'വിവാദം സൃഷ്ടിക്കാൻ നീക്കം'; രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് പ്രതികാര നടപടിയെന്ന് കോൺഗ്രസ്
19 March 2023 9:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഡൽഹി പൊലീസ് നോട്ടീസ് നൽകിയത് വിവാദം സൃഷ്ടിക്കാനാണെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി. പ്രതികാര നടപടിയുടെ ഭാഗമായാണ് പൊലീസ് നോട്ടീസ് നൽകിയത്. പൊലീസിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതല്ലെന്നും മനു അഭിഷേക് സിങ്‌വി പറഞ്ഞു.
'പത്ത് ദിവസത്തിനുളളിൽ മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുളളിൽ മൂന്ന് തവണയാണ് രാഹുലിന്റെ വസതിയിൽ പൊലീസ് എത്തിയത്. വീണ്ടും പൊലീസ് എത്തിയത് വിവാദം സൃഷ്ടിക്കാനാണ്. പൊലീസിന്റെ ഉദ്ദേശ്യശുദ്ധി നല്ലതല്ല. ഭയപ്പെടുത്താനുളള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്, ' മനു അഭിഷേക് സിങ്‌വി പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ആണ് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് കോണ്‍ഗ്രസ് നേതാവിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ ഇതില്‍ പ്രതികരിച്ചിരുന്നില്ല.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. അദാനിയെ സഹായിക്കുന്ന മോദിയുടെ ബന്ധം പുറത്തുകൊണ്ടുവന്നതിലുള്ള അസ്വസ്ഥതയാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്ക് കാരണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരാഴ്ചയായി രാഹുല്‍ ഗാന്ധിക്കെതിരെ നാടകം നടക്കുന്നു. സത്യങ്ങള്‍ തുറന്നു പറയുന്നവരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് പേടിപ്പെടുത്തുകയാണ്. ഇന്ത്യ വെള്ളരിക്കാപ്പട്ടണമാണോ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
ജമ്മു കാശ്മീരില്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്. നിങ്ങള്‍ എന്താണ് നടപടി എടുക്കാത്തതെന്ന് അപ്പോള്‍ തന്നെ രാഹുല്‍ അവരോട് ചോദിക്കുകയും ചെയ്തിരുന്നു. ആ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പരമാവധി പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു കാര്യം മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാനുള്ളൂ, തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് സമാനമാണ് ഇത്. ഇന്ത്യയിലെ കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഇത്തരം സമീപനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല മാത്രമല്ല, ഞങ്ങളെ പേടിപ്പിച്ച് പിന്മാറ്റാമെന്ന് വിചാരിക്കുകയും വേണ്ട. ഇതിലും ശക്തമായി അദാനി വിഷയം ഉന്നയിക്കും. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കുന്നത് വരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
STORY HIGHLIGHTS: Congress says revenge action is taking place against Rahul Gandhi