
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നയാളെ കണ്ടെത്തിയെന്ന് നിര്‍മ്മാതാവ് സുപ്രിയ മേനോന്‍. കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാകുന്നു എന്ന് സുപ്രിയ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സുപ്രിയ വിവരം പങ്കുവച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈബര്‍ ബുള്ളിങ് നടക്കുന്നതായും മരിച്ചുപോയ അച്ഛനെ കുറിച്ച് മോശം പരമാര്‍ശം നടത്തിയതിന് പിന്നാലെയാണ് അവരെ കണ്ടെത്തിയതെന്നും സുപ്രിയ വ്യക്തമാക്കി.
കാലങ്ങളായി സൈബർ ആക്രമണം നടത്തിയ സ്ത്രീയെ കണ്ടെത്തി, അവര്‍ ഒരു നഴ്‌സാണ്, ഒരു കുഞ്ഞുകുട്ടിയുണ്ട്. അവര്‍ക്കെതിരെ കേസ് കൊടുക്കണോ എന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. 'നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടോ, എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരത്തിൽ അനുഭവം ഉണ്ടാകുന്നുണ്ട്. വർഷങ്ങളായി ഒന്നിലധികം വ്യാജ ഐഡികളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും എനിക്കൊപ്പം ചിത്രങ്ങള്‍ ഇടുന്നവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്.
ഞാനതിനെ കാലങ്ങളായി കാര്യമാക്കാതെ വിട്ടുകളയുകയായിരുന്നു. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിര്‍ന്നത്. രസകരമായ കാര്യം എന്തെന്നാല്‍ അവരൊരു നഴ്‌സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കണോ, അല്ലെങ്കില്‍ അവരെ പൊതുവിടത്തില്‍ കൊണ്ടുവരണോ', ഇങ്ങനെയായിരുന്നു സുപ്രിയയുടെ ഇൻസ്റ്റഗ്രാമിലൂടെയുള്ള പ്രതികരണം.
ഈ സ്റ്റോറിയ്ക്ക് പിന്നാലെ മറ്റൊരു സ്റ്റോറി കൂടി സുപ്രിയ ഷെയർ ചെയ്തു. തന്റെ വെളിപ്പെടുത്തലിന് ലഭിച്ച പ്രതികരണത്തിന് നന്ദി പങ്കുവെച്ചു. സ്റ്റോറി ഇട്ടതിന് പിന്നാലെ, മുന്‍പുണ്ടായിരുന്ന മോശം കമന്റുകള്‍ അവർ ധൃതിയില്‍ നീക്കം ചെയ്യുന്നുവെന്നും സുപ്രിയ പറഞ്ഞു. എന്നാൽ തന്റെ കയ്യില്‍ ആവശ്യത്തിനുള്ള തെളിവുകളും ഉണ്ടെന്നും മുന്നോട്ടുള്ള നടപടികളെക്കുറിച്ച് വെളിപ്പെടുത്തുമെന്നും സുപ്രിയ വ്യക്തമാക്കി.