റൊമാന്റിക്ക് അല്ല ഫ്രണ്ട് ബ്രേക്ക്അപ്പാണ് ഏറെ വേദനിപ്പിക്കുന്നത്! കാരണമുണ്ട്

സൗഹൃദത്തിലും ബ്രേക്ക്അപ്പ് സാധാരണയാണ്. എന്നാൽ മിക്കപ്പോഴും ഇത് റൊമാന്റിക്ക് ബ്രേക്ക്അപ്പിനെക്കാൾ വേദന നൽകും

റൊമാന്റിക്ക് അല്ല ഫ്രണ്ട് ബ്രേക്ക്അപ്പാണ് ഏറെ വേദനിപ്പിക്കുന്നത്! കാരണമുണ്ട്
dot image

വർഷങ്ങളോളം ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത്, നിങ്ങളുടെ ഉയർച്ചയിലും താഴ്ചയിലും ആശ്വാസമായി കൂടെ നിന്നൊരാൾ, ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങളെ പിരിഞ്ഞ് പോയിട്ടുണ്ടോ? നിങ്ങൾക്ക് ഇനി ഒരിക്കലും നല്ല സുഹൃത്തുക്കൾ ആകാൻ കഴിയില്ലെന്ന് യാഥാർത്ഥ്യത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ആ നഷ്ടം വളരെ വേദനയുള്ളതായിരിക്കും.
ചെറിയ വഴക്കോ അല്ലെങ്കിൽ നമ്മളിൽ തന്നെയുണ്ടാകുന്ന മാറ്റമോ ആയിരിക്കാം ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. എന്നാൽ മറ്റ് ചിലപ്പോൾ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് പോകുമ്പോൾ ആ ദൂരവും അകലവും കൂടിക്കൂടി ഒരു ബന്ധം തന്നെ ഇല്ലാതാകുന്നതാകാം.

സൗഹൃദത്തിലും ബ്രേക്ക്അപ്പ് സാധാരണയാണ്. മിക്കപ്പോഴും ഇത് റൊമാന്റിക്ക് ബ്രേക്ക്അപ്പിനെക്കാൾ വേദന നൽകും. പ്രണയബന്ധങ്ങളിൽ ഇരുവർക്കുമിടയിലെ ബന്ധം നന്നായി പോകില്ലെന്ന ബോധ്യമാകും അത് നഷ്ടമാകാൻ കാരണം. എന്നാൽ സൗഹൃദത്തിൽ അങ്ങനൊരു സാഹചര്യമുണ്ടാകാനുള്ള സാധ്യത തന്നെ നന്നേ കുറവാണ്. സുഹൃത്തുക്കളെ തെരഞ്ഞെടുത്താൽ അവർ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് നമ്മൾ കരുതും. എന്നാൽ ജീവിതം മുന്നോട്ടുപോകുമ്പോൾ പല തീരുമാനങ്ങളും ചിന്താഗതികളും മാറിമറിയും.

പ്രണയബന്ധങ്ങളുടെ ആദ്യഘട്ടത്തിൽ നമ്മുടെ പങ്കാളി എങ്ങനെ നമ്മെ കാണണം എന്നടക്കമുള്ള ഒരു ധാരണ മനസിലുണ്ടാകും. എന്നാൽ സുഹൃത്തുക്കൾക്കിടയിൽ ഒരു ഫിൽറ്ററും ഉണ്ടാകില്ല. ഒരു മുഖംമൂടിയുമില്ലാതെയായിരിക്കും സൗഹൃദം മുന്നോട്ടുപോകുന്നത്. ദില്ലിയിലെ സർ ഗംഗാറാം ഹോസ്പിറ്റൽ സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ ഡോ ആരതി ആനന്ദ് പറയുന്നത് പ്രണയബന്ധങ്ങളിൽ പരസ്പരം ഇമ്പ്രസ് ചെയ്യാനുള്ള പ്രവർത്തികളാകും ആദ്യഘട്ടത്തിലുണ്ടാവുക എന്നാണ്. പക്ഷേ സൗഹൃദത്തിൽ അങ്ങനെയല്ല, വൈകാരികമായുള്ള ബന്ധവും ആത്മബന്ധവും കൂടുതൽ ശക്തമാകും. ഒരാളുടെ സുരക്ഷിവും വൈകാരികവുമായ അടിത്തറയായി മറ്റൊരാൾ മാറുന്നതാണ് സൗഹൃദത്തിന്റെ ശക്തി. ഈ വൈകാരികമായ സുരക്ഷയാണ് സൗഹൃദത്തിലുണ്ടാകുന്ന ബ്രേക്ക്അപ്പ് കഠിനമാക്കുന്നത്.

