'വർഷങ്ങൾക്ക് ശേഷം ക്രിഞ്ചാണെന്ന് പറഞ്ഞവരോട്, സോഷ്യൽ മീഡിയയ്ക്ക് വേണ്ടി സിനിമ ചെയ്യില്ല'; വിനീത്

'കുറച്ചാളുകൾ നമ്മളെ വിമർശിക്കും എന്നുള്ളത് വലിയ പ്രശ്നമാക്കിയെടുത്ത് സോഷ്യൽ മീഡിയ ലോകത്തിന് വേണ്ടി മാത്രം സിനിമ ചെയ്യാനിരുന്നാൽ നമ്മുടെ സിനിമയ്ക്ക് അത്രയേ സ്വീകാര്യത ഉണ്ടാവുകയുള്ളു'
'വർഷങ്ങൾക്ക് ശേഷം ക്രിഞ്ചാണെന്ന് പറഞ്ഞവരോട്,  സോഷ്യൽ മീഡിയയ്ക്ക് വേണ്ടി സിനിമ ചെയ്യില്ല'; വിനീത്

മികച്ച അഭിപ്രായങ്ങൾക്കൊപ്പം ക്രിഞ്ച് എന്ന വിമ‍ർശനവും സോഷ്യൽ മീഡിയയിൽ വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ ഏറ്റുവാങ്ങറുണ്ട്. ഹൃദയത്തിലെ പ്രണയവും മറ്റ് സീനുകളും ക്രി‍ഞ്ചാണ് എന്ന തരത്തിൽ അഭിപ്രായങ്ങളെത്തിയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷത്തിലും ഇതേ അഭിപ്രായം ചില സോഷ്യൽ മീഡിയ വാളുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ട്രെൻഡായിക്കൊണ്ടിരിക്കുന്ന ക്രിഞ്ചിന് മറുപടി പറയുകയാണ് വിനാത് ശ്രീനിവാസൻ.

'റൊമാൻസ്, നൊസ്റ്റാള്‍ജിയ, പഴയ കാലം എന്നിങ്ങനെ ഇന്ന് കണക്ടാകാത്ത എന്ത് തൊട്ടാലും ആളുകൾ ക്രിഞ്ച് എന്ന് പറയും. പക്ഷെ നമ്മൾ ചിന്തിക്കേണ്ടത് വൈഡർ ഓഡിയൻസിനെ കുറിച്ചാണ്. 2018 എന്ന സിനിമയിൽ ജൂഡ് ആന്തണി മനപൂർവം വച്ച ചില സീനുകളുണ്ട്. സോഷ്യൽ മീഡിയയിൽ അതിനെ ക്രിഞ്ച് എന്ന് പറയും, പക്ഷെ അത് വൈഡർ ഓഡിയൻസിന് കണക്ടാകും. സിനിമയ്ക്ക് അങ്ങനെയൊരു വീക്ഷണം കൂടി വേണം. കുറച്ചാളുകൾ നമ്മളെ വിമർശിക്കും എന്നുള്ളത് വലിയ പ്രശ്നമാക്കിയെടുത്ത് സോഷ്യൽ മീഡിയ ലോകത്തിന് വേണ്ടി മാത്രം സിനിമ ചെയ്യാനിരുന്നാൽ നമ്മുടെ സിനിമയ്ക്ക് അത്രയേ സ്വീകാര്യത ഉണ്ടാവുകയുള്ളു എന്ന് എന്റെ ഉള്ളിലുള്ള ചിന്തയാണ്', വിനീത് പറഞ്ഞു.

'ഞാൻ വളരെ നൊസ്റ്റാള്‍ജിയ ഉള്ള ഒരു മനുഷ്യനാണ്. എന്നെപോലുള്ള മനുഷ്യന്മാരുണ്ട്. അവരെ നമ്മൾ സംബോധന ചെയ്യേണ്ടെ. സിനിമയിൽ അശ്വത്തിന്റെ കഥാപാത്രം ഒരു റെസ്റ്റോറന്റിൽ ചെല്ലുമ്പോൾ ഫിങ്കർ ബൗളിലെ വെള്ളം എടുത്ത് കുടിക്കുന്നുണ്ട്. അതൊക്കെ എന്ത് സീനാണ് എന്ന് എന്നോട് ചോദിച്ചവ‍രുണ്ട്. പക്ഷെ താനിത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് സന്ദേശമയച്ചവരുമുണ്ട്. വലിയ സാമ്പത്തിക അവസ്ഥയില്ലാത്ത ഒരാൾ ആദ്യമായി റെസ്റ്റോറന്റിൽ പോയി കഴിഞ്ഞാൽ അത് ചെയ്യും. സിനിമയിൽ അവിടെ ഹ്യൂമ‍‍ർ വർക്കാകുന്നുണ്ടെങ്കിലും അവിടെ ഒരു സാധാരണക്കാരന്റെ പ്രാതിനിധ്യം കൂടിയുണ്ട്. ഈ സൗകര്യങ്ങളെല്ലാം ലഭിച്ച ഒരാൾ ഇത് കാണുമ്പോൾ ക്രിഞ്ചായി തോന്നും,' അദ്ദേഹം വ്യക്തമാക്കി.

ഇം​ഗ്ലീഷ് പേടിച്ച് ആളുകൾ നടന്നു പോകുന്നത് കാണിക്കുമ്പോൾ ഇങ്ങനെയൊക്കെ മലയാളികൾ ചെയ്യുമോ, എന്ത് ക്രിഞ്ച് പരിപാടിയാണ് ഇതൊക്കെ എന്ന് പറഞ്ഞവരുണ്ട്. അതേസമയം, ഇം​ഗ്ലീഷ് ബുദ്ധിമുട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ക്ര‍ിഞ്ച് എന്ന് പറഞ്ഞ് എനിക്കെന്തെങ്കിലും കിട്ടിയാൽ അത് വാങ്ങി ഞാൻ പോക്കെറ്റിൽ വെച്ചോളാം, വിനീത് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'വർഷങ്ങൾക്ക് ശേഷം ക്രിഞ്ചാണെന്ന് പറഞ്ഞവരോട്,  സോഷ്യൽ മീഡിയയ്ക്ക് വേണ്ടി സിനിമ ചെയ്യില്ല'; വിനീത്
'പ്ലാസ്റ്റിക് സർജറി ഞാൻ ചെയ്തിട്ടില്ല, പക്ഷെ മുഖത്ത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് '; ബോളിവുഡ് നടൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com