'നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ല'; ഡാനിയൽ ബാലാജിയോട് ബിപിൻ ചന്ദ്രൻ

'വിടപറയാൻ നേരം നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ലല്ലോ'
'നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ല'; ഡാനിയൽ ബാലാജിയോട് ബിപിൻ ചന്ദ്രൻ

അന്തരിച്ച തമിഴ് നടൻ ഡാനിയൽ ബാലാജിയെ അനുസ്മരിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. ബിപിൻ ചന്ദ്രൻ തിരക്കഥയെഴുതി ആഷിഖ് അബു സംവിധാനം ചെയ്ത ഡാഡി കൂൾ എന്ന ചിത്രത്തിൽ ഡാനിയൽ ബാലാജിയായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണവേളയിലെ നടനുമായുളള അനുഭവങ്ങളാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ബിപിൻ ചന്ദ്രന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

'കമൽഹാസൻ എന്റെ നായകനല്ല'. വർഷങ്ങൾക്കു മുൻപ് വൈറ്റില അലങ്കാർ ബാറിലിരുന്ന് എന്നോട് ഈ ഡയലോഗ് പറഞ്ഞ മനുഷ്യൻ ഇന്നില്ല. അന്ന് വേട്ടയാട് വിളയാടും പൊല്ലാതവനും ഒക്കെ ഇറങ്ങി ഹിറ്റായിക്കഴിഞ്ഞ സമയമാണ്. ഇത് പറഞ്ഞത് ആ സിനിമകളിലെ കൊടും വില്ലനായ ഡാനിയൽ ബാലാജി ആയിരുന്നു. 'ഞാൻ അഭിനയിക്കുന്ന സിനിമകളിലെ സൂപ്പർ ഹീറോസ് എൻ്റെ കഥാപാത്രത്തിന്റെ നായകന്മാരല്ല. ഞാൻ അഭിനയിക്കുന്ന സിനിമകളിൽ ഞാനാണ് നായകൻ. കമലഹാസനും ധനുഷും ഒക്കെ എൻ്റെ കഥയിലെ വില്ലന്മാരാണ്. അങ്ങനെ നോക്കുമ്പോൾ നിങ്ങൾ എഴുതിവച്ച മമ്മൂട്ടി എൻ്റെ വില്ലൻ മാത്രമാണ് എനിക്ക്. അങ്ങനെ ഒരു ആറ്റിറ്റ്യൂഡ് പുലർത്തിയാലേ എന്റെ കഥാപാത്രത്തെ പരമാവധി നന്നാക്കാൻ കഴിയൂ.'

ഞാൻ സിനിമയിൽ വരുന്നത് ഡാഡി കൂളിലൂടെയായിരുന്നു. അതിലെ പ്രധാന വില്ലൻ കഥാപാത്രമായിരുന്നു ഡാനിയൽ ബാലാജി. ചെന്നൈയിൽ നിന്നുള്ള ഒരു ഫോൺ സംഭാഷണത്തിലൂടെ ആയിരുന്നു ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ആഷിക് അബുവിനോട് ചെന്നൈയിലെ ഏതോ ബാറിൽ ഇരുന്ന് സിനിമ ചർച്ച ചെയ്യുമ്പോൾ സക്കറിയയുടെ ഒരു കഥയെക്കുറിച്ച് ഡാനിയൽ ബാലാജി പറഞ്ഞു. കഥയുടെ തലക്കെട്ട് പുള്ളിക്ക് ഓർമ്മ ഉണ്ടായിരുന്നില്ല. സംശയം തീർക്കാൻ ആഷിക് എന്നെ ഫോണിൽ വിളിച്ചിട്ട് ബാലാജിക്ക് കൈമാറി. അന്ന് ഔപചാരികമായി കുറച്ചു സംസാരിച്ചു. പിന്നെ ഡാഡി കൂളിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലായിരുന്നു ഞങ്ങളുടെ പരിചയം മുറുകിമുറുകി വന്നത്.

ഞങ്ങൾ താമസിച്ചിരുന്നത് എറണാകുളത്ത് എരൂരിന് അടുത്തുള്ള റിവർഡെയിൽ എന്ന റിസോർട്ടിലായിരുന്നു. ഒരു കേയ്സ് ബിയർ ഞങ്ങൾ ദിവസവും മത്സരിച്ച് വായിച്ചുതീർക്കുന്ന സന്ധ്യകളും രാത്രികളും. ഡാനിയൽ ബാലാജിക്ക് ആ ഷൂട്ടിംഗ് സെറ്റിലെ പെർഫെക്റ്റ് ഗ്ലാസ്മേറ്റ് ആയിരുന്നു ഞാൻ. ഞങ്ങൾ മിക്കവാറും രാത്രികളിൽ സിനിമകളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു ദിവസം രാത്രിയിൽ റിസോർട്ടിന്റെ പുറത്ത് ആളൊഴിഞ്ഞ ഒരു കെട്ടിടത്തിന്റെ വശത്തിരുന്ന് മദ്യപിക്കുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് ബാലാജി ദൂരെയുള്ള ഇരുളടഞ്ഞ ഒരു ബിൽഡിങ്ങിലേക്ക് നോക്കി ഒരാളെ കൈവീശിക്കാണിച്ചു. ഞാൻ നോക്കുമ്പോൾ ആരെയും കാണാനില്ല. പുള്ളി പറഞ്ഞു അവിടെ ഒരാൾ നിൽക്കുന്നുണ്ടെന്ന്. നോക്കിയിട്ട് ആരെയും കാണുന്നില്ലല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. പുള്ളി വീണ്ടുംവീണ്ടും ഉറപ്പിച്ചു പറഞ്ഞു അവിടെ ഒരാൾ ഉണ്ടെന്ന്. അത് സാധാരണ ആൾ അല്ല എന്ന്.

