മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; ഗുജറാത്തില്‍ മൂന്ന് പ്രധാന നേതാക്കളിലെ ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
5 Nov 2022 11:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്ക്കോട്ട്: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മൂന്ന് പ്രധാന നേതാക്കളില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജ്ക്കോട്ടില്‍ നിന്നുള്ള പ്രധാന നേതാവായ ഇന്ദ്രാനീല് രാജ്ഗുരുവാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഇസുദാന്‍ ഖദ്വിയാണ് ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയാണ് ഇന്ദ്രാനീല് രാജ്ഗുരു പാര്‍ട്ടി വിട്ടത്. ആംആദ്മി പാര്‍ട്ടിയുടെ ബാനറുകളില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയയുടെയും ഇസുദാന്‍ ഖദ്വിയുടെയും ഒപ്പം ഇടം നേടിയ നേതാവായിരുന്നു ഇന്ദ്രാനീല് രാജ്ഗുരു
ഈ വര്‍ഷം ആദ്യമാണ് ഇന്ദ്രാനീല് രാജ്ഗുരു ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. നേരത്തെ കോണ്‍ഗ്രസിലായിരുന്നു ഇന്ദ്രാനീല് രാജ്ഗുരു. ആംആദ്മി പാര്‍ട്ടി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി രണ്ടക്കം തികക്കില്ല. ബിജെപിയെ വിജയിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്ണ്ണത്തിനാണ് താന്‍ സാക്ഷ്യം വഹിച്ചതെന്നും ഇന്ദ്രാനീല് രാജ്ഗുരു പറഞ്ഞു.
ആംആദ്മി പാര്‍ട്ടി ഇന്ദ്രാനീല് രാജ്ഗുരുവിനെ അദ്ദേഹത്തിന്റെ പണത്തിന് വേണ്ടിയാണ് ഉപയോഗിച്ചതെന്ന് ഇന്ദ്രാനീല് രാജ്ഗുരുവിന്റെ അടുത്ത അനുയായി രാജ്ഭ സാല പറഞ്ഞു.
Story Highlights: Indranil Rajyaguru leaves AAP