Top

എറണാകുളം ഡ‍ിസിസി ജനറൽ സെക്രട്ടറി സിപിഐഎമ്മിലേക്ക്; ''പി.ടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് ഇങ്ങനെയല്ല''

പാർട്ടിയുടെ സജീവ പ്രവർത്തകർക്കായിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ മുരളീധരൻ അസ്വസ്ഥരായ ആളുകൾ ഇനിയും പാർട്ടിയിലുണ്ടെന്നും വ്യക്തമാക്കി

19 May 2022 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എറണാകുളം ഡ‍ിസിസി ജനറൽ സെക്രട്ടറി സിപിഐഎമ്മിലേക്ക്; പി.ടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് ഇങ്ങനെയല്ല
X

കൊച്ചി: എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരൻ കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക്. തൃക്കാക്കര തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് മുരളീധരന്റെ ചുവടു മാറ്റം. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി അറിയിച്ചതിന് ശേഷവും ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാജി. ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം തകൃതിയായി തുടരുമ്പോഴാണ് കോൺഗ്രസ് നേതാവിന്റെ കൊഴിഞ്ഞു പോക്ക്. ഇത് യുഡിഎഫ് നേതൃത്വത്തിന് തലവേദനയാകും.

അതേസമയം ഇടത് മുന്നണിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് ഇടത് നേതാക്കൾക്കൊപ്പം വാ‍ര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്ത മുരളീധരൻ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിത്വം സജീവ പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ്. പി.ടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വ൦ നൽകിയല്ലെന്നും മുരളീധരൻ തുറന്നടിച്ചു. പാർട്ടിയുടെ സജീവ പ്രവർത്തകർക്കായിരുന്നു സീറ്റ് കൊടുക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ മുരളീധരൻ അസ്വസ്ഥരായ ആളുകൾ ഇനിയും പാർട്ടിയിലുണ്ടെന്നും അവർ തുറന്നു പറയാതിരിക്കുകയാണെന്നും വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർത്ഥിത്വം ഏകപക്ഷീയമായ തീരുമാനമായിരുന്നുവെന്നും മണ്ഡലത്തിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയിട്ടില്ലെന്നുമുള്ള ആരോപണവും മുരളീധരൻ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാൽ വിഷയത്തിൽ ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ലെന്നു പറഞ്ഞ അദ്ദേഹം പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും അറിയിക്കുകയായിരുന്നു.

പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാർഥിയാക്കിയതിൽ എംബി മുരളീധരൻ മുമ്പും പരസ്യമായി പ്രതികരിച്ചിരുന്നു. അതിനു പിന്നാലെ നേതാക്കളുടെ സമീപനം മോശമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. അതേസമയം ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരിൽ കണ്ട് പിന്തുണ തേടിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: Ernakulam DCC General Secretary MB Muraleedharan left UDF Camp and joined LDF side

Next Story