക്കുന്ന ഗ്രേസ് മാര്‍ക്ക് 60 ആണ്. അപ്പോള്‍, ഈ ഗ്രേസ് മാര്‍ക്കോടെ 720 മാര്‍ക്ക് കിട്ടിയ ഒരാളുടെ യഥാര്‍ഥ മാര്‍ക്ക് 680 ആയിരിക്കും. ഇത് നീറ്റ് പരീക്ഷയുടെ ഇതുവരെയുള്ള മെറിറ്റിനെ തന്നെ അട്ടിമറിക്കുകയാണ്.

600 മാര്‍ക്ക് മാത്രം ലഭിച്ച ഒരു വിദ്യാര്‍ത്ഥി 60 മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് ആയി ലഭിച്ച് 660ല്‍ എത്തി എംബിബിഎസിന് പ്രവേശനം നേടുമ്പോള്‍ പഠിച്ച് 650ഉം 640ഉം ഒക്കെ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടി വരുന്നു എന്നിടത്ത് ക്രൂരമായ ഒരു അനീതി അരങ്ങേറുന്നുണ്ട്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്രയധികം വിവാദങ്ങള്‍ ഉടലെടുക്കുമ്പോള്‍, എന്താണ് സംഭവിച്ചത് എന്നത് സുതാര്യമായി അറിയിക്കാനുള്ള ഉത്തരവാദിത്തം എന്‍ടിഎയ്ക്ക് ഉണ്ട്. എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണുകയാണ് വേണ്ടത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വര്‍ഷങ്ങളുടെ അധ്വാനത്തിനും, ഭാവിയെ കുറിച്ചുള്ള അവരുടെ പ്രതീക്ഷകള്‍ക്കും, അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ക്കും ഇതില്‍ കൂടുതല്‍ വില അധികൃതര്‍ കല്‍പിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com