Top

'ജയിച്ചിട്ടും തൊഴുത്തിൽക്കുത്ത്'; ബിജെപി മുഖ്യമന്ത്രിയുടെ തോൽവിക്ക് പിന്നിലെ 'കേന്ദ്രം' ആര്?

ധാമിയുടെ തോൽവി ബിജെപിക്ക് കനത്ത ക്ഷീണമാവുമെങ്കിലും പ്രാദേശിക തലത്തിൽ നിന്നുയരുന്ന വിമർശനങ്ങൾ മറ്റൊന്നാണ്.

10 March 2022 2:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയിച്ചിട്ടും തൊഴുത്തിൽക്കുത്ത്; ബിജെപി മുഖ്യമന്ത്രിയുടെ തോൽവിക്ക് പിന്നിലെ കേന്ദ്രം ആര്?
X

ഉത്തരാഖണ്ഡിൽ ബിജെപി ഭരണത്തുടർച്ചയുടെ വിജയാഘോഷം തുടരുകയാണെങ്കിലും മുഖ്യമന്ത്രിയുടെ വസതി മൗനത്തിലാണ്. മുഖ്യമന്ത്രിമാർ വാഴാത്ത ഉത്തരാഖണ്ഡെന്ന സ്ഥിരം പല്ലവി ഇത്തവണയും ആവർത്തിച്ചത് അമിത് ഷായുടെ പാളയത്തിനുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. എന്തുകൊണ്ടു തോറ്റുവെന്ന ഉത്തരമില്ലാത്ത ചോദ്യമുനയിലാണ് സംസ്ഥാന നേതൃത്വം.

അദ്ഭുതപൂർവ്വമായ മുന്നേറ്റമുണ്ടാക്കാൻ ഇത്തവണ ബിജെപിക്ക് കഴിഞ്ഞുവെന്ന് പറയാനാകില്ലെങ്കിൽ ഭരണ തുടർച്ച ഉറപ്പുവരുത്താൻ കഴിഞ്ഞുവെന്നത് നേട്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളുമെല്ലാം പരിധി വരെ വിജയിച്ചപ്പോൾ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത് നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ പുഷ്‌കർ സിങ് ധാമിയായിരുന്നു. കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിന് ധാമി തോറ്റമ്പി.

ധാമിയുടെ തോൽവി ബിജെപിക്ക് കനത്ത ക്ഷീണമാവുമെങ്കിലും പ്രാദേശിക തലത്തിൽ നിന്നുയരുന്ന വിമർശനങ്ങൾ മറ്റൊന്നാണ്. സംസ്ഥാന, കേന്ദ്ര നേതൃത്വം ധാമിയുടെ തോൽവിയെ വലിയ ആഘതമായി സ്വീകരിച്ചിട്ടില്ലെന്നാണ് വിമർശനങ്ങളുടെ കാതൽ. പ്രാദേശിക തലങ്ങളിലെ പ്രചരണത്തിൽ പാളിച്ചകൾ സംഭവിച്ചെന്ന് ആരോപിക്കുന്നവർ പാർട്ടിയിൽ കുറവല്ല. അമിത് ഷാ മുതൽ സാക്ഷാൽ നരേന്ദ്ര മോദിക്കു വരെ പഴിചാരൽ. ധാമി മുഖ്യമന്ത്രി കസേരയിലെത്തിയ ശേഷം നേരിട്ട ആദ്യ തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം തൊഴുത്തിൽക്കുത്താണെന്ന് പറഞ്ഞാൽ‌ അധിക പ്രസം​ഗമാവില്ലെന്നും ചില വാദങ്ങളുണ്ട്.

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയുടെ കീഴിലെ ഖത്തിമ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ധാമി ജനവിധി തേടിയത്. മൂന്നാം ഊഴത്തിൽ വിജയമുറപ്പിച്ചായിരുന്നു പ്രചരണം. വമ്പൻ പ്രചാരണ പരിപാടികളൊക്കെ നടന്നെങ്കിലും പ്രാദേശിക തലത്തിലേക്ക് എത്തിയില്ല. 2012ൽ 5394 വോട്ടുകൾക്കും 2017ൽ 2709 വോട്ടിന്റെ ഭൂരിപക്ഷത്തിനും ധാമി വിജയിച്ചു കയറിയ മണ്ഡലത്തില്‍ അടിപതറി. മുഖ്യമന്ത്രി കസേരയിലെത്തിയ ശേഷം വ്യക്തി പ്രഭാവമുണ്ടാക്കാൻ ധാമിക്ക് സാധിച്ചില്ലെന്ന് തോൽവിക്ക് പിന്നാലെ വിമർശനം ഉന്നയിക്കുന്നത് പാർട്ടിയിൽ തന്നെയുണ്ട്.

2017ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന ഹരീഷ് റാവത്ത് ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നു. എന്നാൽ രണ്ടിടത്തും തോറ്റ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കി. 2012 ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. ഈ തോല്‍വികള്‍ക്ക് ശേഷം മുഖ്യമന്ത്രിമാർ വാഴാത്ത ഉത്തരാഖണ്ഡെന്ന അന്ധവിശ്വാസ പേര് സംസ്ഥാനത്തിന് ലഭിച്ചെങ്കിലും രാഷ്ട്രീയ നിരീക്ഷകർ വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ മറ്റൊന്നായിരുന്നു.

മുഖ്യമന്ത്രിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്തതിന് പിന്നില്‍ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുന്നുവെന്നും സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെ 'കാലുവാരല്‍' സജീവമാണെന്നുമാണ് നിരീക്ഷകരുടെ അഭിപ്രായം. പുഷ്‌കർ സിങ് ധാമി നാണക്കേടുണ്ടാക്കുന്ന തോല്‍വി ആവർത്തിക്കുമ്പോൾ ബിജെപിയിലെ ഉൾപ്പോരിന്റെ സൂചനകളാണ് പുറത്തുവരുന്നതെന്ന് ചുരുക്കും.

Story Highlights: BJP's CM candidate Pushkar Singh Dhami loses

Next Story