ഗുണ്ടാ തലവൻ ആണോ, എങ്കിൽ മലയാള സിനിമയിൽ പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്

മലയാള സിനിമയിൽ ഇതിനു മുന്നേയും ഇത്തരം കോസ്റ്റ്യൂമിൽ എത്തിയ ചില ഇതര ഭാഷ ഗുണ്ടകൾ
ഗുണ്ടാ തലവൻ ആണോ, എങ്കിൽ മലയാള സിനിമയിൽ പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട്

കന്നഡ, തമിഴ്, തെലുങ്ക് സിനിമയിലെ വില്ലൻ കഥാപത്രങ്ങൾ അല്ലെങ്കിൽ ഗുണ്ടാ തലവൻമാരെ ശ്രദ്ധിച്ചിട്ടിലേ... കംപ്ലീറ്റ് വെള്ള ആയിരിക്കും കോസ്റ്റ്യൂം, പോരാത്തതിന് ഒരു ലോഡ് സ്വർണമാലയും കൂളിംഗ് ഗ്ലാസും കാണും. കാലങ്ങളായി ഇതിന് ഒരു മാറ്റവും വന്നിട്ടില്ല. മലയാള സിനിമയിലും ഇതര ഭാഷയിലെ ഗുണ്ടാ തലവന്മാരെ കാണിക്കുമ്പോൾ ഈ ശൈലിയാണ് പിന്തുടരുക.

വിഷു റിലീസായെത്തി തിയേറ്ററുകളിൽ ആവേശം നിറയ്ക്കുന്ന രംഗണ്ണൻ ബംഗളുരു നഗരത്തിലെ ഒരു ലോക്കൽ ഗുണ്ടയാണ്. വെള്ള ഷർട്ടും പാന്റ്സും ഒരു ലോഡ് സ്വർണമാലയും കൂളിംഗ് ഗ്ലാസ്സും വെച്ച് വരുന്ന രംഗൻ യുവാക്കൾക്കിടയിൽ ആവേശമാണിപ്പോൾ. സിനിമയിൽ രംഗന്റെ ഐഡന്റിറ്റി തന്നെ ഈ കോസ്റ്റ്യൂമാണ്. മലയാള സിനിമയിൽ ഇതിനു മുന്നേയും ഇത്തരം കോസ്റ്റ്യൂമിൽ എത്തിയ ചില ഇതര ഭാഷ ഗുണ്ടകൾ ഉണ്ട്.

കന്നഡയും മലയാളവും ഇടകലർത്തി സംസാരിക്കുന്ന കന്നഡ ചട്ടമ്പി മല്ലയ്യയാണ് മലയാളത്തിൽ ഈ ട്രെൻഡ് കൊണ്ട് വന്നത് എന്ന് വേണമെങ്കിൽ പറയാം. മമ്മൂട്ടി അവതരിപ്പിച്ച വീരേന്ദ്ര മല്ലയ്യയുടെ ഗെറ്റപ്പും ഡയലോഗും അന്ന് എന്നല്ല ഇന്നും ട്രെൻഡിൽ ഉണ്ട്. അതിനു ശേഷം മലയാളത്തിൽ ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും ഇതര ഭാഷ ഗുണ്ടകളെ കാണിക്കുമ്പോൾ വെള്ള നിറത്തിലുള്ള യൂണിഫോം നിർബന്ധമാക്കിയിരുന്നു.

'മധുരരാജ' ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷവും വെള്ളയായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ഗുണ്ടാ തലവൻ രാജ സൗന്ദര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കൊണ്ട് മീശയ്ക്ക് അല്പം നീളം കൂടിയിരുന്നു. രാജയുടെ കോസ്റ്റ്യൂം വെള്ള ഷർട്ടും മുണ്ടും കൂടെ ഒരു വേഷ്ടിയും ആണ്. പുള്ളിക്കാരനും ആഭരണങ്ങളിൽ കമ്പം ഉണ്ടായിരുന്നു. സൗത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക ഗുണ്ടയാണ് മധുര രാജ!

മമ്മൂട്ടിയുടെ തന്നെ 'കസബ' ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ച പരമേശ്വര നമ്പിയാരും ഒരു രാഷ്ട്രീയ ഗുണ്ടയാണ്. പൊതുവെ രാഷ്ട്രീയക്കാരുടെ വേഷം വെള്ളയായതുകൊണ്ട് ചിത്രത്തിൽ നമ്പിയാരെ അവതരിപ്പിച്ച സമ്പത് രാജും ഈ വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. 2017 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'അലമാര' എന്ന ചിത്രത്തിലും ഇതുപോലൊരു കഥാപാത്രമുണ്ട്. ഇന്ദ്രൻസ് അവതരിപ്പിച്ച ശ്രീരാമ ഷെട്ടി. 'പുത്തൻപണ'ത്തിലെ മമ്മൂട്ടിയുടെ നിത്യാനന്ദ ഷേണായിയും ഈ പാറ്റേണിൽ വസ്ത്രം ധരിച്ച വില്ലനാണ്. 'പുലിമുരുകനിലെ ഡാഡി ഗിരിജ ചിത്രത്തിന്റെ ക്ലൈമാക്സിൽ മാത്രമാണ് കറുപ്പ് വസ്ത്രത്തിൽ എത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com