എല്ലാദിവസവും ഒപ്പമുണ്ടായിരുന്ന സൗഹൃദം ഇല്ലാതാവുന്നതോടെ നഷ്ടമാകുന്നത് പ്രിയപ്പെട്ടയിടമാണ്. ആവശ്യസമയത്ത് ലഭിക്കുന്ന പിന്തുണ, എന്തും തുറന്നു സംസാരിക്കാവുന്നിടം, അംഗീകാരം ലഭിക്കുന്നയിടം എന്നിങ്ങനെ ഏറെ പ്രാധാന്യം സൗഹൃദത്തിനുണ്ട് താനും. ഒരു സുഹൃത്തിനെ നഷ്ടമായാൽ നമ്മൾ നമ്മളെ എങ്ങനെ കാണുന്നു എന്നതിനും മാറ്റം വരും. ഒരുമിച്ച് ഇരുന്നു പങ്കുവച്ച വിശേഷങ്ങൾ, കുഞ്ഞു പിണക്കങ്ങൾ എല്ലാം വേദനിപ്പിക്കും. നമ്മുടെ ഒരു ഭാഗം തന്നെ അവർ അടർത്തിയെടുത്ത പോലെയാകും തോന്നുകയെന്ന് കൗൺസിലിങ് സൈക്കോളജിസ്റ്റായ പ്രിയങ്ക മുഖർജി പറയുന്നു.

ഇത്തരം ബ്രേക്ക് അപ്പുകളുമായി ബന്ധപ്പെട്ട് കരയുന്ന പതിവൊന്നും നമ്മുടെ സമൂഹത്തിൽ ഇല്ലെന്നുള്ളതും ഈ വേദന ഉള്ളിലൊതുക്കാൻ പലരെയും നിർബന്ധിതമാക്കുകയും ചെയ്യും. ഇത് ഉൾക്കൊള്ളുകയാണ് ആദ്യം വേണ്ടത്. വിഷമം, ദേഷ്യം അങ്ങനെ ഏത് വികാരമായാലും അത് ഫീൽ ചെയ്യുക, സ്വന്തം കാര്യം നോക്കാൻ സമയം കണ്ടെത്തി വൈകാരികമായി ശക്തി പ്രാപിക്കുക, സൗഹൃദം പ്രതിനിധീകരിക്കുന്നതെന്താണെന്ന് മനസിലാക്കി വളരാൻ ശ്രമിക്കുക, പുതിയ നല്ല സൗഹൃദങ്ങൾ വളർത്തിയെടുക്കുക എന്നിവയെല്ലാം ഈ വേദനയിൽ നിന്നും മുക്തമാകാനുള്ള ചില മാർഗങ്ങളാണ്. പലരും സൗഹൃദങ്ങൾ ഇല്ലാതാവുന്നതിനെ കുറിച്ച് പറയുമ്പോൾ കേള്‍വിക്കാർ അതിന് വലിയ പ്രാധാന്യം നൽകില്ല. എന്നാൽ ഇത്തരം നഷ്ടങ്ങളും ജീവിതത്തിൽ ആഘാതം സൃഷ്ടിക്കാം.

Content Highlights: Friend breakup hurt more than Romantic breakups

dot image
To advertise here,contact us
dot image