Top

'ബലാത്സം​ഗത്തിന് ഇരയായവരോട് സഹതാപം കാണിക്കുന്നതിന് പകരം അവരിൽ കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നു'; ജസ്റ്റിസ് ഇന്ദിര ബാനർജി

ഇരയെ പരിഹസിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ആളുകൾ സമയം കണ്ടെത്താറുളളത്.

22 March 2022 10:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബലാത്സം​ഗത്തിന് ഇരയായവരോട് സഹതാപം കാണിക്കുന്നതിന് പകരം അവരിൽ കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നു; ജസ്റ്റിസ് ഇന്ദിര ബാനർജി
X

ഡൽഹി: ബലാത്സം​ഗത്തിന് ഇരയായവരിൽ കുറ്റം കണ്ടെത്താനാണ് നമ്മുടെ സമൂഹം എപ്പോഴും ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഇന്ദിര ബാനർജി. ലൈം​ഗിക അതിക്രമത്തിന് ഇരകളായ ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇരകളായവരോട് സഹതാപം കാണിക്കുന്നതിന് പകരം അവരിൽ കുറ്റം കണ്ടെത്താനാണ് ആളുകൾ ശ്രമിക്കാറുളളത്. കുറ്റക്കാരല്ലെങ്കിലും ഇരയെ പരിഹസിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ആളുകൾ സമയം കണ്ടെത്താറുളളത് എന്ന് ഇന്ദിര ബാനർജി പറഞ്ഞു. കർണാടക ഹൈക്കോടതി ശരിവെച്ച പോക്സോ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ പരാമർശം.

കുട്ടികൾക്കെതിരായ ലൈം​ഗിക അതിക്രമം തടയൽ നിയമം 2012 സെക്ഷൻ 23 പ്രകാരം പോക്സോ കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് കർണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. കരാവലി മുൻജാവു പത്രത്തിന്റെ എഡിറ്ററായിരുന്നു ആ കേസിലെ പ്രതി. പീഡനത്തിനിരയായ പതിനാറുകാരിയായ പെൺകുട്ടിയുടെ പേര് പത്രത്തിൽ നൽകിയതിനായിരുന്നു കേസ്.

'സെക്ഷൻ 23(2) പോക്സോ നിയമം പറയുന്നത്, പീഡനത്തിനിരയായ ആളുടെ പേര്, അഡ്രസ്സ്, ഫോട്ടോ, കുടുംബത്തിന്റെ വിവരങ്ങൾ, സ്കൂൾ, തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തരുത് എന്നാണ്. സിആർപിസി സെക്ഷൻ 155(2) പ്രകാരമാണ് കുറ്റാരോപിതനായ ആൾ കേസിൽ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയത്. സെക്ഷൻ 23 പ്രകാരം മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പൊലീസിന് കേസ് അന്വേഷിക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു. അതേസമയം, ഈ വിഷയം പരിഹരിക്കുന്നതിനായി ഉചിതമായ ബെഞ്ച് രൂപീകരിക്കാൻ വിഷയം ചീഫ് ജസ്റ്റിസിന്റെ പരി​ഗണനക്ക് അയച്ചിട്ടുണ്ടെന്ന് ' ജസ്റ്റിസ് ജെകെ മഹേശ്വരി പറഞ്ഞു.

ലൈം​ഗിക അതിക്രമത്തിന് ഇരയായ കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കുട്ടിയുടെ അന്തസ്സിനുളള അവകാശത്തിന്റെ മൗലികമായ ലംഘനമാണെന്നും ജസ്റ്റിസ് ബാനർജി നിരീക്ഷിച്ചു. 'ലൈം​ഗിക അതിക്രമത്തിന് ഇരയായ കുട്ടികളുടെ സ്വകാര്യ വിവ​രങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്നും സംരക്ഷിക്കാൻ സെക്ഷൻ (23) പോക്സോ നിയമത്തിൽ പറയുന്നുണ്ട്. പീഡനത്തിൽ നിന്നും മാനസിക പീഡനം എന്നിവയിൽ നിന്നും സംരക്ഷിക്കണമെന്നത് കർശനമായി നടപ്പാക്കണം. ഈ വ്യവസ്ഥ ഇല്ലാതാക്കാനുളള ശ്രമങ്ങൾ അനുവദിക്കാനാവില്ല. പീഡനത്തിനിരയായ കുട്ടിയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ പ്രത്യേക പരിരക്ഷയും, പരിചരണവും, താമസിപ്പിക്കുന്നതിന് പ്രത്യേക വീടും ആവശ്യമായി വന്നേക്കാമെന്നും' ജഡ്ജി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Justice Indira Banerjee Says societal approach towards rape victims

Next Story