Top

'രാഹുൽ ​ഗാന്ധി ഇന്ത്യാവിരുദ്ധ കാഴ്ചപ്പാടിനൊപ്പം'; ജെറമി കോർബിനുമായുള്ള ചിത്രത്തെ ചൊല്ലി കോൺ​ഗ്രസ് ബിജെപി പോര്

ബിജെപി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ കിരൺ റിജിജു ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ഒരാൾക്ക് സ്വന്തം രാജ്യത്തിനെതിരെ എത്രകാലം മുന്നോട്ട് പോകാനാകും എന്ന് ചോദിച്ചതോടെയാണ് പോര് മുറുകിയത്

24 May 2022 6:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുൽ ​ഗാന്ധി ഇന്ത്യാവിരുദ്ധ കാഴ്ചപ്പാടിനൊപ്പം; ജെറമി കോർബിനുമായുള്ള ചിത്രത്തെ ചൊല്ലി കോൺ​ഗ്രസ് ബിജെപി പോര്
X

ന്യൂഡൽഹി: കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധി ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ പോർമുഖം തുറന്ന് ബിജെപി. ലണ്ടനിലേക്കുള്ള യാത്രക്കിടയിലാണ് രാഹുൽ യുകെ പ്രതിപക്ഷനേതാവായ ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയത്. യുകെ പ്രതിപക്ഷനേതാവിന്റെ ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകൾക്കൊപ്പമാണോ രാഹുൽ എന്ന് ബിജെപി ചോദിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോർബിനുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ച് ഇദ്ദേഹവും കോർബിന്റെ ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകളെ അം​ഗീകരിക്കുന്നുണ്ടോ എന്ന് കോൺ​ഗ്രസും തിരിച്ചടിച്ചു.


ലണ്ടൻ സന്ദർശനത്തിനിടയിൽ തിങ്കളാഴ്ചയാണ് രാഹുൽ ​ഗാന്ധിയും ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയറായ സാം പിത്രോഡയും ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയത്. ഈ ചിത്രം ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് പങ്കുവെക്കുകയും ചെയ്തു. ബിജെപി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ കിരൺ റിജിജു ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ഒരാൾക്ക് സ്വന്തം രാജ്യത്തിനെതിരെ എത്രകാലം മുന്നോട്ട് പോകാനാകും എന്ന് ചോദിച്ചതോടെയാണ് പോര് മുറുകിയത്.


''വീണ്ടും.. ഇന്ത്യയോടുള്ള വെറുപ്പിനും ഇഷ്ടക്കേടിനും പേരുകേട്ട, കശ്മീർ വിഭജനത്തിന് വാദിച്ച യുകെ എംപിയും ലേബർ നേതാവുമായ ജെറമി കോർബിനുമായി രാഹുൽ ​ഗാന്ധി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ഒരാൾക്ക് സ്വന്തം രാജ്യത്തിനെതിരെ എത്രകാലം മുന്നോട്ട് പോകാനാകും'' എന്ന് റിജിജു ട്വിറ്ററിൽ കുറിച്ചു.

ജെറമി കോർബിൻ ഇന്ത്യ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകളിൽ കുപ്രസിദ്ധനാണ്. അദ്ദേഹം കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്ന് പരസ്യമായി വാദിക്കുന്നു. ജെറമി കോർബിനുമായി രാഹുൽ ഗാന്ധി ലണ്ടനിൽ എന്താണ് ചെയ്യുന്നതെന്നും ബിജെപി നേതാവ് കപിൽ മിശ്ര പറഞ്ഞു.


അതേസമയം ഗവൺമെന്റിന്റെയും കപിൽ മിശ്രയുടെയും വിഡ്ഢി അജണ്ടയെ സേവിക്കാൻ മാധ്യമങ്ങളിലെ പ്രിയ സുഹൃത്തുക്കൾക്ക് ഇങ്ങനെ പുറകോട്ട് വളയേണ്ടിവരുന്നതിൽ താൻ ആശ്ചര്യപ്പെടുന്നുവെന്ന് കോൺ​ഗ്രസ് വക്താവ് റൺദീപ് സുർജേവാല തിരിച്ചടിച്ചു. നരേന്ദ്രമോദി കോർബിനുമായി കൂടിക്കാഴ്ച നടത്തുന്ന പഴയ വാർത്ത പങ്കുവെച്ച് ഈ യോഗത്തിൽ പ്രധാനമന്ത്രി എന്താണ് ചർച്ച ചെയ്തതെന്നും, പ്രധാനമന്ത്രി ആ വീക്ഷണങ്ങൾ അംഗീകരിച്ചോ എന്നും മാധ്യമ സുഹൃത്തുക്കൾ ബിജെപിയോട് ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ മാധ്യമങ്ങളിലെ ചിലരെ പ്രത്യേകം പരാമർശിച്ചായിരുന്നു സുർജേവാലയുടെ മറുപടി ട്വീറ്റ്.

Story Highlights: 'Rahul Gandhi with an anti-India perspective'; Congress BJP fight over a picture with Jeremy Corbyn

Next Story