കള്ള് മൂക്കുമ്പോൾ ഇതിനേക്കാൾ വലിയ അക്രമങ്ങൾ ഒക്കെ പറഞ്ഞിട്ടും പ്രവർത്തിച്ചിട്ടും ഉള്ള ഞാൻ വളരെ സ്നേഹത്തോടെ അയാളെ ഒരു തെറി വിളിച്ചു. ഞാൻ വിശ്വസിക്കുന്നില്ല എന്നായപ്പോൾ സ്കൂൾകുട്ടികൾ ആണയിട്ട് പറയുന്നതുപോലെ ബാലാജി പറഞ്ഞു. 'നൻപാ പ്ലീസ് ബിലീവ് മി. .ഐ ക്യാൻ സീ എ പേഴ്സൺ സ്റ്റാൻഡിങ് ദേർ. സീ ഹീ ഈസ് വേവിംഗ് ഹിസ് ഹാൻഡ്'. 'ഐ കാണ്ട് സീ എനിബഡി ദേർ. യൂ ആർ ടൂ മച്ച് ഇൻ്റോക്സികേറ്റഡ്. വെൻ വി ആർ ഓൺ എ ഹൈ വീ മേ സീ മെനി തിങ്സ് ലൈക് ദാറ്റ്. ബീ കൂൾ ബഡി'. അറിയാവുന്ന പൊട്ട ഇംഗ്ലീഷിൽ ഞാൻ ഇങ്ങനെയൊക്കെ തട്ടിമൂളിച്ചു. പിന്നെ ഒരുതരത്തിൽ ബാലാജിയെ പിടിച്ചു വലിച്ചു റൂമിൽ കൊണ്ടാക്കി. പിറ്റേന്ന് ഫിറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോഴും ബാലാജി അക്കാര്യം ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു.

'നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ല'; ഡാനിയൽ ബാലാജിയോട് ബിപിൻ ചന്ദ്രൻ
സിനിമയിൽ വില്ലൻ, ജീവിതത്തിൽ നായകൻ; ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു

ബാലാജിയുടെ ഷൂട്ടിംഗ് ഡേറ്റുകൾ തീരുന്നത് വരെ ഞങ്ങൾ എല്ലാ രാത്രിയും മദ്യപിച്ചുകൊണ്ടേയിരുന്നു. തന്റെ ഭാഗം തീർത്ത് ബാലാജി ചെന്നൈയിലേക്ക് തിരിച്ചുപോയിക്കഴിഞ്ഞും ഞാൻ ബിയറടി അനുസ്യൂതം ആഘോഷിച്ചു കൊണ്ടേയിരുന്നു. ഏതെങ്കിലും ബാറുകളിൽ നിന്ന് അടിച്ചു കോണായി ഞാൻ രാത്രിയുടെ പല സമയങ്ങളിലും റിവർഡെയ്ൽ റിസോർട്ടിൽ എത്തിക്കൊണ്ടിരുന്നു. അപ്പോഴൊന്നും ഒരു പേയും പിശാചും ആവിയും മാടനും മറുതയും എന്നെ കൈ പൊക്കിക്കാണിച്ചില്ല. വേണമെങ്കിൽ അവരോടും കേറി അലമ്പുണ്ടാക്കാൻ പോന്ന മുതലാണെന്ന പേടി കൊണ്ടായിരിക്കാം. പക്ഷേ സത്യത്തിൽ ഞാനൊരു വെറും പാവമാണെന്ന് എനിക്ക് മാത്രമല്ലേ അറിയത്തുള്ളൂ. സത്യമായും ഞാനൊരു പാവവും നല്ല മനുഷ്യനും ഒക്കെയാണെന്നാണ് എൻറെ ഒരു വിശ്വാസം. ലോകത്തുള്ള സകല ചീഞ്ഞവന്മാരുടെയും വിശ്വാസം അങ്ങനെയാണല്ലോ.

