Top

'ഗോവയില്‍ തങ്ങളുടെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ല'; അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്

9 July 2022 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോവയില്‍ തങ്ങളുടെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരില്ല; അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ്
X

പനാജി: ഗോവയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള എഐസിസി നേതാവ് ദിനേഷ് ഗുണ്ടുറാവു. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നതിന് വേണ്ടി ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് കോണ്‍ഗ്രസ് പ്രതികരണം.

ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുന്ന എംഎല്‍എമാരുടെ മനം മാറ്റുന്നതിന് വേണ്ടിയാണ് ദിനേഷ് ഗുണ്ടുറാവു സംസ്ഥാനത്തെത്തിയിരിക്കുന്നതെന്നാണ് വിവരം. മൂന്ന് മന്ത്രി സ്ഥാനവും മറ്റ് പ്രധാന സ്ഥാനങ്ങളുമാണ് ഈ എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

'ഗോവയില്‍ എല്ലായ്‌പ്പോഴും ഊഹാപോഹങ്ങളാണ്. ഞാനൊന്നും കാണുന്നില്ല. ഈ അഭ്യൂഹങ്ങള്‍ ആദ്യ ദിനം മുതല്‍ തന്നെ ഉണ്ട്. ഊഹാപോഹങ്ങളുടെ മേല്‍ ആവശ്യമില്ലാത്ത സംസാരം നടത്താനില്ല. ഞങ്ങളൊന്നാണ്', ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

'അടുത്ത നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. നിരവധി പ്രശ്‌നങ്ങളുണ്ട് ഗോവയില്‍. നൂറാം ദിനം ആഘോഷിക്കുകയാണ് ബിജെപി. എന്ത് കണ്ടിട്ടാണ് ആഘോഷമെന്ന് തനിക്ക് മനസ്സിലാവുന്നില്ല', ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് സിടി രവി പറഞ്ഞിരുന്നു. 2019ല്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവലേക്കറിന്റെ നേതൃത്വത്തില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Story Highlights: Congress Denies Reports Of Goa MLAs Joining BJP

Next Story

Popular Stories