Top

ഗുജറാത്തിലും ഹിമാചലിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ; ഗുലാം നബി ആസാദ്

6 Nov 2022 3:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്തിലും ഹിമാചലിലും ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ; ഗുലാം നബി ആസാദ്
X

ശ്രീനഗര്‍: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴീയൂ എന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഡല്‍ഹിയെന്ന കേന്ദ്ര ഭരണ പ്രദേശത്തിന് മാത്രമുള്ള പാര്‍ട്ടി മാത്രമാണ് ആംആദ്മി പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ദശാബ്ദങ്ങളോളം നിണ്ടുനിന്ന ബന്ധം അവസാനിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ആസാദ് കോണ്‍ഗ്രസിനെ കുറിച്ച് നല്ല വാക്കുകള്‍ സംസാരിക്കുന്നത്. മതേതരത്വത്തോടുള്ള കോണ്‍ഗ്രസ് നയത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും എതിര്‍പ്പ് ശോഷിച്ച സംഘടന സംവിധാനത്തോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് മാറിനില്‍ക്കുകയാണ്, അത് എനിക്ക് അവരുടെ മതേതരത്വ നയത്തോട് എതിര്‍പ്പുള്ളത് കൊണ്ടല്ല, സംഘടന സംവിധാനം ശോഷിച്ചതുകൊണ്ടാണ്. ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കണമെന്നാണ് താന്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്കൊന്നും അതിന് കഴിയില്ല', ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയ അദ്ദേഹം പാര്‍ട്ടി എല്ലാവര്‍ക്കും വേണ്ടിയും ഹിന്ദു, മുസ്‌ലിം കര്‍ഷകര്‍ക്ക് വേണ്ടിയും നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു. ആംആദ്മി പാര്‍ട്ടിക്കൊന്നും സംസ്ഥാനങ്ങളില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ പഞ്ചാബില്‍ പരാജയപ്പെട്ടു. പഞ്ചാബിലെ ജനങ്ങള്‍ ഇനി അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

'ഡല്‍ഹിയെന്ന കേന്ദ്രഭരണ പ്രദേശത്തിന് മാത്രം പറ്റുന്ന ഒരു പാര്‍ട്ടിയാണ് ആംആദ്മി പാര്‍ട്ടി. അവര്‍ക്ക് പഞ്ചാബില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസിന് മാത്രമേ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയൂ. കാരണം അവര്‍ക്ക് മാത്രമേ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നയമുള്ളൂ', ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

Story Highlights: Ghulam Nabi Azad on Sunday said that only Congress could challenge BJP in Gujarat and Himachal Pradesh

Next Story