
കൊവിഡിന് ശേഷമുള്ള സൗത്ത് ഇന്ത്യൻ സിനിമയുടെ വളർച്ചയും ബോളിവുഡിന്റെ തളർച്ചയും സിനിമ മേഖലയിൽ തന്നെ വലിയ ചർച്ചയായിരുന്നു. കെജിഎഫ്, കാന്താര, പുഷ്പ എന്നിങ്ങനെ ബോക്സ് ഓഫീസിൽ തെന്നിന്ത്യൻ സിനിമകൾ വിജയക്കൊടി പാറിക്കുമ്പോൾ ഒരു സിനിമയുടെ വിജയം പോലും ബോളിവുഡിന് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ഷാരൂഖ് ഖാൻ ചിത്രം പഠാന്റെ വരവോടെ നല്ലകാലം തെളിഞ്ഞ ബോളിവുഡ് പതുക്കെ ഇൻഡസ്ട്രി കീഴടക്കാനുള്ള കഠിന പ്രയത്നത്തിലാണ്. ഇപ്പോൾ സൗത്തിൽ രജനികാന്ത് ചിത്രം 'ജയിലർ' കളക്ഷനിൽ മുന്നേറമ്പോൾ ബോളിവുഡിന് അഭിമാനമാവുകയാണ് സണ്ണി ഡിയോളിന്റെ 'ഗദർ 2'.
'ഗദര്: ഏക് പ്രേം കഥ' എന്ന 2001-ല് പുറത്തിറങ്ങിയ വിജയ ചിത്രത്തിന്റെ സീക്വലാണ് ഗദർ 2. ഓഗസ്റ്റ് 11-ന് റിലീസിനെത്തിയ ചിത്രം 40.10 കോടി ആണ് വെള്ളിയാഴ്ച നേടിയത്. മികച്ച പ്രേക്ഷക പ്രതികരണത്തിലൂടെ വൻ കുതിപ്പാണ് ഗദർ 2 നടത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച 40.10 കോടിയായിരുന്നെങ്കിൽ ശനിയാഴ്ച്ചയായപ്പോൾ ചിത്രം 43.08 കോടിയിലേക്ക് കടന്നിരിക്കുകയാണ്. രണ്ട് ദിവസത്തിൽ 83.18 കോടി ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഗദർ 2 എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ ഷാരൂഖ് ഖാന് ശേഷം ബോളിവുഡ് ബോക്സ് ഓഫീസിന് മികച്ച കളക്ഷൻ നേടിക്കൊടുത്ത നടനായി മാറിയിരിക്കുകയാണ് സണ്ണി ഡിയോൾ. അതേസമയം ജയിലർ മൂന്ന് ദിവസം കൊണ്ട് 150 കോടിയ്ക്ക് മുകളിലാണ് നേടിയിരിക്കുന്നത്. ലോകമെമ്പാട് നിന്നും ചിത്രം 213.75 കോടി സ്വന്തമാക്കിയതായി ന്യൂസ് റൂം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.