Top

സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടി; അസംഗഡ് ഉപതെരഞ്ഞെടുപ്പില്‍ ഉലമ കൗണ്‍സില്‍ പിന്തുണ ബിഎസ്പിക്ക്

20 Jun 2022 9:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടി; അസംഗഡ് ഉപതെരഞ്ഞെടുപ്പില്‍ ഉലമ കൗണ്‍സില്‍ പിന്തുണ ബിഎസ്പിക്ക്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടി. ജൂണ്‍ 23ന് നടക്കാനിരിക്കുന്ന അസംഗഡ് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പിയെ പിന്തുണക്കുമെന്ന് രാഷ്ട്രീയ ഉലമ കൗണ്‍സില്‍ പ്രഖ്യാപിച്ചതാണ് സമാജ്‌വാദി പാര്‍ട്ടിക്ക് തിരിച്ചടിയായത്. മണ്ഡലത്തിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള സംഘടനയാണ് രാഷ്ട്രീയ ഉലമ കൗണ്‍സില്‍.

മുസ്‌ലിംകള്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി ഷാ അലം എന്ന ഗുഡ്ഡു ജമാലിക്ക് വോട്ട് ചെയ്യാനാണ് രാഷ്ട്രീയ ഉലമ കൗണ്‍സില്‍ ആവശ്യപ്പെട്ടത്. രാഷ്ട്രീയ ഉലമ കൗണ്‍സിലിന്റെ പിന്തുണ തന്നെ വിജയത്തിലേക്ക് നയിക്കുമെന്ന് ഗുഡ്ഡു ജമാലി പറഞ്ഞു.

അസംഗഡിലെ സധാര്‍, മുബാറക്പൂര്‍, ഗോപാല്‍പൂര്‍ നിയമസഭമണ്ഡലങ്ങളില്‍ ഉലമ കൗണ്‍സിലിന് ശക്തമായ സ്വാധീനമുണ്ട്. എന്നാല്‍ ഉലമ കൗണ്‍സിലിന്റെ തീരുമാനം തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതികരണം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ധര്‍മ്മേന്ദ്ര യാദവ് തന്നെ വിജയിക്കുമെന്നും അവര്‍ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എംപി സ്ഥാനം അഖിലേഷ് രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Story Highlights: Ulama Council announces support to BSP in Azamgarh LS bypoll

Next Story