Top

'നക്സൽ ഭീഷണിയുണ്ടായപ്പോൾ ഷിൻഡെക്ക് ഉദ്ധവ് താക്കറെ സുരക്ഷ നിഷേധിച്ചു.'; ആരോപണവുമായി ഷിൻഡെയുടെ വിശ്വസ്തർ

അതേസമയം,താക്കറെ സർക്കാരിൽ മന്ത്രിയായിരുന്ന സതേജ് പാട്ടീൽ ഈ ആരോപണം നിഷേധിച്ചു.

23 July 2022 4:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നക്സൽ ഭീഷണിയുണ്ടായപ്പോൾ ഷിൻഡെക്ക്  ഉദ്ധവ് താക്കറെ സുരക്ഷ നിഷേധിച്ചു.; ആരോപണവുമായി ഷിൻഡെയുടെ വിശ്വസ്തർ
X

മുബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിശ്വസ്തരായ സുഹാസ് കാണ്ഡെയും ശംഭുരാജ് ദേശായിയും. ഷിൻഡെയ്ക്ക് നക്സൽ ഭീഷണിയുണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ സുരക്ഷ നിഷേധിച്ചതായി ഇവർ ആരോപിച്ചു.

ഏകനാഥ് ഷിൻഡെയുടെ സുരക്ഷ വർധിപ്പിക്കേണ്ടതില്ലെന്ന് ഉദ്ധവ് താക്കറെ നിർദേശിച്ചതായി സുഹാസ് കാണ്ഡെയും ശംഭുരാജ് ദേശായിയും മാധ്യമങ്ങളോട് പറഞ്ഞു. 'ഷിൻഡെയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും യോഗങ്ങൾ നടക്കുന്നുണ്ടോയെന്ന് ഉദ്ധവ് താക്കറെ എന്നെ ഫോണിൽ വിളിച്ച് ചോദിച്ചു. യോഗം നടക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഷിൻഡെയുടെ സുരക്ഷ വർധിപ്പിക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു', ശംഭുരാജ് ദേശായി പറഞ്ഞു.

'പൊലീസിന്റെ ആക്രമണത്തിൽ 26 നക്സലുകൾ കൊല്ലപ്പെട്ടതിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ ഷിൻഡെക്ക് നേരെ വീണ്ടും നക്സൽ ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് ഉദ്ധവ് താക്കറെ സർക്കാർ ഷിൻഡെ ഹിന്ദുത്വ നേതാവായത് കൊണ്ട് സുരക്ഷ നിഷേധിക്കുകയാണ് ചെയ്തതെന്ന് ' സുഹാസ് കാണ്ഡേ വ്യക്തമാക്കി.

അതേസമയം, താക്കറെ സർക്കാരിൽ മന്ത്രിയായിരുന്ന സതേജ് പാട്ടീൽ ഈ ആരോപണം നിഷേധിച്ചു. 'നേതാക്കളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കമ്മിറ്റി ഉള്ളതിനാൽ ഞാനോ ഉദ്ധവ് താക്കറെയോ ഈ വിഷയങ്ങളിൽ ഇടപെടാറില്ല. ശിവസേന നേതാവായ ഷിൻഡെക്ക് സുരക്ഷ നിഷേധിക്കേണ്ട കാര്യം അദ്ദേഹത്തിന് ഇല്ല. ഈ ആരോപണം വസ്തുത വിരുദ്ധമാണ്', സതേജ് പാട്ടീൽ പറഞ്ഞു.

ബിജെപിയുടെ സഹായത്തോടെ ഉദ്ധവ് താക്കറെയെ മാറ്റി ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ ഉദ്ധവ് താക്കറെ-ഷിൻഡെ അനുകൂലികൾ തമ്മിൽ തർക്കത്തിലാണ്. ഇതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെക്ക് നേരെ ആരോപണവുമായി ഷിൻഡെ അനുകൂലികൾ രംഗത്തെത്തിയിരിക്കുന്നത്.

Story highlights: 'Uddhav Thackeray denied security to Shinde when Naxal threatened.'; Shinde's loyalists with the allegations

Next Story