Top

'ചെറിയ വിഷയമാണോ ഇത്?'; വിദ്വേഷ പ്രസംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മൗനസാക്ഷിയാകരുതെന്ന് സുപ്രീം കോടതി

വിദ്വേഷ പ്രസം​ഗങ്ങൾ തടയുന്നതിൽ രാജ്യത്ത് നിലവിലുളള നിയമങ്ങൾ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു

21 Sep 2022 3:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെറിയ വിഷയമാണോ ഇത്?; വിദ്വേഷ പ്രസംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മൗനസാക്ഷിയാകരുതെന്ന് സുപ്രീം കോടതി
X

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളിൽ ടിവി ചാനലുകളിലെ അവതാരകന്റെ റോൾ വളരെ പ്രധാനമാണെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസം​ഗങ്ങൾ നടത്തുന്നവർക്ക് ചാനലുകള്‍ വേദി ഒരുക്കികൊടുക്കുകയാണ്. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ നിശബ്ദ കാഴ്ചക്കാരായി തുടരുന്നതെന്നും കോടതി ചോദിച്ചു. വിദ്വേഷ പ്രസം​ഗങ്ങൾ തടയാൻ നിയമം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വാദം.

'ഇത്തരം വിദ്വേഷ പ്രസം​ഗങ്ങൾ മുഖ്യധാര മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നിയന്ത്രിക്കുന്നില്ല. ഇത് ബ്രോഡ്കാസ്റ്റ് ചെയ്യാതിരിക്കുക എന്നത് അവതാരകരുടെ ചുമതലയാണ്. അഭിപ്രായ സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടേത് അമേരിക്കയെപ്പോലെ സ്വതന്ത്രമല്ല, പക്ഷേ നമ്മൾ എവിടെ കൃത്യമായ രേഖ വരയ്ക്കണമെന്ന് അറിയണം.' വിദ്വേഷ പ്രസം​ഗങ്ങൾ തടയാൻ നിലവിലെ നിയമം അപര്യാപ്തമാണെന്ന ഹർജികൾ പരി​ഗണിക്കവെ ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു.

'വിദ്വേഷ പ്രസംഗങ്ങൾ ആരെയെങ്കിലും കൊല്ലുന്നത് പോലെയാണ്. ഇത് പല തരത്തിൽ ചെയ്യാൻ സാധിക്കും. ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ അവർ നമ്മെ പിടിച്ചുനിർത്തുന്നു.' വിദ്വേഷ പ്രസംഗം കാഴ്ചക്കാർക്ക് താൽപ്പര്യമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് കോടതി പറഞ്ഞു. വിദ്വേഷ പ്രസം​ഗങ്ങൾ തടയുന്നതിൽ രാജ്യത്ത് നിലവിലുളള നിയമങ്ങൾ അപര്യാപ്തമാണെന്നും കോടതി നിരീക്ഷിച്ചു.

വിദ്വേഷ പ്രസം​ഗങ്ങൾ തടയുന്നതിന് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ കമ്മീഷൻ നൽകിയ ശുപാര്‍ശയിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതൊരു നിസാര കാര്യമല്ല. സർക്കാർ എതിർ നിലപാട് സ്വീകരിക്കരുത്. കോടതിക്കൊപ്പം നിൽക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നവംബർ 23ന് ഹർജികളിൽ വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് കെ എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരി​ഗണിച്ചത്.

STORY HIGHLIGHTS: Supreme Court Says Make a new law for regulate Hate Speech its important

Next Story