
'സുരറൈ പൊട്ര്' നേടിയ ഗംഭീര വിജയത്തിനിപ്പുറം സൂര്യയുടെ 43-ാം ചിത്രത്തിന് കൈകൊടുക്കുകയാണ് സുധ കൊങ്കാര. ജി വി പ്രകാശ് കൂടി സിനിമയുടെ ഭാഗമാകുന്നതോടെ നാഷണൽ അവാർഡ് കോംബോയിൽ ഒരുങ്ങുന്ന ചിത്രമാകുകയാണ് സൂര്യ 43. സംവിധായികയ്ക്കൊപ്പം ബോളിവുഡ് നടൻ വിജയ് വർമ്മ തമിഴ് അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്.
ദുൽഖർ സൽമാൻ സൂര്യ 43യുടെ ഭാഗമാകുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. 'കിങ് ഓഫ് കൊത്ത'യുടെ പ്രൊമോഷനിടെ ഇതേക്കുറിച്ച് പ്രതികരിച്ച ദുൽഖർ അണിയറപ്രവർത്തകർ പറയട്ടെ എന്നായിരുന്നു പ്രതികരിച്ചത്.
നിലവിൽ അക്ഷയ് കുമാറിനൊപ്പം സുരറൈ പോട്ര് ഹിന്ദി റീമേക്കായി ഒരുക്കാനിരിക്കുകയാണ് സുധ കൊങ്കാര. സെപ്റ്റംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സിനിമയുടെ റിലീസ് നീളാനാണ് സാധ്യത. നിർമ്മാതാക്കളായി ഹോംബാലെ ഫിലിംസാകും എത്തുകയെന്നും റിപ്പോർട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് വിജയ് വർമ്മ ഒരു തെലുങ്ക് സിനിമയിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിൽ ചുവടുവെച്ചത്. 'ലസ്റ്റ് സ്റ്റോറീസ് 2', 'ദഹാദ്', 'കൽക്കൂട്ട്' എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഈ വർഷം റിലീസിനെത്തിയത്. അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'കങ്കുവ'യാണ് സൂര്യയുടെ വരാനിരിക്കുന്ന ചിത്രം. അടുത്ത വർഷം കങ്കുവ തിയേറ്ററുകളിലെത്താനാണ് സാധ്യത.