
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍. വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി.
ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. എന്നാല്‍ അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കസ്റ്റംസ്. വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചെന്നൈ, ബംഗളൂരു കസ്റ്റംസ് യൂണിറ്റുകളുടെ സഹായത്തോടെയാണ് അന്വേഷണം. ദുല്‍ഖര്‍ സല്‍മാന്റെ പക്കല്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതില്‍ 39 വാഹനങ്ങള്‍ മാത്രമാണ് ഇതുവരെ പിടിച്ചെടുക്കാനായത്. ഉടമകള്‍ ഒളിപ്പിച്ച വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞദിവസം കസ്റ്റംസ് കേരള പൊലീസിന്റെ സഹായം തേടിയിരുന്നു. പിന്നാലെയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. വാഹനങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ കത്ത് തമിഴ്‌നാട് പൊലീസിനും കര്‍ണാടക പൊലീസിനും കൈമാറാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
Content High Court: dulquer salmaan smuggled the vehicle from abroad customs in Highcourt