Top

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ച; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സാധ്യത

സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

7 Jan 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ച; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സാധ്യത
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ചയില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സാധ്യത. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അന്വേഷണ സമിതിയെ സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കാനും കോടതി നിര്‍ദേശം നല്‍കി.

സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബ് രജിസ്ട്രാര്‍ ജനറല്‍ രേഖകള്‍ സൂക്ഷിക്കണം. ഡിജിപിയും എന്‍ഐഎയും തെളിവുകള്‍ ശേഖരിക്കാന്‍ സഹായിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപെടുകയായിരുന്നു. ഹുസൈന്‍വാലയിലെ ദേശീയ രക്താസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് ശേഷം ഫെറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയത്.

ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമുളള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗമാക്കുകയായിരുന്നു. റോഡ് മാര്‍ഗം യാത്ര തിരിച്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഹുസൈന്‍വാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തടഞ്ഞുവെച്ചു. 15 മിനിറ്റ് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ മോദി രോഷാകുലനായാണ് മടങ്ങിയത്. സംഭവത്തില്‍ അതൃപ്തിയറിച്ച പ്രധാനമന്ത്രി, ജീവനോടെ തിരികെയെത്തിയതിന് പഞ്ചാബ് മുഖ്യമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞു.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദര്‍ശിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ സന്ദര്‍ശനം കൂടിയാണിത്. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. ഹോലികോപ്റ്റര്‍ മാര്‍ഗം തീരുമാനിച്ചിരുന്ന യാത്ര റോഡ് മാര്‍ഗമാക്കിയത് ആശയകുഴപ്പമുണ്ടാക്കുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി വ്യക്തമാക്കിയിരുന്നു.

Next Story