ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്ന് മമത; എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍
ബിജെപിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു
2 Sep 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്‍ക്കത്ത: ആര്‍എസ്എസിലുള്ള എല്ലാവരും മോശക്കാരല്ലെന്നും ബിജെപിയെ പിന്തുണക്കാത്ത നിരവധി പേര് ആര്‍എസ്എസില്‍ ഉണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. മമതയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളായ സിപിഐഎം, കോണ്‍ഗ്രസ്, എഐഎംഐഎം എന്നിവര്‍ രംഗത്തുവന്നു.
ആര്‍എസ്എസ് നേരത്തെ അത്ര മോശമായിരുന്നില്ല. അവര്‍ അത്ര മോശക്കാരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആര്‍എസ്എസില്‍ ധാരാളം നല്ല ആളുകളുണ്ട്. ബിജെപിയില്‍ വിശ്വസിക്കാത്ത നിരവധി പേര് ആര്‍എസ്എസില്‍ ഉണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതാ ബാനര്‍ജിയുടെ ഈ വിവാദ പരാമര്‍ശം.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. മമത ആര്‍എസ്എസിന്റെ സന്തതിയാണെന്ന ഇടത് പാര്‍ട്ടികളുടെ നിലപാടിന് മറ്റൊരു തെളിവ് കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2003ലും ആര്‍എസ്എസിനെ മമത ദേശസ്നേഹികള്‍ എന്ന് വിളിച്ചിരുന്നെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി വിമര്‍ശിച്ചു. തിരിച്ച് ദുര്‍ഗയെന്നാണ് മമതയെ ആര്‍എസ്എസ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസുമായി നേരത്തെയും അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ് മമതയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനം. ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് ആര്‍എസ്എസ് വേദിയില്‍ ആവശ്യപ്പെട്ട നേതാവാണ് മമതയെന്നും തനിനിറം വീണ്ടും പുറത്തായെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. അതേസമയം ഉവൈസിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് മമതക്ക് ആവശ്യമില്ലെന്ന് തൃണമൂല്‍ എംപി സൗഗത റോയ് തിരിച്ചടിച്ചു.
എന്നാല്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന നയം മമതയും പാര്‍ട്ടിയും തിരുത്തണമന്ന് ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി ജിഷ്ണു ബസു പറഞ്ഞു. ആര്‍എസ്എസിനും ബിജെപിക്കും മമതയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു ബിജെപി ദേശീയ പ്രസിഡന്റ് ദിലീപ് ഘോഷിന്റെ പ്രതികരണം.
Story highlights: Mamata Banerjee says not everyone in RSS is bad
- TAGS:
- Mamata Banerjee
- RSS
- CPIM
- CONGRESS
- AIMIM