'സുധാകരന് വേണ്ടി ചിലര്‍ ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തി, പിന്നീട് ഭയമുണ്ടായിരുന്നു'; പരാതിക്കാരന് റിപ്പോര്‍ട്ടര്‍ ടിവിയോട്
ചാനല്‍ ചര്‍ച്ചകളില്‍ സുധാകരനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഭയമുണ്ടായിരുന്നു
29 Sep 2021 6:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണങ്ങളില്‍ കെ സുധാകരനെക്കുറിച്ച് പറയാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി പരാതിക്കാരന് അനൂപ്. നേരിട്ടും ഫോണിലൂടെയും പലരും തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും അനൂപ് മുഹമ്മദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
അനൂപ് പറഞ്ഞത്:
പരാതി നല്കിയതിനുശേഷം കെ സുധാകരന് എന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഒന്നു രണ്ട് ആളുകള്‍ വിളിച്ചിരുന്നു. പരാതി മാധ്യമങ്ങളില്‍ വന്ന സമയത്ത് സുധാകരന് ഇക്കാര്യത്തില്‍ നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ല എന്ന രീതിയില്‍ മീഡിയ വണ്ണിന് ഞാന്‍ നല്കിയ സ്റ്റേറ്റ്മെന്റ് മറ്റിടങ്ങളിലും ആവർത്തിച്ചാല്‍ മതിയെന്നും അതാണ് ശരിയെന്നും രീതിയില്‍ സംസാരിച്ചു. അങ്ങനെ മാത്രമേ പറയാവുള്ളൂ എന്നൊരാള്‍ നിർദേശം നല്കി. മറ്റൊരാളുടേത് ഭീഷണിയുടെ ശബ്ദമായിരുന്നു. പിന്നീട് തൃശ്ശൂരിലേക്ക് നേരിട്ട് വന്നും ഇത് ആവര്‍ത്തിച്ചിരുന്നു.
ഞാന്‍ ഒരു വലിയ വ്യക്തിയെക്കുറിച്ചാണ് സംശയം പ്രകടിപ്പിക്കുന്നത് എന്നറിയാം. അതുകൊണ്ട് തന്നെ ചാനല്‍ ചര്‍ച്ചകളില്‍ സുധാകരനെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ വിളിച്ചവരോടെല്ലാം മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ എല്ലാം വ്യക്തമാക്കിയതാണെന്നും അതുള്ളപ്പോള്‍ സ്റ്റേറ്റ്മെന്റ് മാറ്റേണ്ട ആവശ്യം എനിക്കില്ലെന്നും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ സുധാകരന്റെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇദ്ദേഹത്തെ ഇരുത്തി പണം കൈമാറിയിട്ടുണ്ട്. അദ്ദേഹമാണ് ഇതെല്ലാം ചെയ്യുന്നതെന്ന് മോന്സണ് പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചോ ആറോ തവണ സുധാകരന് അവിടെയെത്തിയതായി എനിക്ക് അറിയാം. അദ്ദേഹം അതെല്ലാം ഡല്‍ഹിയില്‍ ക്ലിയര്‍ ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ കരുതിയത്.