
വ്യത്യസ്തമായ രീതിയില്‍ ഈഫൽ ടവർ കയറി ചരിത്രം സൃഷ്ടിച്ച് ഫ്രഞ്ച് സൈക്ലിസ്റ്റും ടിക്ക്‌ടോക്കറുമായ ഓർലീൻ ഫോൺടെണി. ഏറ്റവും വേഗത്തിൽ ഈഫൽ ടവർ കയറിയെന്ന റെക്കോർഡ് ഇനി ഓർലീന് സ്വന്തം. തന്റെ സൈക്കിളിലാണ് അദ്ദേഹം ടവർ കീഴടക്കിയത്. പാരിസിലെ ഈ ലോകാത്ഭുതം കയറാൻ ഓർലീന് മുന്നിലുണ്ടായിരുന്ന വെല്ലുവിളിയും സൈക്കിൾ ഉപയോഗിച്ചതായിരുന്നു.
സിഎൻഎൻ സ്‌പോർട്ടിൽ വന്ന റിപ്പോർട്ടിൽ പറയുന്നത് ടവറിന്‍റെ 686 പടികൾ കയറാൻ വെറും 12 മിനിറ്റും 30 സെക്കന്റ് സമയവുമാണ് അദ്ദേഹത്തിന് വേണ്ടി വന്നതെന്നാണ്. ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് ഇത്തരത്തിലൊരു റെക്കോർഡ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. അന്നത്തെക്കാൾ ഏകദേശം ഏഴു മിനിറ്റോളം മുന്നേ ഓർലീൻ ലക്ഷ്യം പൂർത്തിയാക്കി.
വലിയ തയ്യാറെടുപ്പാണ് ഇതിനായി ഓർലീന് നടപ്പാക്കേണ്ടി വന്നത്. കംപ്രസ് ചെയ്ത ടയറുള്ള സൈക്കിളാണ് ടവർ കയറാനായി ഓർലീൻ ഉപയോഗിച്ചത്. പടികൾ കയറുന്നതിനിടയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ താങ്ങാൻ മറ്റ് സജ്ജീകരണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും 35കാരനായ ഓർലീൻ പറയുന്നു.
ജിമ്മിൽ വർക്ക്ഔട്ട് ചെയ്തും സ്‌കിപ്പിങ് പരിശീലിച്ചും മാസങ്ങളോളം കഠിനാധ്വാനം നടത്തിയാണ് ഓർലീൻ ടവർ കയറിയത്. നന്നായി ശാരീരിക അധ്വാനം വേണ്ടി വരുന്ന സാഹചര്യത്തിലാണ് കഠിനമായ രീതികൾ അവലംബിക്കേണ്ടി വന്നതെന്നും ഓർലീൻ പറയുന്നു. വർഷങ്ങളായി ഇത്തരത്തിൽ ഈഫൽ ടവൽ കയറി റെക്കോർഡ് സൃഷ്ടിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഈ യുവാവ്.
വലിയ ടവറുകൾ പലരും ഇത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് കീഴടക്കിയ റെക്കോർഡുകൾ മുമ്പും സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ഒർലീന്‍ 324 മീറ്റർ മാത്രം ഉയരമുള്ള ഈഫൽ ടവർ കയറിയതിന് ഒരു പ്രത്യേകതയുണ്ട്. ഓർലീൻ്റെ വേഗത, കൃത്യത, എന്നത് മാത്രമല്ല നിലത്ത് കാലുകുത്താതെയാണ് ഈഫൽ ടവർ കയറി അദ്ദേഹം ചരിത്രത്തിൻ്റെ ഭാഗമായത്.
Content Highlights: Tiktoker climb Eiffel Tower on cycle within 12 minutes and 30 seconds without touching the ground