വല്ലപ്പോഴും ഞങ്ങൾ അന്നൊക്കെ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു. പിന്നെ ആ ബന്ധം പതിയെപ്പതിയെ മുറിഞ്ഞു പോയി. വേറൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഊട്ടിയിൽ ചെന്നപ്പോഴാണ് അവസാനം ബാലാജിയുമായി ഫോണിൽ സംസാരിച്ചത്. അന്ന് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന സേതു മണ്ണാർക്കാടാണ് പുള്ളിയെ ഫോണിൽ വിളിച്ചു തന്നത്. ആ സിനിമയിൽ ഒരു വേഷം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംസാരം. മദ്യപാനം ഉഷാറായി നടക്കുന്നുണ്ടല്ലോ എന്ന കുശലത്തിലാണ് ആ വിളി അവസാനിച്ചത്. ഉപയോഗിക്കാതായ പഴയ ഫോണിൻറെ മെമ്മറിയിലോ സിം കാർഡിലോ ബാലാജിയെപ്പോലെ മൃതമായിരിക്കുന്നുണ്ടാകും ആ ഫോൺ നമ്പർ. പക്ഷേ , 'ഓർമ്മകൾക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനര ദുഃഖവും.'

'നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ല'; ഡാനിയൽ ബാലാജിയോട് ബിപിൻ ചന്ദ്രൻ
നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങളുടെ 'പെർഫക്ട് റഫറൻസ്'; ഡാനിയൽ ബാലാജി സിനിമ മേഖലയുടെ നഷ്ടം

തൽക്കാലം നിങ്ങളെ പെട്ടെന്ന് അനുഗമിക്കാനുള്ള ആഗ്രഹമില്ല നൻപാ. ഒരുപക്ഷേ തൽക്കാലം എന്ന് നമ്മൾ കരുതുന്നതൊക്കെ അവസാനകാലമാകാനും മതി. എങ്കിലും ഓർമ്മകളും പേറി " പേയും പിശാചും പരസ്പരം തീവട്ടി പേറി അടരാടുന്ന " ഇഹലോകത്ത് കുറച്ചുകാലം കൂടി തുടരാനാണ് ആശ. ഒത്തിരി ഇഷ്ടമുള്ള കുറേ മനുഷ്യരെ വിട്ടിട്ട് എങ്ങോട്ടും പോകാൻ എനിക്ക് പരിപാടിയില്ല. പക്ഷേ നമ്മുടെ പ്ലാനും പദ്ധതിയും ഒന്നും കൃത്യമായിട്ട് നടക്കണമെന്നില്ലല്ലോ. എൻ്റെ പ്രായവും എന്നെക്കാൾ രണ്ടു വയസ്സ് മൂത്ത നിങ്ങളുടെ പ്രായവും മരിക്കാൻ ഉള്ള പ്രായമൊന്നും അല്ലെന്നാണല്ലോ പൊതുവേ ഒരു കണക്കുകൂട്ടൽ. കണക്കുകൂട്ടലുകൾ ഒക്കെ തെറ്റിച്ച് നിങ്ങൾ പടേന്നങ്ങു പോയി. നെഞ്ചത്തടിക്കാനും അലറി നിലവിളിക്കാനും ഒന്നും തോന്നുന്നില്ല. അത്രയും ആത്മബന്ധം ഒന്നും നമ്മൾ തമ്മിൽ ഇല്ലായിരുന്നു. പക്ഷേ നമ്മൾ ഒരുമിച്ചിരുന്ന് കള്ളുകുടിച്ചു വർത്തമാനം പറഞ്ഞിരുന്ന സന്ധ്യകൾ ഒക്കെയും ഓർമ്മയിലേക്ക് പടികയറി വരുന്നുണ്ട്. ജീവിച്ചിരിക്കാനും ഉണ്ടാക്കിവച്ച ദുഷ്പേര് ഇച്ചിരി കുറയ്ക്കാനുമുള്ള ആഗ്രഹത്തിൽ കള്ളുകുടി പാടെ നിർത്തിയെന്ന് പ്രഖ്യാപിച്ചിട്ട് കുറച്ചുനാളുകളായി. അസുഖങ്ങളും കുറെ ആൾക്കാരും ചേർന്ന് ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നേ.

ഒരാള് മരിക്കുമ്പം പറയാൻ പറ്റിയ വർത്തമാനം ആണോ എന്നൊന്നും എനിക്കറിയത്തില്ല. എന്നാലും വിടപറയാൻ നേരം നിങ്ങളോട് പറയാൻ ചിയേഴ്സ് എന്നല്ലാതെ വേറൊരു വാക്കും തെളിയുന്നില്ലല്ലോ. നൻപാ, നമ്മള് കുടിച്ചുകുന്തംമറിഞ്ഞിട്ട് സ്വന്തം മുറികളിലേക്ക് പിരിയും നേരമെന്നതുപോലെ ഞാൻ നിങ്ങളെ മനസ്സുകൊണ്ട് കെട്ടിപ്പിടിക്കുന്നുണ്ട് കേട്ടോ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com