Top

ഡല്‍ഹിയില്‍ പൊലീസുകാരനെ സ്റ്റേഷനില്‍ കയറി തല്ലി; പിടിച്ചു മാറ്റാതെ വീഡിയോ എടുത്ത് സഹപ്രവര്‍ത്തകര്‍

ധാരാളം ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും തന്നെ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല.

6 Aug 2022 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹിയില്‍ പൊലീസുകാരനെ സ്റ്റേഷനില്‍ കയറി തല്ലി; പിടിച്ചു മാറ്റാതെ വീഡിയോ എടുത്ത് സഹപ്രവര്‍ത്തകര്‍
X

ന്യൂഡല്‍ഹി:പൊലീസ് ഉദ്യോഗസ്ഥനെ അക്രമിസംഘം സ്‌റ്റേഷനില്‍ കയറി തല്ലി. ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. 10-12 പേരടങ്ങുന്ന അക്രമി സംഘം സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ നോക്കി നിന്നെന്നും മര്‍ദ്ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും വിമര്‍ശനമുണ്ട്. അക്രമത്തിന്റെ വീഡിയോ പൊലീസുകാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സംഭവം വിവാദമായി.

ആനന്ദ് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് മര്‍ദ്ദനമേറ്റത്. ധാരാളം ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഫോണുകളില്‍ ചിത്രങ്ങളും വീഡിയോകളും ഷൂട്ട് ചെയ്യുന്നതല്ലാതെ ആരും തന്നെ അക്രമികളെ തടയാന്‍ ശ്രമിച്ചില്ല. എന്തിനാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതുവരെ അക്രമികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. പൊലീസുകാരന്‍ ക്ഷമ ചോദിക്കുന്നുണ്ടെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടരുന്നത് വീഡിയോയില്‍ കാണാം.

അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു. ആഗസ്റ്റ് മൂന്നിനാണ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Story Highlights: Delhi police Beaten Inside Police Station, Colleagues who were on duty captured it.

Next Story