
തൃഷയ്ക്കെതിരായ ലൈംഗീക പരാമർശത്തിൽ മൻസൂർ അലി ഖാനെ താക്കീത് ചെയ്ത് തെന്നിന്ത്യൻ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. തൃഷയ്ക്കൊപ്പം റേപ്പ് സീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതായും അതില്ലാതെ പോയതിൽ നിരാശയുണ്ടെന്നുമായിരുന്നു 'ലിയോ' സിനിമയുടെ പ്രസ് മീറ്റിൽ നടന്റെ പരാമർശം.
മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച് നടികർ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നടന്റെ പരാമർശങ്ങളിൽ അസോസിയേഷൻ ഞെട്ടൽ പ്രകടിപ്പിക്കുകയും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുകയും ചെയ്തു.
'മുതിർന്ന നടൻ മൻസൂർ അലി ഖാന്റെ അഭിപ്രായങ്ങൾ ഞെട്ടിച്ചു. ഇന്നും സ്ത്രീകൾക്ക് സിനിമാ മേഖലയിൽ വിജയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിരവധി വെല്ലുവിളികൾക്കിടയിലും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്ത്രീ അഭിനേതാക്കളെ കുറിച്ച് ഇത്തരം മോശം പരാമർശങ്ങൾ നടത്തുന്നത് അസന്നിഗ്ദ്ധമായി അപലപിക്കപ്പെടേണ്ടതാണ്. ഈ വിഷയത്തിൽ ഇരയായ നടിക്കൊപ്പം അസോസിയേഷൻ നിലകൊള്ളും. സഹതാരങ്ങളെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. ഒരു അഭിനേതാവ്, സിനിമാ നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാൾ ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ പഠിക്കേണ്ടതുണ്ട്,' അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് വിഷയത്തിൽ പ്രതികരണവുമായി എത്തിയത്. തൃഷയെ പിന്തുണയ്ക്കുകയും മൻസൂർ അലി ഖാനെ ശക്തമായി അപലപിക്കുകയുമാണ് ചെയ്യുന്നതെന്ന് എല്ലാവരും വ്യക്തമാക്കി.
മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ എടുത്തിടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചു. സ്ത്രീവിരുദ്ധ പരാമർശമാണ് നടൻ നടത്തിയതെന്നും സ്ത്രീകളെയും സഹപ്രവർത്തകരെയും ബഹുമാനിക്കണമെന്നുമാണ് സംവിധായകൻ ലോകേഷ് പ്രതികരിച്ചത്.
അതേസമയം പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധതിരച്ചതാണെന്നുമാണ് മൻസൂർ അലി ഖാന്റെ വിശദീകരണം. താൻ തമാശ പറഞ്ഞതാണെന്നും തന്നെ എല്ലാവർക്കും അറിയാമെന്നും വിശദീകരണക്കുറിപ്പിൽ ഉണ്ട്.