Top

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും നിരോധിച്ച് പാകിസ്താൻ; കാരണം ഇതാണ്

പാകിസ്ഥാൻ കൂടുതലായും ആശ്രയിക്കുന്നത് ഇറക്കുമതി വാഹനങ്ങളെയാണ്. ലോകോത്തര ബ്രാന്റുകളായ ബിഎംഡബ്ലിയു, മെഴ്സിഡസ് ബെൻസ്, ഓഡി, സുസൂക്കി തുടങ്ങിയവക്കാണ് പാകിസ്ഥാനിൽ പ്രിയം കൂടുതൽ.

21 May 2022 12:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും നിരോധിച്ച് പാകിസ്താൻ; കാരണം ഇതാണ്
X

ലാഹോർ: ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനമേർപ്പെടുത്തി പാകിസ്ഥാൻ. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. കാറുകൾ മാത്രമല്ല മൊബെെൽ ഫോണുകൾ, ​ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്തുക്കൾക്കെല്ലാം നിബന്ധന ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനം പാകിസ്ഥാന്റെ വിലപ്പെട്ട വിദേശ നാണ്യം സംരക്ഷിക്കാനാണെന്നും ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ അറിയിച്ചു. തീരുമാനം ശരിവെച്ച് പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി മറിയം ഔറൻ​ഗസേബും രം​ഗത്തെത്തി.

''ഇന്നലെ, പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായി അത്യാവശ്യമില്ലാത്ത എല്ലാ വസ്തുക്കൾക്കും ആഡംഭര വസ്തുക്കൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ഉണ്ടായി. ഇതിൽ ഭക്ഷ്യ വസ്തുക്കളും, ആഡംഭര വസ്തുക്കളും, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളും ഉൾപ്പെടും'' എന്ന് മറിയം ഔറൻ​ഗസേബ് പറഞ്ഞു. പാകിസ്ഥാനിലെ ചെറുകിട വ്യവസായങ്ങൾ, ചെറുകിട ഉത്പാദകർ എന്നിവർക്ക് ഈ തീരുമാനം ​ഗുണം ചെയ്യുമെന്നും അവർ അറിയിച്ചു. ഈ സാമ്പത്തിക പദ്ധതി രാജ്യത്തെ തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും മറിയം കൂട്ടിച്ചേർത്തു.



''സർക്കാരിന്റെ നമ്മൾ ചെലവുചുരുക്കൽ ശീലിക്കും, സാമ്പത്തികമായി ശക്തരായ ആളുകൾ ഈ ശ്രമത്തിന് നേതൃത്വം നൽകണം അതുവഴി നമുക്കിടയിലെ കുറഞ്ഞ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവർക്ക് ഭാരം വഹിക്കേണ്ടതായി വരില്ല'' എന്നാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ കുറിച്ചത്.

പാകിസ്ഥാൻ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. ഇറക്കുമതി പേയ്മെന്റുകൾക്കും കടബാധ്യതക്കും നൽകിയത് വഴി വിദേശ നാണ്യത്തിൽ കഴിഞ്ഞയാഴ്ചകളിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നു. പാകിസ്ഥാന്റെ സെൻട്രൽ ബാങ്കിന്റെ കെെവശമുള്ള വിദേശ നാണ്യ കരുതൽശേഖരം 2020 ജൂൺ മുതൽ ഏറ്റവും താഴ്ന്ന നിലയിലേക്കും പോയിരുന്നു. അതേസമയം സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്ന് ആറ് ദശലക്ഷം ഡോളറിനായി പാകിസ്ഥാന്റെ ചർച്ചകൾ പുരോ​ഗമിക്കുകയുമാണ്.



അയൽരാജ്യമായ ഇന്ത്യയെപ്പോലെ സമ്പന്നമായ ഓട്ടോമൊബെെൽ വ്യവസായമല്ല പാകിസ്ഥാന്റേത്. പാകിസ്ഥാൻ കൂടുതലായും ആശ്രയിക്കുന്നത് ഇറക്കുമതി വാഹനങ്ങളെയാണ്. ലോകോത്തര ബ്രാന്റുകളായ ബിഎംഡബ്ലിയു, മെഴ്സിഡസ് ബെൻസ്, ഓഡി, സുസൂക്കി തുടങ്ങിയവക്കാണ് പാകിസ്ഥാനിൽ പ്രിയം കൂടുതൽ. ഇറക്കുമതി വാഹനങ്ങളുടെ വലിയ മാർക്കറ്റായ പാകിസ്ഥാനിൽ വിൽപനയും വർധിച്ചിരുന്നു. പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളിൽ ജൂലെെ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇറക്കുമതി വാഹനങ്ങളുടെ വിൽപനയിൽ അമ്പതുശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 ധനവർഷത്തിലെ ആദ്യപാദത്തിൽ പാകിസ്ഥാനിൽ ഇറക്കുമതി വാഹനങ്ങൾ 158 ശതമാനം വളർച്ച നേടിയ സമയത്താണ് നിരോധനമെത്തുന്നത്.

Story Highlights: While Sales goes high Pakistan Government makes ban on all imported cars

Next Story