നടി മീര നന്ദൻ വിവാഹിതയാകുന്നു

നടി മീര നന്ദൻ വിവാഹിതയാകുന്നു

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മീരയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

നടി മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മീര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ചടങ്ങിൻറെ ചിത്രങ്ങൾ പകർത്തിയ ലൈറ്റ്സ് ഓൺ ക്രിയേഷൻ അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ മീരയും ശ്രീജുവും കണ്ടുമുട്ടിയതിനെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബങ്ങളും തമ്മിൽ സംസാരിച്ച ശേഷം മീരയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയായിരുന്നു.

'ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്ന് 'ഫോർ എവർ' എന്ന വാഗ്ദാനം വരെ മീരയും ശ്രീജുവും ഒരുപാട് മുന്നോട്ട് പോയി. മാതാപിതാക്കൾ പരസ്പരം സംസാരിച്ച ശേഷം, തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ കാണാൻ ശ്രീജു ലണ്ടനിൽ നിന്ന് ദുബായിലേക്ക് പറന്നു. കഥയുടെ ബാക്കി ഭാഗം മറ്റേതൊരു കഥയെയും പോലെ തന്നെയാണ്, എന്നാൽ അതിന്റെതായ പ്രത്യേകതകളുമുണ്ട്- അവർ കണ്ടുമുട്ടുന്നു, അവർ പ്രണയത്തിലാകുന്നു, ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ച് ചെലവഴിക്കാൻ തീരുമാനിക്കുന്നു,' ചിത്രങ്ങൾ പങ്കുവെച്ചുക്കൊണ്ട് കുറിച്ചു.

അവതാരകയായി കരിയർ തുടങ്ങിയ മീര 'മുല്ല' എന്ന ചിത്രത്തിലൂടെ 2008ലാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2009ൽ 'വാൽമീകി' എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ 'ജയ് ബോലോ തെലങ്കാന' എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014ൽ 'കരോട്‍പതി' എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. 'പുതിയ മുഖം', 'എൽസമ്മ എന്ന ആൺകുട്ടി', 'അപ്പോത്തിക്കരി' തുടങ്ങിയവയാണ് മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര ഇപ്പോൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com