
2024 സ്വാതന്ത്ര്യദിനം സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാകും. ജനപ്രിയ ഫ്രാഞ്ചൈസികളിലെ മൂന്ന് സിനിമകളാണ് ഒരേസമയം തിയേറ്ററുകളിലെത്തുന്നത്. കമൽ ഹാസന്റെ 'ഇന്ത്യൻ 2', അജയ് ദേവ്ഗൺ നായകനാകുന്ന 'സിങ്കം 3', അല്ലു അർജുൻ ചിത്രം 'പുഷ്പ 2' എന്നിവയാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലാഷ് റിലീസിനെത്തുന്നത്.
പുഷ്പ 2
പുഷ്പ 2ൽ പുഷ്പ രാജ് എന്ന ചന്ദന കടത്തുകാരനാണ് അല്ലു അർജുന്റെ കഥാപാത്രം. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ദേവസ്ത്രീയെപ്പോലെ വേഷം ധരിച്ച അല്ലു അർജുന്റെ ഫസ്റ്റ് ലുക്ക് ഏറെ ചർച്ചയായിരുന്നു. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം. ഓഗസ്റ്റ് 15ന് അഞ്ച് ഭാഷകളിലാണ് സിനിമ റിലീസിനെത്തുന്നത്.
ഇന്ത്യൻ 2
സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമൽ ഹാസൻ വീണ്ടുമെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ പ്രേക്ഷകർ. ഏറെ ആരാധകരുള്ള കമൽ ഹാസൻ-ശങ്കർ ദ്വയത്തിൻ്റെ 'ഇന്ത്യൻ 2' ഓഗസ്റ്റിൽ റിലീസിനെത്തുമെന്നാണ് അനൗദ്യോഗിക വിവരം. ദേശസ്നേഹം പ്രമേയമാകുന്നതുകൊണ്ട് തന്നെ സിനിമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. ശങ്കറിന്റെ മാഗ്നം ഓപസായിരിക്കും 'ഇന്ത്യൻ 2' എന്നാണ് ഉദയനിധി സ്റ്റാലിൻ അടുത്തിടെ പറഞ്ഞത്.
ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന 'ഇന്ത്യൻ 2'ൽ കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, ഡൽഹി ഗണേഷ്, ബോബി സിംഹ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
സിങ്കം 3
അജയ് ദേവ്ഗൺ പ്രധാന കഥാപാത്രമാകുന്ന സിങ്കം 3 പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തമിഴിലെ ഹിറ്റ് ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് രോഹിത്ത് ഷെട്ടിയാണ്. 2011ലാണ് ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. 2014ൽ രണ്ടാം ഭാഗവുമെത്തി. മൂന്നാം ഭാഗം മുൻ ചിത്രങ്ങളെക്കാൾ വലുതും മികച്ചതുമാകുമെന്നാണ് സംവിധായകൻ വ്യക്തമാക്കിയത്.