
'ഭീഷ്മ പർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രതിനായകനെന്ന് റിപ്പോർട്ട്. സിനിമയുടെ സെറ്റിൽ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറും ഇരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പുതിയ സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചത്. ഷറഫുദ്ദീൻ സിനിമയുടെ ഭാഗമാണെന്ന റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു. ഷറഫുദ്ദീനാണ് നായകനെന്നാണ് പുതിയ വിവരം.
അമൽ നീരദ് ചിത്രത്തിൽ മുൻനിര താരം പ്രതിനായകനാകുന്നത് ആദ്യമല്ല. ജയസൂര്യയാണ് 'ഇയ്യോബിന്റെ പുസ്തക'ത്തിൽ അങ്കൂർ റാവുത്തർ എന്ന മാസ് വില്ലനെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബൻ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. താരം അഭിനയിക്കുന്ന അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ 22ന് ആരംഭിക്കും. അമൽ നീരദിനൊപ്പം കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്നത് ഇതാദ്യമാണ്. സംവിധായകന്റെ 'വരത്തനി'ൽ ഷറഫുദ്ദീൻ പ്രതിനായകനായിരുന്നു. പുതിയ ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിലുള്ളതാണെന്നാണ് വിവരം.
ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വീണാ നന്ദകുമാറാണ് മറ്റൊരു താരം. ഭീഷ്മ പർവ്വം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.
അമൽ നീരദിന്റെ പുതിയ ചിത്രത്തിൽ മമ്മൂട്ടി ആയിരിക്കും നായകനെന്നായിരുന്നു ഇൻഡസ്ട്രിയിൽ പ്രചരിച്ചിരുന്ന വാർത്ത. ഇത് 'ബിഗ് ബി'യുടെ സീക്വൽ 'ബിലാൽ' ആയിരിക്കുമെന്നും മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7ന് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുമായിരുന്നു അഭ്യൂഹങ്ങൾ. ഇത് തള്ളിയാണ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ടിനു പാപ്പച്ചൻ ചിത്രം 'ചാവേർ' ആണ് ഉടന് റിലീസിനൊരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. അർജുൻ അശോകൻ, മനോജ് കെ യു, സജിൻ ഗോപൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 21നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.