Top

പറ്റാവുന്നതെല്ലാം 'തീര്‍പ്പാക്കി'; കൊടപ്പനക്കലിലെ ഡയറി അടുത്ത തലമുറയ്ക്ക് കൈമാറി തങ്ങളുടെ വിടപറച്ചില്‍

തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ കക്ഷികളുടെ സാന്നിധ്യത്തിലാണ് എഴുതി വെയ്ക്കുക.

6 March 2022 12:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പറ്റാവുന്നതെല്ലാം തീര്‍പ്പാക്കി; കൊടപ്പനക്കലിലെ ഡയറി അടുത്ത തലമുറയ്ക്ക് കൈമാറി തങ്ങളുടെ വിടപറച്ചില്‍
X

മലപ്പുറം: തന്നെ തേടി കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്നവരെ കാണാന്‍ ഇനി ഹൈദരലി തങ്ങളില്ല. പതിറ്റാണ്ടുകളായി സഹായ അഭ്യര്‍ത്ഥനകളുടേയും തര്‍ക്ക പരിഹാരങ്ങളുടേയുമെല്ലാം വേദിയാണ് കൊടപ്പനക്കല്‍ തറവാട്. കുട്ടിക്കാലം മുതലേ വീട്ടിലെ തിരക്കുകളും ഒട്ടേറെ മനുഷ്യരേയും കണ്ടാണ് 'ആറ്റ' വളര്‍ന്നത്. വലിയൊരു ജനസഞ്ചയത്തെ നയിക്കാന്‍ ഹൈദരലി അങ്ങനെ പാകപ്പെട്ടു. പിതാവ് മരണപ്പെട്ടതോടെ രാഷ്ട്രീയ രംഗത്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും മതരംഗത്ത് ഉമറലി ശിഹാബ് തങ്ങള്‍ക്കും കൂടുതല്‍ ചുമതലകളുണ്ടായി. ജ്യേഷ്ഠന്‍മാരുടെ സഹായിയുടെ റോളായിരുന്നു ഹൈദരലിക്ക് ആദ്യം. തര്‍ക്കങ്ങളും സഹായ അഭ്യര്‍ത്ഥനകളും മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കുമ്പോള്‍, 'ഇന്നത് തീര്‍പ്പാക്കി' എന്ന് എഴുതിക്കൊടുത്തിരുന്നത് ഹൈദരലി തങ്ങളാണ്. അങ്ങനെയൊരു രീതി ഇപ്പോഴും കൊടപ്പനക്കല്‍ തറവാട്ടിലുണ്ട്. തീര്‍പ്പാക്കുന്ന വിഷയങ്ങള്‍ കക്ഷികളുടെ സാന്നിധ്യത്തിലാണ് എഴുതി വെയ്ക്കുക.

മുഹമ്മദ് ശിഹാബലി തങ്ങളുടേയും ഉമറലി ശിഹാബ് തങ്ങളുടേയും നിര്യാണത്തോടെ രണ്ടു പേരുടേയും ഉത്തരവാദിത്തങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ചുമലിലായി. കൂടുതല്‍ സമയം സംഘടനാ പ്രവര്‍ത്തനത്തിനും വീട്ടിലെത്തുന്നവര്‍ക്കും വേണ്ടി മാറ്റിവെച്ച് ഹൈദരലി തങ്ങള്‍ അവയെല്ലാം തീര്‍പ്പാക്കിക്കൊണ്ടിരുന്നു. ആഴ്ച്ചയില്‍ ഏഴു ദിവസവും തിരക്കായിരിക്കും. ചൊവ്വാഴ്ച്ച മുഴുവന്‍ സമയവും വീട്ടിലുണ്ടാകും. മറ്റ് ദിവസങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാനുള്ള യാത്ര. മിക്കപ്പോഴും തിരിച്ചെത്തുമ്പോള്‍ അര്‍ധരാത്രി കഴിയും. എങ്കിലും പിറ്റേന്ന് പ്രഭാത പ്രാര്‍ത്ഥനയ്ക്ക് പള്ളിയിലുണ്ടാകും. പ്രാതല്‍ കഴിഞ്ഞയുടന്‍ കര്‍ത്തവ്യങ്ങളിലേക്ക്. പത്രം വായിക്കാനുള്ള സമയമെല്ലാം കണ്ടെത്തിയിരുന്നത് യാത്രയ്ക്കിടയിലാണ്.

ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞെങ്കിലും കൊടപ്പനക്കല്‍ തറവാട്ടിലെ തിരക്കിന് കുറവുണ്ടാകില്ല. തീര്‍പ്പാക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇനിയുമുണ്ടാകും. കൊടപ്പനക്കല്‍ തറവാട്ടിലെ രജിസ്റ്റര്‍ പുതിയ തലമുറയ്ക്ക് കൈമാറ്റം ചെയ്യപ്പെടും. സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അദ്ധ്യക്ഷനാകുക. ഹൈദരലി തങ്ങള്‍ രോഗബാധിതനായതിന് ശേഷം, കഴിഞ്ഞ കുറച്ചുമാസങ്ങളായി സാദിഖലി തങ്ങളുടെ നേതൃത്വത്തിലാണ് ലീഗിന്റെ യോഗങ്ങള്‍ ചേര്‍ന്നിരുന്നത്. മുനവറലി ശിഹാബ് തങ്ങള്‍, മുയീനലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ രാഷ്ട്രീയ-സമുദായ സംഘടനാരംഗങ്ങളില്‍ സജീവമാണ്.

Next Story